കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് നിലനില്‍ക്കുമെന്നും കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി ഉത്തരവ്. കേസിന്റെ വിചാരണ തടയാനും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് ഒഴിവാക്കാനും അഗസ്റ്റിൻ സഹോദരന്മാർ നല്‍കിയ ഹർജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടത്. ഈ മാസം 22 മുതല്‍ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് കേസിന്റെ വിചാരണ നടപടികളിലേക്ക് കടക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൂടാതെ, ആറു മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും വിചാരണക്കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വയനാട് മുട്ടിലില്‍ നിന്ന് മുറിച്ച തടികള്‍ കൊണ്ടുവന്ന് എറണാകുളത്തെ കിഴക്കമ്പലത്തുള്ള ‘മലബാർ ടിംമ്പേഴ്സി’ലാണ് വില്‍പന നടത്തിയത്. എന്നാല്‍ തങ്ങളെ വഞ്ചിച്ചാണ് തടികള്‍ വിറ്റതെന്ന് വ്യക്തമാക്കി ടിംബർ ഡിപ്പോ ഉടമയായ അലിയാർ പരാതി നല്‍കുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലമേട് പോലീസാണ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. നിലവില്‍ ഈ കേസിലെ വിചാരണ നടപടികളാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില്‍ ആരംഭിക്കാൻ പോകുന്നത്. കേസിലെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന ഘട്ടമെത്തിയപ്പോള്‍ കോടതിയില്‍ ഹാജരാകാതെ മാറിനില്‍ക്കാനുള്ള നീക്കങ്ങള്‍ പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് അടക്കം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ നേരിട്ട് ഹാജരായി കീഴടങ്ങിയാണ് പ്രതികള്‍ വാറണ്ട് പിൻവലിപ്പിച്ചത്.