• Mon. Jul 21st, 2025

24×7 Live News

Apdin News

വാൾസ്ട്രീറ്റ് ജേർണലിനെതിരെ 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപിന്റെ മാനനഷ്ടക്കേസ്

Byadmin

Jul 20, 2025





വാഷിങ്ടൺ: വാൾ സ്ട്രീറ്റ് ജേർണലിനും റൂപർട്ട് മാർഡോക്കിനും രണ്ട് റിപ്പോർട്ടർമാർക്കുമെതിരെ മാനഷ്ടക്കേസ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 ബില്യൺ ഡോളർ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. 2003ൽ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് അയച്ച പിറന്നാൾ ആശംസാ കാർഡിൽ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ അയച്ചെന്നുള്ള വാർത്തയ്ക്കെതിരെയാണ് ട്രംപ് കേസ് നൽകിയിരിക്കുന്നത്.

ലേഖനത്തിൽ സംഭവത്തിന് വിശ്വാസ്യത നൽകുന്ന ഒന്നുമില്ലെന്നും റിപ്പോർട്ടർമാർ കത്ത് കണ്ടിട്ടുണ്ടോയെന്നും പരാതിയിൽ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ഫ്ളോറിഡയിലെ സതേൺ ഡിസ്ട്രിക് ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.റിപ്പോർട്ടിനെതിരെ കേസ് കൊടുക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ കേസ് നൽകിയിരിക്കുന്നത്.

കേസ് നൽകിയതിന് ശേഷം ‘പവർഹൗസ്’ കേസ് നൽകിയെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിൽ കുറിച്ചു. ‘തെറ്റായതും, അപകീർത്തിപ്പെടുത്തുന്നതുമായ വാർത്ത നൽകിയ എല്ലാവർക്കുമെതിരെ ‘പവർഹൗസ്’ കേസ് നൽകി. ഈ കേസിൽ റൂപേർട്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മണിക്കൂറുകൾ മൊഴി നൽകേണ്ടി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, അദ്ദേഹം പറഞ്ഞു.

2005-ൽ, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടർന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 2008-ൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. ബാലലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ 2019 ഓഗസ്റ്റിൽ ജയിലിൽ ആത്മഹത്യ ചെയ്തു.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും എപ്സ്റ്റീനുമായി ബന്ധപ്പെട്ട മെറ്റീരിയലുകളുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനങ്ങളും അമേരിക്കൻ ഭരണകൂടം അംഗീകരിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുത്ത രേഖകൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ.



By admin