• Sun. Mar 22nd, 2026

24×7 Live News

Apdin News

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

Byadmin

Mar 22, 2026



കുമരനെല്ലൂരിലെ ‘ദേവായനം’ ആയിരുന്നല്ലോ മഹാകവി അക്കിത്തത്തിന്റെ ഭവനം. ഇവിടെ കവിയുടെ കാല്‍പ്പെരുമാറ്റം നിലച്ചിട്ട് ആറ് വര്‍ഷം. കവികള്‍ മന്ത്രദൃഷ്ടാക്കളും ക്രാന്തദൃഷ്ടികളുമാണല്ലോ. അവര്‍ക്ക് വാക്കുകള്‍ ലഭിക്കുന്നത് ഭാഷയുമായുള്ള കേവലമായ പരിചയത്തില്‍ നിന്നല്ല. അതീന്ദ്രിയമായ ഒരു തലം അതിനുണ്ടാവും. പരിചിതവും പരിമിതവുമായ അര്‍ത്ഥബോധമല്ല ഈ വാക്കുകള്‍ പേറുക. അക്കിത്തം വീടിന് ‘ദേവായനം’ എന്നു പേരിടുമ്പോള്‍ ആത്മീയമായ ഒരു പ്രേരണ അതില്‍ പ്രവര്‍ത്തിച്ചിരിക്കാം. പുണ്യം ചെയ്ത മനുഷ്യരുടെ ആത്മാക്കള്‍ ഐഹിക ജീവിതത്തിലെ ശരീരബന്ധങ്ങളഴിഞ്ഞ് ദേവലോകത്തേക്കാവും യാത്രയാവുകയത്രേ. ആര്‍ജിതപുണ്യം ക്ഷയിക്കുമ്പോള്‍ വീണ്ടും ഭൂമിയില്‍ വന്നുപിറക്കും. അക്കിത്തത്തിന്റെ കാര്യത്തില്‍ ഈ യാത്രകളെ ‘ദേവായനങ്ങള്‍’ എന്നു വിശേഷിപ്പിക്കാം. ഇങ്ങനെ ദേവമാര്‍ഗത്തില്‍ സഞ്ചരിക്കുന്നതിനെക്കുറിച്ച് അക്കിത്തം എഴുതിയിട്ടുമുണ്ട്.

”കൃഷ്ണപ്പരുന്തുപോല്‍ ദ്ദേവ-
മാര്‍ഗ്ഗത്തില്‍ വിഹരിക്കിലും
പൊഴിച്ചീടുന്നു ഞാന്‍ ലോക-
സമസ്തസുഖവൈഖരി.”
കവികള്‍ക്ക് മരണമില്ല. സ്ഥലകാലങ്ങളില്‍ സംഭവിക്കുന്ന ജനനമരണങ്ങളെ കവിഞ്ഞുനില്‍ക്കുന്ന സര്‍ഗാത്മകമായ അസ്തിത്വം അവര്‍ ബാക്കിനിര്‍ത്തുന്നു. അക്കിത്തത്തിന്റെ കവിതകളില്‍ കാലവും മരണവുമൊക്കെ സംഭവിക്കുന്നത് അനുസ്യൂതമായാണ്. കാലത്തിന്റെ പ്രഹേളിക കവിയെ വിസ്മയിപ്പിക്കുന്നില്ല. കാലം എന്ന പ്രതിഭാസത്തെ ഭാരതീയമായ ദര്‍ശനത്തിലൂടെയാണ് കവി സമീപിച്ചിട്ടുള്ളത്.
”കാലം നീലവിശാലശൂന്യത നിറ-
ഞ്ഞേന്തുന്ന രൂപോച്ചലല്‍
ജ്ജാലം, മാനസദൃഷ്ടിഗോചരപര-
ബ്രഹ്‌മപ്രഭാമണ്ഡലം
ആലോചിക്കിലതൊന്നു മാത്രമഖില-
ത്രൈമാന്യസത്യങ്ങള്‍തന്‍
നൂലാനൂലിനെ യംഗവസ്ത്രവടിവില്‍
ചുറ്റട്ടെ ഞാന്‍ ജീവനില്‍.”

മരണവും മധുരോദാരം
പാശ്ചാത്യമായ കാലസങ്കല്‍പ്പം അക്കിത്തത്തിന് പരിചിതമാണെങ്കിലും വേദോപനിഷദ് പ്രോക്തമായ കാലബോധത്തെയാണ് കവി പിന്‍പറ്റുന്നത്. ആത്മീയ സ്രോതസിനെ ആശ്രയിക്കുമ്പോള്‍ മരണവും മധുരോദാരമാവുന്നു. അക്കിത്തം എന്ന കവിയെ മലയാളത്തിന്റെ കാവ്യചരിത്രത്തില്‍ അടയാളപ്പെടുത്തുകയും, സാമൂഹ്യ വിമര്‍ശനത്തിന്റെ തീജ്വാല പടര്‍ത്തുകയും ചെയ്യുന്ന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കവിതയ്‌ക്കപ്പുറം പോകുന്നതാണ് അക്കിത്തത്തിന്റെ അന്തരംഗം.

മരണം അക്കിത്തത്തിന് മുന്‍പില്‍ ഒരു സമസ്യയോ പ്രഹേളികയോ ആയിരുന്നില്ല. മരണം ഭയരഹിതമായി കാണുന്ന നിരവധി കവിതകള്‍ അക്കിത്തം എഴുതിയിട്ടുണ്ട്. ബലിദര്‍ശനം, ഗോര്‍ബച്ചേവ്, മൃഗശാലയില്‍, പൂമ്പാറ്റകള്‍, അച്ഛന്‍ കൃതജ്ഞത പറയുന്നു, തൊഴുത്തിലെ മൗനം, കക്കാടേ നമസ്‌കാരം, മരിച്ചപ്പോള്‍ എന്നീ കവിതകളിലൂടെ രൂപപ്പെട്ട ഈ കവിയുടെ മൃത്യു ദര്‍ശനം പൂര്‍ണ്ണമായും ഭാരതീയമായിരുന്നു. ആത്മാന്വേഷണത്തിന്റെ മാര്‍ഗ്ഗമാണ് കവി അവലംബിക്കുന്നത്. അപ്പോള്‍ ഭയമല്ല, വിശ്രാന്തിയാണ് മരണത്തില്‍ കണ്ടെത്തുന്നത്.

”മരിപ്പീല നാമാരും കുഞ്ഞേ
ഈശ്വര ചൈതന്യത്താല്‍ വിലയിക്കുന്നൂ നമ്മ-
ളീശ്വരന്മാരായ്‌ത്തന്നെ മാറുന്നുവെന്നേയുള്ളൂ
കുപ്പായമഴിച്ചുവെച്ചാലത്തെസ്സുഖം നമ്മള്‍-
ക്കപ്പോഴേ യഥാര്‍ത്ഥത്തില്‍ കിട്ടുകയുള്ളൂ കുഞ്ഞേ.”
ഭഗവദ്ഗീതയിലെയും അദ്ധ്യാത്മരാമായണത്തിലെയും ദര്‍ശനത്തില്‍ മരണം സുതാര്യമായി വ്യാഖ്യാനിക്കപ്പെടുകയാണിവിടെ.

മരണങ്ങളെ നിരന്തരം മറികടന്നുപോകുന്ന ജന്മപരമ്പരകളാണ് കവിക്ക് ജീവിതം. ജീവിതത്തെ പ്രകീര്‍ത്തിച്ച് മരണത്തെ നിസ്സാരവല്‍ക്കരിക്കുകയല്ല, മരണത്തെ അസത്യമെന്നും ജീവിതം മഹാസത്യമെന്നും കണ്ടെത്തുന്നതിലൂടെ മരണത്തിനുതന്നെ മരണം സംഭവിക്കുകയാണ്. മറ്റു പല കവികളും മരണത്തെ അതിജിവിക്കുന്നത് സര്‍ഗാത്മകമായാണ്. കര്‍മ്മപരമ്പരകളുടെ നൈരന്തര്യമോ ആത്മാവിന്റെ അനശ്വരതയോ അവിടെയില്ല. അക്കിത്തം ഇവിടെ വ്യത്യസ്തനാണ്. മൃത്യുബോധത്തില്‍ കുടുങ്ങിക്കിടക്കാതെ മരണത്തെ അനുഭവിച്ച് അമരത്വം പുല്‍കുകയാണ്.
”മരണം മിഥ്യാഭ്രമം
എന്റെ കണ്‍തുറപ്പിച്ച
മകളേ, കൃതജ്ഞത
ചൊല്‍വൂ ഞാന്‍ കണ്ണീരോടെ” എന്നു പാടുമ്പോള്‍ മരണത്തിന്റെ അലംഘനീയതയെ ഭാഷയിലൂടെയും കാവ്യകല്‍പ്പനകളിലൂടെയും മാത്രമല്ല, ദാര്‍ശനികമായുമാണ് കവി അനുഭവിക്കുന്നത്. ‘മൃത്യോര്‍മാ അമൃതം ഗമയാ’ എന്ന ഉപനിഷദ് മന്ത്രത്തെയും, മഹര്‍ഷി അരവിന്ദന്റെ മഹാകാവ്യമായ സാവിത്രിയെയുമാണ് അക്കിത്തം ഇവിടെ പിന്തുടരുന്നത്.

നാടകം തന്നെ ജീവിതം
അക്കിത്തത്തിന്റെ കാവ്യജീവിതത്തെ വ്യക്തിജീവിതത്തില്‍ നിന്ന് വേറിട്ടു കാണാന്‍ കഴിയില്ല. ജീവിതത്തില്‍ അനുഭവിക്കുന്നതാണ് കവിതയില്‍ ആവിഷ്‌കരിക്കുന്നത്. വ്യക്തിയെന്ന നിലയ്‌ക്കും കവിയെന്ന നിലയ്‌ക്കും അക്കിത്തത്തിന്റെ ജീവിതത്തില്‍ നാല് ഘട്ടങ്ങളുള്ളതായി കരുതാവുന്നതാണ്. യോഗക്ഷേമ സഭയിലൂടെയും നാടകത്തിന്റെ വഴിയിലൂടെയും സാമൂഹ്യ പരിഷ്‌കരണത്തിന് ഇറങ്ങിത്തിരിച്ച ആദ്യകാലം. കേവലം പരിഷ്‌കരണമല്ല, വിപ്ലവമാണ് മാറ്റത്തിനു ആവശ്യമെന്നും, അത് അനിവാര്യമെന്നും കരുതിയ കമ്യൂണിസ്റ്റുകാലം. രക്തരൂക്ഷിതമായ വിപ്ലവം മാനവരാശിയെ മോചനത്തിലേക്കല്ല, സര്‍വ്വനാശത്തിലേക്കാണ് നയിക്കുകയെന്ന് തിരിച്ചറിഞ്ഞ ‘ഇതിഹാസ’കാലം. ഇദം ന മമ (ഇത് എന്റേതല്ല) എന്ന ആര്‍ഷമായ ആദര്‍ശത്തിലൂടെ സഞ്ചരിച്ച കാലം.

യോഗക്ഷേമ സഭയുമായി ബന്ധപ്പെട്ടുള്ള അക്കിത്തത്തിന്റെ നാടകകാലം അധികമൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നു തോന്നുന്നു. ”കുമരനെല്ലൂരിലെ വയലുകളില്‍ സ്റ്റേജ് കെട്ടി കളിച്ച തമിഴ് നാടകങ്ങളായിരുന്നു ഞാനാദ്യമായി കണ്ടത്. എനിക്കന്ന് ഏഴോ എട്ടോ വയസ്സേയുള്ളൂ. നിറപ്പകിട്ടാര്‍ന്ന വേഷഭൂഷാദികളോടെ രംഗത്തുവരുന്ന കഥാപാത്രങ്ങളെ കണ്ട് അന്തംവിട്ടിട്ടുണ്ട്. വൈദ്യുതിയില്ല, ഗ്യാസ് ലൈറ്ററിലാണ് പരിപാടി. ഉച്ചഭാഷിണി ഇല്ല. ചിലപ്പോള്‍ നടന്മാര്‍ തന്നെ പാടും. ഇവരുടെ നെടുങ്കന്‍ ഡയലോഗുകള്‍ രാത്രിയുടെ നിശബ്ദത ഭേദിച്ച് അടുത്ത ദേശത്ത് എത്തുമായിരുന്നു” എന്നിങ്ങനെയാണ് അക്കിത്തം തന്റെ നാടകകാലത്തെ ഓര്‍ത്തെടുത്തിട്ടുള്ളത്.

ഓത്തും ചിത്രം വരയുമായി കഴിഞ്ഞിരുന്ന ഈ സ്‌കൂള്‍ കുട്ടി നാടകത്തിന്റെ കാണിയില്‍ നിന്ന് നടനിലേക്ക് വരികയായിരുന്നു. വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകവും, എംആര്‍ബിയുടെ ‘മറക്കുടക്കുള്ളിലെ മഹാനരകം’ എന്ന നാടകവും, പ്രേംജിയുടെ ‘ഋതുമതി’ എന്ന നാടകവും വീണ്ടും അവതരിപ്പിക്കാന്‍ തുടങ്ങി. അക്കാലത്ത് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നതും പുരുഷന്മാര്‍ ആയിരുന്നു. അങ്ങനെ ‘മറക്കുടക്കുള്ളിലെ മഹാനരക’ത്തില്‍ അക്കിത്തത്തിനും ഒരു സ്ത്രീ വേഷം ലഭിച്ചു. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകത്തില്‍ നോവലിസ്റ്റ് ഉറൂബ് ഒരു മുസ്ലിം കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ശ്രീധരന്‍ നായര്‍ എന്ന കഥാപാത്രമായി അക്കിത്തം തിളങ്ങി. അറുപതോളം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചു എന്നറിയുമ്പോള്‍ അതിന്റ പ്രചാരവും അക്കിത്തത്തിന്റെ അഭിനയ മികവും ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. വി.ടിയുടെ ‘കരിഞ്ചന്ത’ എന്ന നാടകത്തിലൂടെയും അക്കിത്തം നടനായി തിളങ്ങി. നാടകം തലയ്‌ക്കു പിടിച്ചപ്പോള്‍ ‘കലിമുഴുത്തു’ എന്നൊരു നാടകവും അക്കിത്തം എഴുതുകയുണ്ടായി.

യോഗക്ഷേമ സഭയിലൂടെ സാമൂഹ്യ പരിഷ്‌കരണത്തിന് ശ്രമിച്ച അക്കിത്തത്തിന്റെ ഇക്കാര്യത്തില്‍ ഗുരു വി.ടി.ഭട്ടതിരിപ്പാടായിരുന്നു. ഇഎംഎസും ഐ.സി.പി. നമ്പൂതിരിപ്പാടുമൊക്കെ സഹയാത്രികരും. ഇക്കാലത്ത് എംആര്‍ബി, ഒളപ്പമണ്ണ, ചിത്രഭാനു, പ്രേംജി എന്നിവര്‍ സംയുക്തമായി രചിച്ച ‘പുറത്തുപോകൂ’ എന്ന നാടകം സമുദായത്തില്‍ ഒരു കൊടുങ്കാറ്റിളക്കിയെന്നു പറയാം. കോവിലകത്ത് സംബന്ധത്തിനു ചെന്ന ഒരു മണ്ടന്‍ നമ്പൂതിരിയെ വിദ്യാസമ്പന്നയായ യുവതി അടിക്കുന്നതാണ് പ്രമേയം. ഈ നാടകത്തിന്റെ അരങ്ങേറ്റത്തിനെത്തിയ മഹാകവി ജി.ശങ്കരക്കുറുപ്പ് അക്കിത്തത്തിന്റെ നാടക വേഷം കണ്ട് അഭിനന്ദിച്ചു. ”കവിത എഴുതുന്ന അക്കിത്തത്തെ അറിയാം, പക്ഷേ അരങ്ങില്‍ കാണുന്നത് ആദ്യമായിട്ടാ” എന്നായിരുന്നു ജിയുടെ വാക്കുകള്‍.

നാടകം കാണാന്‍ ബാലികമാരെ അനുവദിക്കാതിരുന്ന കാലത്ത് പന്ത്രണ്ടുകാരിയായ അനുജത്തിയെ അച്ഛനറിയാതെ ഇരുട്ടില്‍ തപ്പിത്തടഞ്ഞ് പതിനാറുകാരനായ അക്കിത്തം നാടകം കാണാന്‍ കൊണ്ടുപോയിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് തിരസ്‌കാരം
അക്കിത്തത്തിന് തീര്‍ച്ചയായും ഒരു കമ്മ്യൂണിസ്റ്റ് ഭൂതകാലമുണ്ട്. എന്നാല്‍ ഈ ഭൂതകാലം സ്വയം റദ്ദാക്കി പുറത്തുവന്നയാളാണ് അക്കിത്തം. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ ഈ വേര്‍പിരിയലിന്റെ കഥകൂടി പറയുന്നുണ്ട്. ഹിംസയില്‍ വേരോടിയ പ്രത്യയ ശാസ്ത്രം എത്രകണ്ട് മാനവികമാവാന്‍ ശ്രമിച്ചാലും മനുഷ്യനന്മയെ ഉയര്‍ത്തിപ്പിടിക്കാന്‍ അതിന് കഴിയില്ലെന്ന് കവി ഉറച്ചുവിശ്വസിച്ചതിന്റെ ഫലമായിരുന്നു കമ്മ്യൂണിസ്റ്റ് തിരസ്‌കാരം. നൂറ്റാണ്ടുകളുടെ സമരത്തിലൂടെയും സഹനത്തിലൂടെയും ഭാരതം സ്വാതന്ത്ര്യം നേടിയപ്പോള്‍ അത് അംഗീകരിക്കാതെ സായുധ വിപ്ലവത്തിന് ശ്രമിച്ച കല്‍ക്കട്ട തീസിസില്‍ നിന്നുള്ള കുതറിമാറലാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന രചനയിലേക്ക് നയിച്ചതെന്ന് അക്കിത്തം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയം ലോകം തിരിച്ചറിയുന്നതിനും വളരെ മുന്‍പ് ഈ അവസ്ഥ പ്രവചന സ്വഭാവത്തോടെ മഹാകവിയുടെ ഇതിഹാസത്തില്‍ മുഴങ്ങുന്നുണ്ട്. അക്കിത്തത്തോട് ആദരവും ആരാധനയും ഉള്ളവര്‍ പോലും ഇടതുപക്ഷത്തിന്റെ ഗുണഭോക്താക്കളായിരിക്കാന്‍ ബദ്ധപ്പെട്ടതിനാല്‍ കവിയുടെ സത്യം ഏറ്റുപറയാന്‍ മടിച്ചു. ഒടുവില്‍ കവിതന്നെ അത് വിളിച്ചുപറഞ്ഞു. സമത്വ സുന്ദര ലോകം വാഗ്ദാനം നല്‍കുക മാത്രം ചെയ്യുന്ന കമ്മ്യൂണിസത്തില്‍നിന്ന്, സമസ്ത പ്രപഞ്ചത്തിനും സുഖദായകമേകുന്ന സനാതന ധര്‍മ്മത്തിലേക്കാണ് കവി വന്നത്. ഒരര്‍ത്ഥത്തില്‍ ഇതൊരു വീണ്ടെടുപ്പായിരുന്നു. ‘സ്പര്‍ശമണികള്‍’ എന്ന കവിതയില്‍ ഭൗതിക പുരോഗതിയും അതിലൂടെയുള്ള സുഖസമൃദ്ധിയും തേടിയുള്ള പരക്കംപാച്ചിലില്‍ നഷ്ടപ്പെട്ടു പോകുന്ന ഹൃദയനൈര്‍മല്യത്തെ കണ്ടെത്തി കാത്തുസൂക്ഷിക്കണമെന്നാണ് പറയുന്നത്. ഇരുമ്പിനെ സ്വര്‍ണ്ണമാക്കുന്നതാണല്ലോ സ്പര്‍ശമണി.

”മനുഷ്യനാമെന്‍ മനോരോഗത്തിനു
മനുഷ്യമുക്തിയേ മനോജ്ഞമാം ലക്ഷ്യം” എന്നെഴുതിയിട്ടുള്ള അക്കിത്തം ഈ ലക്ഷ്യപൂര്‍ത്തിക്ക് മാര്‍ക്‌സിസം അപര്യാപ്തമാണെന്ന് പറയാനും മടിച്ചിട്ടില്ല. ആരെയും ഒന്നിനെയും തമസ്‌കരിച്ചു കാണാതെ ദാര്‍ശനികമായി പൂരിപ്പിക്കുകയാണ് ഈ കവി ചെയ്യുന്നത്. ”എനിക്ക് ഋഗ്വേദം കാണാപാഠമാണ്. മാര്‍ക്‌സിനുമെത്രയോ മുമ്പ് പറഞ്ഞ സത്യങ്ങള്‍. ‘സമതി സമാനി’ എന്ന ഋഗ്വേദ ഭാഷ കമ്മ്യൂണിസം പറയുന്ന സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളെക്കാള്‍ വലുതാണ്” എന്നാണ് അക്കിത്തം എഴുതിയിട്ടുള്ളത്.
”സമാനമാകട്ടെ മനുഷ്യ മന്ത്രം
സമാനമാകട്ടെ മനുഷ്യ തന്ത്രം
സമാനമാകട്ടെ മനുഷ്യ യന്ത്രം
സമാനമൊന്നേ പരമ സ്വതന്ത്രം.” ഇതിനെക്കാള്‍ വലിയ ഒരു സമത്വചിന്തയില്ലല്ലോ.

തപസ്യയുടെ വാര്‍ഷികോത്സവത്തില്‍ മഹാകവി അക്കിത്തം പ്രസംഗിക്കുന്നു. എന്‍. രാജന്‍ നമ്പി, വി.എം. കൊറാത്ത്, ബി.എം. ഗഫൂര്‍, സി. ജനാര്‍ദ്ദനന്‍, സി. കൃഷ്ണന്‍ മൂസത് വേദിയില്‍

ആത്മഭാവത്തിന്റെ തപസ്യക്കാലം
സനാതന ധര്‍മ്മത്തിന്റെ പാതയിലൂടെയാണ് അക്കിത്തം തപസ്യ കലാസാഹിത്യവേദിയിലേക്ക് വരുന്നത്. പിന്നീട് ആത്മാംശത്തിന്റെ ഭാഗമായി തീര്‍ന്ന ഈ പ്രസ്ഥാനത്തിനൊപ്പം മരണംവരെ മഹാകവി സഞ്ചരിച്ചു. ഇതിനെക്കുറിച്ച് കവിതന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്:

”കോഴിക്കോട്ടെ ഒരു ചെറുസദസ്സില്‍ ‘തപസ്യ’ എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത് തിക്കോടിയനായിരുന്നു. തപസ്യയുടെ കൂടെ സഞ്ചരിക്കാന്‍ കക്കാടും ഉറൂബും കോന്നിയൂര്‍ ആര്‍.നരേന്ദ്രനാഥും കെ.എ. കൊടുങ്ങല്ലൂരും ഉണ്ടായിരുന്നു. ആകാശവാണിയിലെ സഹപ്രവര്‍ത്തകരായിരുന്ന ഇവരുടെ പാത ഞാന്‍ പിന്തുടരാനിടയായത് ഒരിക്കലും യാദൃച്ഛികമല്ല. എനിക്കും തപസ്യക്കും ആത്മഭാവത്തിന്റെ നിയോഗമാണിത്.
”ഏകം സത് വിപ്രാ ബഹുധാ വദന്തി എന്ന സത്യത്തിലേക്ക് ലോകം എത്തിച്ചേരണമെന്നതാണ് ‘തപസ്യ’യുടെ ലക്ഷ്യം. ആര്‍ഷമായ വികാസത്തിലിരുന്നുകൊണ്ട് സ്‌നേഹത്തിന്റെ ഭാഷയില്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്ന സമവായമാണ് ‘തപസ്യ’. ഏതിന്റെ പിന്നില്‍ ദുഃഖമുണ്ടോ, അഗ്നിയുണ്ടോ ആ ‘തപസ്യ’ ഭാരതത്തിന്റെ പുനര്‍നിര്‍മ്മിതിക്കായുള്ള യജ്ഞത്തിലെ ഉദ്ഗീഥമത്രേ; ശാന്തിമന്ത്രമത്രേ.”
പ്രാര്‍ത്ഥന ഉള്‍പ്പെടെ മൂല്യവത്തായ സംഭാവനകള്‍ അക്കിത്തം തപസ്യയ്‌ക്ക് നല്‍കി. മഹര്‍ഷി അരവിന്ദന്റെ വിഖ്യാതമായ ഉത്തരപ്പാറ പ്രസംഗം ഗരിമചോരാതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

തപസ്യയോടൊപ്പം സഞ്ചരിക്കുമ്പോള്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. രാഷ്‌ട്രീയ സ്വയംസേവക സംഘം എന്നത് ഭാരതരാഷ്‌ട്രത്തിന്റെ ‘സ്വരസം’ ആണെന്ന് കാവ്യാത്മകമായി നിര്‍വചിക്കുകയും ചെയ്തു.

ജി.ശങ്കരക്കുറുപ്പ്, എസ്.കെ.പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍ നായര്‍, ഒഎന്‍വി എന്നിവര്‍ക്കു ശേഷമാണ് ഏറെ വൈകി അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത്. പിന്നീട് മാസങ്ങള്‍ മാത്രമാണ് ജീവിച്ചിരുന്നത്. തനിക്ക് ലഭിച്ച അംഗീകാരത്തെക്കുറിച്ച് സ്വയം അധികമൊന്നും പറയാനും, മറ്റുള്ളവര്‍ക്ക് അര്‍ഹമായി ആദരിക്കാനും അവസരം ലഭിക്കാതെ ഒരു മഹാമാരിക്കാലത്തായിരുന്നു മണ്ണില്‍നിന്ന് വിണ്ണിലേക്കുള്ള മഹാകവിയുടെ യാത്ര.

മഹാകവി അക്കിത്തത്തിന്റെ വ്യക്തിജീവിതത്തെയും കാവ്യ ജീവിതത്തെയും പുതുതലമുറയ്‌ക്ക് തെളിമയോടെ പരിചയപ്പെടുത്തേണ്ട അവസരമാണ് ജന്മശതാബ്ദി. അക്കിത്തം അധ്യക്ഷനായിരുന്ന തപസ്യ ഒരു നിയോഗംപോലെ അത് ഏറ്റെടുക്കുന്നു.

By admin