• Sun. Sep 15th, 2024

24×7 Live News

Apdin News

ജീവിതത്തിലും മരണത്തിലും ഒന്നിച്ചവര്‍ അന്ത്യവിശ്രമത്തിലും ഒരുമിച്ച്; അനില്‍-സോണിയ ദമ്പതികളുടെ സംസ്കാരം ഇന്ന് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 15, 2024


Posted By: Nri Malayalee
September 14, 2024

സ്വന്തം ലേഖകൻ: റെഡ്ഡിച്ചിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി വിടപറഞ്ഞ അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് ഇന്ന് യാത്രാ മൊഴിയേകും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഓര്‍ ലേഡി മൗണ്ട് കാര്‍മ്മല്‍ ആര്‍ സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശുശ്രൂഷകള്‍ക്കും പിന്നാലെ റെഡ്ഡിച്ച് സെമിത്തേരിയിലായിരിക്കും സംസ്‌കാരം. ചടങ്ങുകള്‍ക്ക് ഫാ സാബി മാത്യു കാര്‍മികത്വം വഹിക്കും.

ഓഗസ്റ്റ് 18നായിരുന്നു സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി ഒരു മണിക്കൂര്‍പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവന്‍ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനില്‍ പിറ്റേന്ന് രാത്രി വീടിനു സമീപത്തുള്ള മരത്തില്‍ ജീവനൊടുക്കുകയായിരുന്നു.

മുന്നോട്ടുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. ഡിപെന്‍ഡന്റ് വീസയിലായതിനാല്‍ നാട്ടിലേയ്ക്കു മടങ്ങേണ്ടി വരുമെന്നതും ബാധ്യതകളുമെല്ലാം അദ്ദേഹത്തെ അലട്ടിയിരുന്നു.

‘ഞാന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും’ വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു അനില്‍ ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്.

ഇരുവരുടെയും മരണത്തോടെ മക്കളായ ലിയയും ലൂയിസും തനിച്ചായി. കോട്ടയം വാകത്താനം വലിയപറമ്പില്‍ കുടുംബാംഗമാണ് അനില്‍ ചെറിയാന്‍. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ജീവിതത്തില്‍ ഒരുമിച്ച ഇരുവരും ഒടുവില്‍ മരണത്തിലും ഒരുമിച്ചപ്പോള്‍ തനിച്ചായത് രണ്ടു കുഞ്ഞുങ്ങളാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കരുതലിലും സംരക്ഷണയിലുമാകും തല്‍ക്കാലം ഈ കുഞ്ഞുങ്ങളുടെ ജീവിതം.

By admin