• Thu. Nov 13th, 2025

24×7 Live News

Apdin News

ചെങ്കോട്ട സ്ഫോടനം : ആസൂത്രണം വിദേശത്ത് നിന്ന്

Byadmin

Nov 13, 2025


ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തു നിന്നാണെന്ന നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. സൈനികർ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് ഡൽഹിയിൽ ഉപയോഗിച്ചത്. അമോണിയം നൈട്രേറ്റ് ഉൾപ്പടെയുള്ള വസ്തുക്കൾ സ്ഫോടനത്തിനായി ഉപയോഗിച്ചതായും കണ്ടെത്തി.

സ്ഫോടനത്തിനു മണിക്കൂറുകൾക്കു മുമ്പേ ഫരീദാബാദിൽ അറസ്റ്റിലായവരുമായി ബന്ധമുള്ള ചാവേർ ബോംബർ ഡോ.മുഹമ്മദ് ഉമറാണ് ഡൽഹിയിൽ സ്ഫോടനം നടത്തിയത്. ഫരീദാബാദിൽ നിന്നും 2600 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടികൂടിയിരുന്നു. ഡോക്റ്റർമാർ ഉൾപ്പടെ എട്ടു പേരെ അറസ്റ്റ് ചെയ്ത് 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. അതിനു പിന്നാലെയാണ് തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിൽ സ്ഫോടനം നടന്നത്. ഇതിനുപയോഗിച്ചത് ഉയർന്ന നിലവാരമുള്ള സൈനിക സ്ഫോടക വസ്തുക്കളാണെന്ന് സംശയവും ഇപ്പോൾ അന്വേഷണ സംഘം പ്രകടിപ്പിക്കുന്നുണ്ട്.

ഹ്യൂണ്ടായ് ഐ 20 കാറിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ സ്വഭാവം നിർണയിക്കാൻ ഫോറൻസിക് സംഘങ്ങൾ 42 ഓളം തെളിവുകളാണ് ശേഖരിച്ചത്. കശ്മീർ, ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ജെയ്ഷ്-ഇ- മുഹമ്മദ്, അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള വൈറ്റ്- കോളർ ഭീകരവാദ മൊഡ്യൂളും ഇതിനു പിന്നിൽ പ്രവർത്തിച്ചു.

ചെങ്കോട്ട സ്ഫോടനത്തിനു മുമ്പ് ഈ പ്രതികൾ ഡൽഹിയിൽ ദീപാവലി ദിനത്തിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായും പുതിയ റിപ്പോർട്ട് പുറത്തു വരുന്നു. എന്നാൽ അത് ഉപേക്ഷിക്കുകയായിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച i20 ഹരിയാന നമ്പർ പ്ലേറ്റുള്ള കാറായിരുന്നു. അതിനാൽ ഡൽഹിയിൽ പ്രവേശിക്കുമ്പോൾ പൊലീസ് കാർ പിടിച്ചെടുക്കും എന്നു ഭയന്നാണ് തീവ്രവാദികൾ ഈ കാർ വാങ്ങിയ ഉടനെ കാർ മലിനീകരണ പരിശോധന നടത്തിയത്.

By admin