Posted By: Nri Malayalee
September 28, 2024
സ്വന്തം ലേഖകൻ: സ്‌കൂള്‍ യൂണിഫോമിന് ചെലവേറുന്നതിനാല്‍ ചില സ്‌കൂളുകള്‍ ഒഴിവാക്കേണ്ട അവസ്ഥയില്‍ മാതാപിതാക്കള്‍. ബ്രിട്ടനിലെ പത്തിലൊന്ന് മാതാപിതാക്കളാണ് സ്‌കൂള്‍ യൂണിഫോമിന്റെ അധിക ചെലവ് മൂലം ചില സ്‌കൂളുകളില്‍ മക്കളെ ചേര്‍ക്കുന്നതില്‍ നിന്നും പിന്‍വാങ്ങുന്നതെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു കുട്ടിക്ക് 442 പൗണ്ട് വരെ സ്‌കൂള്‍ യൂണിഫോം ചെലവുള്ള സ്‌കൂളുകള്‍ രാജ്യത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ക്ലാസിലേക്ക് കുട്ടികളെ വസ്ത്രം നല്‍കി വിടാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി 12 ശതമാനം പേരാണ് സമ്മതിച്ചിരിക്കുന്നത്. എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം പിഇ കിറ്റ് ഉള്‍പ്പെടെ സെക്കന്‍ഡറി സ്‌കൂള്‍ യൂണിഫോമിന് ശരാശരി പ്രതിവര്‍ഷം 442 പൗണ്ടാണ് വേണ്ടിവരുന്നത്.
ഇത് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 343 പൗണ്ടാണ്. ഇതില്‍ രണ്ടിലും പണപ്പെരുപ്പ ആനുപാതികമായി ക്രമപ്പെടുത്തിയിട്ടുണ്ട്. ബ്ലേസറുകള്‍, കോട്ടുകള്‍, ഷൂസ് എന്നിവയാണ് ഏറ്റവും വിലയേറിയ വസ്തുക്കളായി തുടരുന്നത്. 86 ശതമാനം കുട്ടികള്‍ക്കും ഒരു ബ്രാന്റഡ് ഐറ്റമെങ്കിലും ധരിക്കേണ്ടതായി വരുന്നുവെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. ഇതോടെ വിലയേറി സപ്ലയര്‍മാരില്‍ നിന്നും ഇത് വാങ്ങാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതമാകുന്നു.
ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് ബില്ലിലൂടെ ബ്രാന്റഡ് ഐറ്റങ്ങളുടെ ഡിമാന്‍ഡ് പരിമിതപ്പെടുത്താന്‍ പദ്ധതി തയ്യാറാകുന്നതായി എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.