• Wed. May 21st, 2025

24×7 Live News

Apdin News

അഗ്നി ഭീതിയിലെ കോഴിക്കോട്

Byadmin

May 21, 2025


ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

By admin