തിരുവനന്തപുരം: ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഭേദഗതി വരുത്തിയത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് തന്നെ ഇതിന് ഉത്തരവിടാന്‍ കഴിയും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മലയോര ജനതയെ ലക്ഷ്യമിട്ടാണ് പുതിയ ബില്ല്. വന്യജീവി അക്രമം തുടർക്കഥയായ കേരളത്തിലെ മലയോരങ്ങളിൽ ജനരോഷം തിളച്ചുമറിയുകയാണ്.
അടുത്ത നിയമസഭാ യോഗത്തില്‍ ബില്‍ അവതരിപ്പിക്കുമെങ്കിലും സങ്കീര്‍ണമായ കടമ്പകളാണ് മുന്നിലുള്ളത്. ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും ഉള്‍പ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലും അംഗീകരിച്ചു.