തായ്‌ലന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പയേതുങ്താന്‍ ഷിനവത്രയെ പുറത്താക്കി തായ്‌ലന്റ് ഭരണഘടനാ കോടതി. കംബോഡിയന്‍ പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ധാര്‍മികതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് പയേതുങ്താന്‍ ഷിനവത്രയെ പുറത്താക്കിയത്.
പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും രാജ്യത്തെക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കാണ് പരിഗണന നല്‍കിയതെന്നും കോടതി വിലയിരുത്തി. ജൂണില്‍ പയേതുങ്താന്‍ ഷിനവത്ര കംബോഡിയന്‍ സെനറ്റ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ഹുന്‍ സായെനിയെ ഫോണ്‍ സംഭാഷണത്തിനിടെ ‘അങ്കിള്‍’ എന്നു വിളിച്ചതും തായ് സൈനിക നേതാവിനെ വിമര്‍ശിച്ചതുമാണ് വിവാദമായത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ കംബോഡയന്‍ നേതാവ് ഹുന്‍ സായെന്‍ പുറത്തുവിട്ടതോടെ തായ്‌ലന്റില്‍ പ്രതിഷേധം ഉയര്‍ന്നു.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സമയത്ത് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ദേശീയ താല്‍പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് വിമര്‍ശകര്‍ വാദിച്ചു. സൈന്യത്തെ അപമനിച്ചെന്ന് ആരോപിച്ച് ഘടകക്ഷികള്‍ മന്ത്രിസഭ വിട്ടതോടെ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. പുതിയ പ്രധാനമന്ത്രിയെ സഭ തിരഞ്ഞെടുക്കുന്നതുവരെ ഉപപ്രധാനമന്ത്രി ഫുംതം വെച്ചായാചായ് ചുമതല വഹിക്കും.