• Thu. Feb 27th, 2025

24×7 Live News

Apdin News

യുക്രെയിനിലെ അപൂര്‍വ ധാതുശേഖരം തരാം; ട്രംപിന് ഓഫറുമായി പുതിൻ; നിലപാട് മയപ്പെടുത്തി സെലൻസ്കി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 27, 2025


Posted By: Nri Malayalee
February 26, 2025

സ്വന്തം ലേഖകൻ: റഷ്യൻ അധിനിവേശ യുക്രെയിനിൽ നിന്നുൾപ്പെടെയുള്ള അപൂര്‍വ ധാതുശേഖരം അമേരിക്കയ്ക്ക് നല്‍കാമെന്ന ഓഫറുമായി റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി യുക്രൈനിലെ ധാതുനിക്ഷേപത്തില്‍ അവകാശം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെയാണ് റഷ്യയുടെ വാഗ്ദാനം.

തിങ്കളാഴ്ച റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പുടിന്‍ തൻ്റെ വാഗ്ദാനം മുന്നോട്ടുവെച്ചത്. യുക്രെയിന്റെ കൈവശമുള്ളതിനേക്കാള്‍ കൂടുതല്‍ അപൂര്‍വ ധാതുക്കളുടെ ശേഖരം റഷ്യയുടെ നിയന്ത്രണത്തിലുണ്ടെന്നും അമേരിക്കയും യുക്രെയിനും തമ്മിലുള്ള ധാതു ഖനന കരാർ യാഥാർത്ഥ്യമായാലും അത് റഷ്യയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൈബീരിയയിലെ ക്രാസ്നോയാസ്‌കില്‍ അമേരിക്കയുമായി ചേര്‍ന്ന് സംയുക്തമായി അലുമിനിയം ഉത്പാദനം നടത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തേ അപൂര്‍വ ധാതുവിഭവങ്ങള്‍ അമേരിക്കയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടുന്നതിനായി ഡോണള്‍ഡ് ട്രംപ് സെലന്‍സ്‌കിയെ അമേരിക്കയില്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാ​ഗമായി യുദ്ധതടവുകാരെ പരസ്പരം കൈമാറണമെന്ന നിർദേശം മുന്നോട്ട് വെച്ച് യുക്രെയിൻ പ്രസിഡൻ്റ് വ്‌ളാഡിമിർ സെലെൻസ്കി. യുക്രൈയിനിലുള്ള റഷ്യൻ തടവുകാരെ വിട്ടയക്കാൻ തങ്ങൾ തയ്യാറാണെന്നും റഷ്യയും സമാനരീതിയിൽ തടവുകാരെ വിട്ടയക്കണമെന്നും സെലെൻസ്കി പറഞ്ഞു. റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ മൂന്നാം വാർഷികവുമായി ബന്ധപ്പെട്ട് കിയേവിൽ നടന്ന ഉന്നതതല സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

‘റഷ്യ തടവിൽ വെച്ചിരിക്കുന്ന യുക്രെയിൻ സ്വദേശികളെ മോചിപ്പിക്കണം. എല്ലാവർക്കും വേണ്ടി എല്ലാ തടവുകാരേയും കൈമാറാൻ യുക്രെയിൻ തയ്യാറാണ്. ഒരു പുതിയ തുടക്കത്തിനുള്ള ശരിയായ മാർ​ഗമാണിത്’, സെലെൻസ്കി പറഞ്ഞു.

‘ഈ വർഷം സത്യമായ, ഏറെക്കാലം നീണ്ടുനിൽക്കുന്ന സമാധാനത്തിന്റെ ശരിയായ തുടക്കമായിരിക്കണം. പുടിൻ നമുക്ക് ഒരിക്കലും സമാധാനം തരില്ല. അഥവാ നമ്മൾ നൽകുന്ന എന്തിനെങ്കിലും പകരമായി അവർ നമുക്ക് സമാധാനം നൽകില്ല. മറിച്ച് സമാധാനത്തെ പോരാട്ടത്തിലൂടെയും കരുത്തിലൂടേയും വേണം സ്വന്തമാക്കാൻ’, അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയിനിലെ ജനങ്ങളുടെ മൂന്ന് വർഷത്തെ പോരാട്ടവീര്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. യുക്രെയ്നിൽ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞ സെലെൻസ്കി രാജ്യത്തെ ചേർത്തുപിടിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു. അതേസമയം ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ സമാധാന ഒത്തുതീർപ്പ് തങ്ങൾക്കും ബോധ്യമായാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നാണ് റഷ്യയുടെ പ്രതികരണം.

By admin