• Sun. Sep 8th, 2024

24×7 Live News

Apdin News

റഷ്യൻ പട്ടാളത്തിൽ കൂടുതൽ മലയാളികൾ?; സഹായം അഭ്യർഥിക്കുന്ന വിഡിയോ പ്രചരിക്കുന്നു – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 1, 2024


Posted By: Nri Malayalee
August 31, 2024

സ്വന്തം ലേഖകൻ: റഷ്യൻ പട്ടാളത്തിൽ ചേർന്ന മലയാളി യുവാക്കൾ സഹായമഭ്യർഥിക്കുന്ന വിഡിയോ പ്രചരിക്കുന്നു. ചാലക്കുടിയിലെ ഏജന്റ് മുഖേന റഷ്യയിലേക്ക് പോയവരുടെ ദൃശ്യമാണ് പ്രചരിക്കുന്നത്. റഷ്യൻ സൈന്യത്തോടൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട തൃശൂർ തൃക്കൂർ സ്വദേശി സന്ദീപിനൊപ്പം പോയവരാണ് ഇവർ.

കൊടകര കനകമല സ്വദേശി സന്തോഷ് ഷൺമുഖൻ, കുട്ടനെല്ലൂർ സ്വദേശി ബിനിൽ, മണലൂർ സ്വദേശി ജെയ്ൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മീയണ്ണൂർ സ്വദേശി സിബി തോമസ് എന്നിവരാണ് സംഘത്തിലുളളത്. നാട്ടിലേക്കു തിരിച്ചെത്താൻ സഹായമഭ്യർഥിക്കുകയാണ് യുവാക്കൾ. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 1200 കിലോ മീറ്ററിലധികം ദൂരമുള്ള ബഹ്മത് എന്ന സ്ഥലത്തെ പട്ടാള ക്യാംപിലാണുള്ളത്.

യുദ്ധമുഖത്ത് തത്കാലം സുരക്ഷിതരാണെങ്കിലും എന്തും സംഭവിക്കാമെന്ന ആശങ്കയിലാണിവർ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇവർ റഷ്യയിലെത്തിയത്. സൈന്യത്തിൽ ചേർന്നതോടെ വിവിധ സ്ഥലങ്ങളിലെ ക്യാംപിലേക്ക് മാറേണ്ടിവന്നു. റഷ്യയിൽ കുടുങ്ങിയ ഉറ്റവരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പലരുടെയും ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്.

റഷ്യയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ – യുക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.

തൃശൂർ തൃക്കൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം റഷ്യയിലെ റോസ്തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം ഭൗതികശരീരം നാട്ടിൽ എത്തിക്കാൻ ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

By admin