
കത്തി, തുപ്പാക്കി, ഗജനി, ഏഴാം അറിവ് തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രങ്ങളുടെ സംവിധായകൻ എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ ചിത്രം സിക്കന്തറിന്റെ ടീസർ പുറത്ത്. ഗജനി, ഹോളിഡേ, അകിര തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം എ.ആർ മുരുഗദോസ് വീണ്ടും സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് സിക്കന്തർ.
ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന സിക്കന്തറിന്റെ ടീസറിൽ ചിത്രത്തിലെ വിവിധ സംഘട്ടന രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, രാശ്‌മിക മന്ദാനയാണ് ചിത്രത്തിൽ സൽമാൻ ഖാന്റെ നായികയാകുന്നത്. ബ്ലോക്ക്ബസ്റ്റർ കിട്ടുകളായ ആനിമൽ, ചാവ എന്നീ ചിത്രങ്ങൾക്ക് ശേഷം രാശ്മിക ഹിന്ദിയിൽ അഭിനയിക്കുന്ന ചിത്രമാണ് സിക്കന്തർ എന്നതും ശ്രദ്ധേയമാണ്.
സിക്കന്തറിൽ തമിഴ് നടൻ സത്യരാജും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനു മുൻപ് സത്യരാജ് ഹിന്ദിയിൽ പ്രത്യക്ഷപ്പെട്ടത് ഷാരൂഖ് കാന്റെ ചെന്നൈ എക്സ്പ്രെസ്സിൽ ആയിരുന്നു. നാദിയാദ്‌വാലാ ഗ്രാൻഡ്‌സൺ എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ സജിത്ത് നദിയാദ്‌വാലയാണ് സിക്കന്തർ നിർമ്മിക്കുന്നത്.

പ്രീതം സംഗീതമൊരുക്കുന്ന ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് സമീർ ആണ്. ഈ വർഷം ഈദ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാൻ ആണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. വരുൺ ധവാൻ ചിത്രം ‘ബേബി ജോണി’ലെ അതിഥി വേഷത്തിൽ ആണ് സൽമാൻ ഖാൻ അവസാനമായി അഭിനയിച്ചത്. ശിവകാർത്തികേയൻ നായകനാകുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് എ.ആർ മുരുഗദോസ് ഇപ്പോൾ. പേരിടാത്ത ചിത്രത്തിന്റെ ഗ്ലിപ്സ് ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം ബിജു മേനോനും, വിധ്യുത് ജംവാലും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.