Posted By: Nri Malayalee
September 29, 2024
സ്വന്തം ലേഖകൻ: രാജ്യത്തെ വീസ, തൊഴില്‍, അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് 11,894 വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടിക്കപ്പെട്ട് താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ കഴിയുന്നവരെയാണ് കഴിഞ്ഞ ആഴ്ച സൗദി അധികൃതര്‍ പുറത്താക്കിയതെന്ന് മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവരില്‍ നിരവധി പേര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, നിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ നാനാഭാഗങ്ങളിലെ താമസ ഇടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 15,324 പ്രവാസികളെ പിടികൂടിയതായും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്തിന്റെ താമസ നിയമങ്ങള്‍ ലംഘിച്ച 9,235 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 3,772 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 2317 പേരുമാണ് ഈ കാലയളവില്‍ പിടിയിലായത്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ 20,000ത്തിലേറെ പേര്‍ പിടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ആഴ്ച പിടിക്കപ്പെട്ടവരുടെ എണ്ണം 15,000മായി കുറഞ്ഞിട്ടുണ്ട്. 1226 പേരാണ് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. അവരില്‍ 51 ശതമാനം എത്യോപ്യക്കാരും 48 ശതമാനം യമനികളും ബാക്കി ഒരു ശതമാനം മറ്റു രാജ്യക്കാരുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിച്ച 116 പേരെയും സുരക്ഷാ സേനകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രാലയത്തിന്റെ പ്രതിവാര അപ്‌ഡേറ്റ് അനുസരിച്ച്, സ്ത്രീകള്‍ ഉള്‍പ്പെടെ 6,520 നിയമവിരുദ്ധ താമസക്കാരെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട എംബസികളിലേക്കും കോണ്‍സുലേറ്റുകളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 1,385 നിയമലംഘകര്‍ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് തിരിക്കാന്‍ തയ്യാറെടുത്ത് കഴിയുകയാണെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്തിന്റെ റസിഡന്‍സി, അതിര്‍ത്തി, തൊഴില്‍ ചട്ടങ്ങള്‍ എന്നിവ ലംഘിക്കുന്നവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുകയോ അഭയം നല്‍കുകയോ ജോലി നല്‍കുകയോ ചെയ്ത നാലു പേരെയും പോലിസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ അവര്‍ക്ക് യാത്രാ- താമസ സൗകര്യങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അവര്‍ക്ക് പരമാവധി 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.