Posted By: Nri Malayalee
February 4, 2025

സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള എല്ലാ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളും ഈ വര്‍ഷം മാറുമെന്ന് റിപ്പോര്‍ട്ട്. പകരം 14 പുതിയ സേവന കേന്ദ്രങ്ങള്‍ വരും. യുഎഇയിലെ 14 ഇടങ്ങളില്‍ ഏകീകൃത ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെൻ്റര്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ എംബസി വീണ്ടും ആരംഭിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ തന്നെ 14 സ്ഥലങ്ങളില്‍ ശാഖകളുള്ള ഒരു ഏകീകൃത സേവന കേന്ദ്രം ആരംഭിക്കാനാണ് ഇന്ത്യന്‍ മിഷന്‍ പദ്ധതിയിടുന്നത്.
എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ (ഐസിഎസി) നടത്തുന്നതിന് സേവന ദാതാക്കളില്‍ നിന്ന് ബിഡ്ഡുകള്‍ ക്ഷണിച്ചുകൊണ്ട് അബുദാബിയിലെ ഇന്ത്യന്‍ എംബസി ടെന്‍ഡര്‍ തുറന്നു.
യുഎഇയില്‍ താമസിക്കുന്ന നാല് ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വീസ സേവനങ്ങള്‍ തേടുന്ന വിദേശികള്‍ക്കും ഇവിടുത്തെ ഇന്ത്യന്‍ മിഷനുകള്‍ വഴി സേവനം നല്‍കുന്നതിനായി ഐസിഎസിയുടെ 14 ശാഖകള്‍ ഒരുക്കാനാണ് ടെണ്ടര്‍. നിലവില്‍, രണ്ട് വ്യത്യസ്ത സേവന ദാതാക്കളാണ് ഇന്ത്യന്‍ എംബസിക്കായി പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ നല്‍കിവരുന്നത്.
പാസ്പോര്‍ട്ട്, വീസ അപേക്ഷകള്‍ ബിഎല്‍എസ് ഇന്റര്‍നാഷണലും ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഐവിഎസ് ഗ്ലോബലും നല്‍കിവരുന്നു. ചില സേവനങ്ങള്‍ അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും കൈകാര്യം ചെയ്യുന്നു.