
പതിനാലുകിലോമീറ്റര്‍ ചുറ്റളവുളള അരുണാചലപര്‍വ്വതം ശിവന്റെ അഷ്ടലിംഗങ്ങളില്‍ ഒന്നായ അഗ്‌നിലിംഗമായാണ് കണക്കാക്കപ്പെടുന്നത്. അരുണാചലത്തെ കൃതയുഗത്തില്‍ അഗ്‌നിമയമായും ത്രേതായുഗത്തില്‍ മണിമയമായും ദ്വാപരത്തില്‍ സ്വര്‍ണ്ണമയമായും കലിയില്‍ മരതകമയമായും ധ്യാനിക്കണമെന്നാണ് വിധി. ഒരിക്കല്‍ ബ്രഹ്‌മാവും വിഷ്ണുവും തമ്മില്‍ തങ്ങളിലാര്‍ക്കാണ് മഹത്വമെന്ന തര്‍ക്കം ഉണ്ടാവുകയും അവരുടെ അഹന്ത ശമിപ്പിക്കാന്‍ സാക്ഷാല്‍ പരമശിവന്‍ അഗ്‌നിശൈലമായി അവതരിച്ചുവെന്നും ഒരു കഥയുണ്ട്. അഗ്നിശൈലത്തിന്റെ ആരംഭബിന്ദുവും അവസാനബിന്ദുവും അന്വേഷിച്ച ബ്രഹ്‌മാവിനും മഹാവിഷ്ണുവിനും അതു കണ്ടെത്താനായില്ല. ശിവന്റെ ജ്യേതിര്‍ലിംഗമായ ഈ അവതാരമാണ് അരുണാചലമെന്നാണ് വിശ്വാസം.
കാര്‍ത്തിക മഹോത്സവവുമായി ബന്ധപ്പെട്ടും അരുണാചലത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ടും ഒരേ ഐതീഹ്യമാണ് നിലവിലുളളത്.
ബ്രഹ്‌മാവും മഹാവിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കം കാര്‍ത്തികമാസത്തിലാണെന്നും അപ്പോള്‍ അവര്‍ക്കിടയില്‍ ജ്യോതിര്‍ലിംഗമായി ശിവന്‍ അവതരിച്ചു എന്നുമാണ് ഐതീഹ്യം. അതിന്റെ സ്മരണാര്‍ത്ഥമാണ് കാര്‍ത്തികമഹോത്സവം കൊണ്ടാടുന്നത്. ആദ്യലിംഗം അഗ്‌നിരൂപത്തില്‍ പ്രത്യക്ഷമായതുമായി ബന്ധപ്പെട്ടാണ് കാര്‍ത്തികദീപം തെളിയിക്കുന്നതെന്നാണ് വിശ്വാസം. കാര്‍ത്തികദീപം ദര്‍ശിക്കുവാന്‍ ഭക്തലക്ഷങ്ങളാണ് ഇക്കുറിയും തിരുവണ്ണാമലയിലേക്ക് ഒഴുകിയെത്തിയത്.
പത്തുദിവസമാണ് കാര്‍ത്തികമഹോത്സവം. തൃക്കാര്‍ത്തികയായ പത്താം ദിനം വൈകിട്ട് ആറിന് അരുണാചലേശ്വരന്‍ പല്ലക്കില്‍ ക്ഷേത്രത്തിന്റെ പുറത്തേയ്‌ക്ക് എഴുന്നളളുന്നനിമിഷം തന്നെ അരുണഗിരിയുടെ മണിമകുടത്തില്‍ കാര്‍ത്തികദീപം തെളിയിക്കും. അനേകം മൈലുകളോളം ദൃശ്യമാകുന്ന ദീപം ദിവസങ്ങളോളം കത്തിനില്‍ക്കും.
‘അരുണാചലമാഹാത്മ്യ’ത്തിലും ‘ശിവപുരാണ’ത്തിലും ‘ബ്രഹ്‌മാണ്ഡപുരാണ’ത്തിലും ‘സ്‌കന്ദപുരാണ’ത്തിലും ഈ പര്‍വ്വതം ശിവസ്വരൂപം തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. അരുണാചലത്തിന്റെ അന്തര്‍ഭാഗത്ത് അനേകകോടി ബ്രഹ്‌മാണ്ഡങ്ങള്‍ ലയിച്ചുകിടപ്പുണ്ടത്രേ. പുണ്യധാമങ്ങളില്‍ വെച്ചേറ്റവും പുണ്യതരമാണ് അരുണാചലം. അത് ഭൂമിയുടെ ഹൃദയം തന്നെയാണെന്നും പരമശിവന്‍ പരിപൂര്‍ണ്ണനായി ഇവിടെ വസിക്കുന്നുവെന്നും ‘സ്‌കന്ദപുരാണ’ത്തില്‍ കാണുന്നു. അങ്ങനെയുള്ള അരുണാചലത്തെ സ്മരിച്ചാല്‍ തന്നെ മുക്തി ലഭിക്കുമെന്നാണ്.
ആധുനിക കാലത്തെ അവധൂതരില്‍ പ്രമുഖനായ രമണമഹര്‍ഷി അരുണാചലത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് അരുണാചല അക്ഷരമണിമാല, അരുണാചല നവമണിമാല, അരുണാചല പതികം, അരുണാചല അഷ്ടകം, അരുണാചല പഞ്ചരത്‌നം എന്നിങ്ങനെ അഞ്ചു സ്‌തോത്രങ്ങള്‍ രചിച്ചിട്ടുണ്ട്.
”യുഗാന്ത്യത്തില്‍ ചതുര്‍ സമുദ്രങ്ങളും ക്ഷോഭിച്ച് ലോകത്തെ ആമഗ്നമാക്കിയാലും അരുണാചലം ഉയര്‍ന്നു നില്‍ക്കും. പുഷ്‌ക്കരം മുതലായ മഹാമേഘങ്ങള്‍ പോലും അന്ന് അരുണാചല ശിഖരികളില്‍ വിശ്രമിക്കും. എല്ലാ ജീവജാലങ്ങളും നശിച്ചാലും അവ ബീജരൂപത്തില്‍ ഇവിടെയുണ്ടാകും. പ്രളയാനന്തരം അരുണാചലസേവ ചെയ്യുന്ന ബ്രഹ്‌മവിത്തുകളിലൂടെ വേദങ്ങളും വിദ്യകളും കലകളും ശാസ്ത്രങ്ങളും ആഗമങ്ങളും വീണ്ടും പ്രദാനം ചെയ്യപ്പെടും” എന്ന് സ്‌കന്ദപുരാണത്തില്‍ പറയുന്നു.
അരുണാചല ഗുഹകളില്‍ വസിക്കുന്ന താപസര്‍ കോടി ആദിത്യന്മാര്‍ക്കു തുല്യം പ്രശോഭിക്കുന്നു. സിദ്ധരും ദേവന്മാരുമെല്ലാം ഇവിടേക്ക് വരുന്നു. ഇപ്രകാരം ഭക്തിയും അഭീഷ്ടവരവും പ്രദാനം ചെയ്യുന്ന ഈ അരുണാചലം അതിപുണ്യപരിപാകം നിറഞ്ഞതാകുന്നു.
അരുണാചലത്തിനു ചുറ്റും രണ്ട് യോജന വരുന്ന പ്രദേശം അറിയപ്പെടുന്നത് ശിവഭൂമി എന്നാണ്. അവിടെ എത്തുന്നവര്‍ക്ക് മുക്തി ഉറപ്പ്. സപ്തര്‍ഷികള്‍ക്കും പണ്ട് ഈ മഹാഗിരി ശാപമോക്ഷമേകിയിട്ടുണ്ട്. അവര്‍ നിര്‍മ്മിച്ച തീര്‍ത്ഥവും ഇവിടെയുണ്ട്. അഷ്ടദിക്പാലകന്മാര്‍ സ്ഥാപിച്ച അഷ്ടലിംഗങ്ങളുള്ള അരുണാചലത്തില്‍ അഗ്‌നി, ഇന്ദ്രന്‍, സൂര്യന്‍, രുദ്രന്‍, വിഷ്ണു, ബാലഖില്യന്മാര്‍, അശ്വനിദേവന്മാര്‍ എന്നിവരുടെ തീര്‍ത്ഥങ്ങളുമുണ്ട്.
സൂര്യന്‍, വിശ്വാമിത്രന്‍, വരുണന്‍, ത്രിശൂലം എന്നീ ദേവതകള്‍ അരുണാചലത്തിന്റെ നാല് അതിരുകളെയും പരിരക്ഷിക്കുന്നു. രക്തവര്‍ണമായ ഈ അചലത്തിന്റെ വടക്കുവശത്തെ വടവൃക്ഷത്തിനു ചുവട്ടിലാണേ്രത സിദ്ധവേഷത്തില്‍ മഹാദേവന്‍ വസിക്കുന്നത്.
ഇതു ശരിവെക്കുന്ന രീതിയില്‍ ഒരു അനുഭവം രമണമഹര്‍ഷിയുടേതായുണ്ട്. അതിങ്ങനെ:
”ഒരിക്കല്‍ ലക്ഷ്യമില്ലാതെ തിരുവണ്ണാമലയിലൂടെ നടക്കുമ്പോള്‍ മുന്നില്‍ ഞാന്‍ വലിയൊരു ഗുഹ കണ്ടു. അതിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ അനേകം ജലധാരകളും മനോജ്ഞമായ പൂന്തോപ്പുകളും അവയ്‌ക്കിടയില്‍ ദിവ്യവാരികളും ഭവ്യപ്രകാശവും കണ്ടു. അവിടുത്തെ നടപ്പാതകളല്ലാം അതിമനോഹരമായിരുന്നു. ഓരോ കാഴ്ചയും അതിരസകരവും അത്യദ്ഭുതകരവുമായിരുന്നു. ഗുഹയ്‌ക്കളളിലേയ്‌ക്കു ഞാന്‍ ചെന്നപ്പോള്‍ അവിടെ ഒരു വടവൃക്ഷത്തിന്‍ ചോട്ടില്‍ ദക്ഷിണാമൂര്‍ത്തി എന്നു തോന്നിപ്പിക്കുന്ന ഒരു സിദ്ധപുരുഷനും മണ്ഡലാകൃതിയിലുള്ള വടവൃക്ഷച്ഛായയില്‍ അദ്ദേഹത്തിനു ചുറ്റും വേറെയും ഒട്ടേറെ ദിവ്യന്മാരും സംഭാഷണം നടത്തുന്നതായി കണ്ടു. അവരെല്ലാം ആ സിദ്ധപുരുഷനോട് തങ്ങളുടെ സംശയങ്ങള്‍ നിവര്‍ത്തിക്കുകയിരുന്നു. ദക്ഷിണാമൂര്‍ത്തി എന്നു തോന്നിക്കുന്ന ആ ദിവ്യസിദ്ധര്‍ അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കുന്നുണ്ടായിരുന്നു. ആ സ്ഥലം അപ്പോള്‍ എനിക്കു വളരെ പരിചിതമായിത്തോന്നി.”
അടിഅണ്ണാമലൈ ക്ഷേത്ര പുനരുദ്ധാരണ സമയത്ത് ക്ഷേത്ര ഗര്‍ഭഗൃഹത്തില്‍ നിന്ന് അരുണഗിരിയുടെ ഹൃദയാന്തര്‍ഭാഗത്തേക്ക് ഒരു തുരങ്കം കണ്ടെത്തിയതും അരുണാചലത്തെപ്പറ്റിയുള്ള പുരാണ പ്രതിപാദ്യങ്ങള്‍ സത്യമമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരുപക്ഷേ രമണ മഹര്‍ഷി കണ്ട ഗുഹാസ്ഥലിയിലേക്കുളള മാര്‍ഗമാവാം ആ തുരങ്കം എന്നു കരുതാം.
ഇതേപോലെയുള്ള പല ദിവ്യദര്‍ശനങ്ങളും തനിക്ക് മറ്റു പലകാലങ്ങളിലും ഉണ്ടായതായി രമണമഹര്‍ഷി പറഞ്ഞിട്ടുണ്ട്. അതില്‍ ഒന്ന് ഇങ്ങനെ:
”അടുത്തകാലത്ത് ഞാന്‍ പതിവുപോലെ കുന്നിന്‍ മുകളിലേക്കു പോവുകയായിരുന്നു. അവിടെ ഒരു പടവിന്റെ അടുത്തെത്തിയപ്പോള്‍ ഒരു മായാനഗരം പ്രത്യക്ഷമായി. അതില്‍ നിറയെ ബൃഹദ് ഹര്‍മ്മ്യങ്ങളായിരുന്നു. അവിടെയും മനോഹര നടപ്പാതകളും ദിവ്യവെളിച്ചവും ഉണ്ടായിരുന്നു. അതിമഹത്തായൊരു പുരാതന പുരി പോലെ ആയിരുന്നു അത്.”
രമണ മഹര്‍ഷിയുടെ ഈ വിവരണം കേട്ടിരുന്ന ഒരു ഭക്തന്‍ ”ഇതെല്ലാം സ്വപ്‌നമായിരുന്നോ? എന്നു ചോദിച്ചപ്പോള്‍ മഹര്‍ഷിയുടെ മറുപടി ഇങ്ങനെയായിരുന്നു:
”അതു തഥ്യയോ മിഥ്യയോ സ്വപ്‌നമോ ജാഗ്രത്തോ എന്ന് എനിക്കറിയില്ല. അല്ലെങ്കില്‍ ഏതാണു വാസ്തവം? ഏതാണു സ്വപ്‌നം?”
ശ്രീനാരയണ ഗുരുദേവന്റെ ‘സദാശിവദര്‍ശന’ത്തില്‍ അരുണാചലത്തെക്കുറിച്ച് ഇങ്ങനെ വാഴ്‌ത്തുന്നു:
”അടിക്കു പന്നിപോയി
നിന്മുടിക്കൊരന്നവും പറ-
ന്നടത്തു കണ്ടതില്ലനിന്നെ
യിന്നുമഗ്‌നിശൈലമേ,
എടുത്തു നീ വിഴുങ്ങിയെെ
ന്നയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ
നായകാ നമോ നമഃ”
രമണമഹര്‍ഷിയെ അരുണാചലത്തില്‍ എത്തി സന്ദര്‍ശിച്ചിട്ടുള്ള ഗുരുദേവനും ഈ അഗ്നിശൈലത്തിന്റെ മാഹാത്മ്യാതിരികത്തെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടായിരുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നു ഈ വരികള്‍.
കൈലാസം ശിവന്റെ ഇരിപ്പിടമെങ്കില്‍ അരുണാചലം സാക്ഷാല്‍ ശിവന്‍ തന്നെയെന്നു പറയപ്പെടുന്നു. മഹിഷാസുരവധത്തിന് പാര്‍വ്വതീദേവി ദുര്‍ഗ്ഗാരൂപം കൈക്കൊണ്ടതും ഈ ദിവ്യമലയില്‍ വെച്ചാണത്രേ.
ശൈവര്‍ക്ക് ഇത് അഗ്നി ലിംഗമെങ്കില്‍ വൈഷ്ണവര്‍ അരുണാചലത്തെ സുദര്‍ശന ചക്രമായി കരുതിയാണ് ആരാധിക്കുന്നത്.
”ബ്രഹ്‌മാവിനും വിഷ്ണുവിനും എത്തിച്ചേരാനാകാത്ത ഇടമാണ് അണ്ണാമല. വാക്കിനും മനസ്സിനും അതീതമായ ജ്യോതിസ്വരൂപം എന്നാണ് അതിന്റെ അര്‍ത്ഥം. മനുഷ്യദൃഷ്ടിക്കാണ് ഈ മഹാമല വെറും കല്ലും മണ്ണും മാത്രമായി തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് ജ്യോതിസ്വരൂപമാണ്.’ രമണമഹര്‍ഷി യുടെ ഈ വാക്കുകള്‍ മാത്രം മതി ഈ ദിവ്യാചലത്തിന്റെ മഹിമയും ഗരിമയും ബോധ്യമാകാന്‍ തൃക്കാര്‍ത്തിക ദീപം തെളിയുന്ന നാളിലും എല്ലാ പൗര്‍ണമികളിലും അരുണാചലത്തിനു ചുറ്റുപ്രദക്ഷിണം ചെയ്യുന്നത് അതിവിശേഷമായി കരുതപ്പെടുന്നു. ഗിരിവലം എന്നാണ് ഈ പ്രദക്ഷിണം അറിയപ്പെടുന്നത്. നിത്യവും ഗിരിവലം ചെയ്യുന്ന ഭക്തരും ഏറെയുണ്ട്. അരുണാചലത്തിന്റെ പ്രദക്ഷിണമഹാത്മ്യത്തെക്കുറിച്ചും ‘സ്‌കന്ദപുരാണ’ത്തില്‍ വിശദമായ പ്രതിപാദ്യമുണ്ട്.
”അരുണാചലത്തിന് ഓരോ പദം വയ്‌ക്കുമ്പോഴും ജന്മമാന്തര കൃതങ്ങളായ പാപങ്ങള്‍ പോലും നശിക്കുന്നു. ആയിരം അശ്വമേധവും പതിനായിരം വാജപേയവും ചെയ്ത പുണ്യഫലം അരുണാചലത്തിന്റെ ഒരു പ്രദക്ഷിണത്തിലൂടെ ലഭിക്കുന്നു. എല്ലാ തീര്‍ത്ഥങ്ങളും സേവിച്ച പുണ്യവും യജ്ഞധര്‍മ്മവും ഒരുപോലെ ശോണാദ്രീശിവന്റെ പ്രദക്ഷിണത്തില്‍ ലഭിക്കും. ആദ്യകാല്‍ വയ്‌പില്‍ മനോപാപവും രണ്ടാമത്തേതില്‍ വാചികപാപവും മൂന്നാമത്തേതില്‍ കായപാപവും വിട്ടകലുന്നു. അഗ്‌നിസ്തംഭമായ അരുണഗിരിയെ മനസ്സില്‍ ധ്യാനിച്ച് മന്ദമായി പ്രദക്ഷിണം ചെയ്താല്‍ പൂര്‍വ്വജന്മകൃതമായ പാപങ്ങള്‍ പോലും പരിപൂര്‍ണമായി നശിക്കുമെന്നാണ്.
പൂര്‍ണഗര്‍ഭിണിയുടെ നടപ്പുപോലെ മന്ദമന്ദം കാലൊച്ചപോലും കേള്‍പ്പിക്കാതെ, കുളിച്ച് ശുദ്ധമായി ഭസ്മലേപനം ചെയ്തു രുദ്രാക്ഷം ധരിച്ചു വേണം അരുണാചലത്തെ വലംവെക്കാന്‍. ഗിരിവലം നടത്തുമ്പോള്‍ നമുക്കൊപ്പം മനുക്കളും ദേവന്മാരും സിദ്ധന്മാരും വായുരൂപികളും ഉണ്ടാവുമെന്നറിയണം. അവര്‍ക്കാര്‍ക്കും മാര്‍ഗതടസ്സം ഉണ്ടാകാതെ വേണം നമ്മുടെ പ്രദക്ഷിണം. ശിവഗീതികള്‍ പാടി നൃത്തം ചെയ്തും പ്രദക്ഷിണമാകാം. ഗിരിവലം ചെയ്യുന്നവര്‍ യഥാവിധി ദാനവും ചെയ്യണം. അരുണാചലത്തെ പ്രദക്ഷിണം ചെയ്യുന്നവരുടെ പാദരേണുക്കള്‍ പോലും ജരാമരണങ്ങളെ നശിപ്പിക്കുമെന്നാണ് വിശ്വാസം.
വ്യാധിപീഡിതരും ദുഷ്‌കര്‍മ്മികളും അരുണാചലത്തെ പ്രദക്ഷിണം ചെയ്തു സുകൃതികളാകുന്നു. അരുണാചലത്തെ പ്രദക്ഷിണം വച്ചാല്‍ ത്രൈലോക്യത്തെ പ്രദക്ഷിണം വച്ച ഫലം ലഭിക്കുന്നു. ലോകേശരും ദിഗ്ഗീശന്മാരുമെല്ലാം ഈ ദിവ്യഗിരിയെ പ്രദക്ഷിണം ചെയ്താണ് അവരുടെ സ്ഥാനങ്ങളില്‍ സ്ഥിരമായത്. ഉത്തരായണകാലത്ത് ഗണങ്ങളോടും ദേവന്മാരോടും കൂടി ഭൂമി അതിന്റെ അച്ചുതണ്ടിലെന്നപോലെ അരുണാചലം സ്വയം പ്രദക്ഷിണം ചെയ്യുന്നു.കാര്‍ത്തിക മാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ദേവി പാര്‍വ്വതി തിരുവണ്ണാമലയെ പ്രദക്ഷിണം ചെയ്യും. ആ സമയത്ത് എല്ലാ ദോവയോനികള്‍ക്കും ഇവിടെ സംഗമം വരും. അപ്പോള്‍ അചലപൂജ ചെയ്യുന്നവര്‍ സമസ്തജന്മങ്ങളിലേയും പാപത്തിന് പ്രായശ്ചിത്തം ചെയ്തവരായിത്തീരുന്നു. വാഹനങ്ങളില്‍ ഒരിക്കലും ഗിരിവലം ചെയ്യരുത് എന്നാണു വിധി. ഒരിക്കല്‍ ഒരു പണ്ഡിതന്‍ ഗിരിപ്രദക്ഷിണ മഹാത്മ്യത്തെക്കുറിച്ച് രമണ മഹര്‍ഷിയോടു ചോദിച്ചു. മഹര്‍ഷിയുടെ മറുപടി ഇങ്ങനെയായിരുന്നു:
”ഗിരിപ്രദക്ഷിണം ചെയ്യുന്നത് എല്ലാവര്‍ക്കും നല്ലതാണ്. പ്രദക്ഷിണത്തില്‍ വിശ്വസമുണ്ടോ ഇല്ലയോ എന്നതല്ല പ്രധാനം. വിശ്വസമുണ്ടായാലും ഇല്ലെങ്കിലും തീ എങ്ങനെയാണോ തന്നെത്തൊടുന്ന എല്ലാവരെയും പൊളളിക്കുന്നത്, അതുപോലെ വിശ്വാസിക്കും അവിശ്വാസിക്കും പ്രദക്ഷിണം നന്മയേകുന്നു.”
അരുണഗിരി, ശോണാദ്രി, അരുണാചലം എന്നിങ്ങനെ വിവിധപേരുകളില്‍ അറിയപ്പെടുന്ന ഈ ദിവ്യമല തമിഴ്‌നാട്ടിലെ ആര്‍ക്കോടു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
എസ്‌കെകെ