റോഡ് പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെക്കണം : രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി.

റോഡുകളുടെ ശോചനീയാവസ്ഥയിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. റോഡ് പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെക്കണമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. കൃത്യമായി നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

റോഡുകൾ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കഴിഞ്ഞ വർഷം കോടതി ഇടപെടലിനെ തുടർന്ന് നന്നാക്കിയ റോഡുകൾ ഈ വർഷം പഴേപടി ആയെന്നും കോടതി നിരീക്ഷിച്ചു. അതേസമയം റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കാൻ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ പറഞ്ഞു. എന്നാൽ ഇത്തരം ന്യായീകരണങ്ങൾ മാറ്റിനിർത്തി, പുതിയ ആശയങ്ങൾ നടപ്പാക്കണമെന്ന് കോടതി തിരിച്ച് മറുപടി നൽകി.