Posted By: Nri Malayalee
November 29, 2024
സ്വന്തം ലേഖകൻ: കുടിയേറ്റ തൊഴിലാളികളെ ദുരുപയോഗം ചെയ്യപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, വീസ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക്, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ദീര്‍ഘകാല വിലക്ക് ഏര്‍പ്പെടുത്തിയേക്കും. മിനിമം വേതനം നല്‍കാതിരിക്കുക, അതല്ലെങ്കില്‍ വീസ നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനം എന്നിവയ്ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് രണ്ട് വര്‍ഷത്തേക്ക് വിലക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇപ്പോള്‍ പാര്‍ലമെന്റിന് മുന്‍പിലുള്ള, സര്‍ക്കാരിന്റെ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍, നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികളാണ് ശുപാര്‍ശ ചെയ്യുന്നത്. രാജ്യത്തിന്റെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് മൈഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര പറഞ്ഞു. കടുത്ത ശിക്ഷകള്‍ അത്തരക്കാര്‍ അഭിമുഖീകരിക്കേണ്ടി വരും. വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുമെന്നും, നിയമങ്ങള്‍ അനുസരിക്കാത്തവര്‍ വന്‍ വില നല്‍കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. കെയര്‍ മേഖലയിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. യു കെയുടെ ആരോഗ്യ സംരക്ഷണമേഖലയെ സഹായിക്കാന്‍ എത്തുന്നവര്‍, നീതീകരിക്കാനാകാത്ത അരക്ഷിതത്വത്തിലേക്കും കടക്കെണീയിലേക്കും വീണുപോവുകയാണെന്നും അവര്‍ പറഞ്ഞു. ഇത് അനുവദിക്കാന്‍ കഴിയില്ല, ഈ ചൂഷണം അവസാനിപ്പിക്കുക തന്നെ ചെയ്യും എന്നും അവര്‍ പറഞ്ഞു.
ഇതിനു പുറമെ, വീസ സ്പോണ്‍സര്‍ഷിപ്പിന്റെ തുക തൊഴിലുടമകള്‍ വഹിക്കണമെന്നും, അത് തൊഴിലാളികളില്‍ നിന്നും വാങ്ങരുതെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. യുകെ കെയര്‍ മേഖലയില്‍ എത്തുന്ന വിദേശ തൊഴിലാളികള്‍ വലിയ രീതിയില്‍ ചൂഷണത്തിന് വിധേയരാകുന്നതായി ഹോം ഓഫീസും പറയുന്നു. 2022 ജൂലായ് മുതല്‍ ഇതുവരെ ഏകദേശം 450 ഓളം സ്പോണ്‍സര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതിനോടൊപ്പം, സ്പോണ്‍സര്‍ക്ക് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍, മറ്റു ജോലികളിലേക്ക് പോകുന്നതിന് കെയര്‍വര്‍ക്കര്‍മാരെ സഹായിക്കുന്ന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ വീസകള്‍ക്കായിരിക്കും ഈ നിയമം ആദ്യം ബാധകമാവുക. പിന്നീട് മറ്റ് സ്പോണ്‍സേര്‍ഡ് റൂട്ടുകളിലും ഈ നിയമം പ്രാബല്യത്തില്‍ വരും. വര്‍ക്ക് റൈറ്റ്‌സ് സെന്റര്‍ പോലുള്ള അനേകം സംഘടനകള്‍ ഈ നിയമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് തീരെ അപര്യാപ്തമാണെന്നും, കുടിയേറ്റ തൊഴിലാളികളുടെ കഷ്ടതകള്‍ക്ക് അറുതി വരുത്താന്‍ കൂടുതല്‍ നിയമങ്ങള്‍ ആവശ്യമാണെന്നും വിദേശ തൊഴിലാളികളുടെ ക്ഷേമം ലാക്കാക്കി പ്രവൃത്തിക്കുന്ന സംഘടനകള്‍ ആവശ്യപ്പെടുന്നു.