• Fri. Sep 27th, 2024

24×7 Live News

Apdin News

‘ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന’: നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കുടുംബത്തിന് വിട്ടുനൽകും

Byadmin

Sep 26, 2024


72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം അർജുന്റെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനിൽ കുടുങ്ങിയ നിലയിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

ജൂലൈ പതിനാറിന് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. അർജുനൊപ്പം ലോറിയും കാണാതായി. അർജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയെങ്കിലും തുടക്കത്തിൽ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടാകുകയും ചെയ്തതിന് പിന്നാലെ തിരച്ചിൽ നടത്താൻ ഭരണകൂടം തയ്യാറായി.

മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാൽ ലോറി കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് സോണാർ പരിശോധനയിൽ ഗംഗാവലി പുഴയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു. തുടന്ന് അർജുന്റെ മാതാപിതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേർക്കായി തിരച്ചിൽ തുടരും. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരിച്ചിൽ തുടരുക.

By admin