• Wed. Jul 15th, 2026

24×7 Live News

Apdin News

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Byadmin

Jul 15, 2026


പുനലൂര്‍: കോടികള്‍ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ആശുപത്രി കെട്ടിടം, ആവശ്യത്തിന് മരുന്നുകള്‍, വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവയൊക്കെ ഉണ്ടായിട്ടും ചികിത്സ ലഭിക്കാതെ ദുരിതത്തിലാകുകയാണ് അച്ചന്‍കോവില്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്ന രോഗികള്‍. വനമേഖലയായ അച്ചന്‍കോവിലിലെയും പരിസര പ്രദേശങ്ങളിലെയും വനവാസി ജനവിഭാഗം ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയ്‌ക്കായി കിലോമീറ്ററുകള്‍ താണ്ടി പുനലൂരിലെ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

മൂന്നര വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ ഏകദേശം 3.5 കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളുള്ള കുടുംബാരോഗ്യ കേന്ദ്രം നിര്‍മിച്ചത്. ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും ഒരാള്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് എത്തുന്നത്. മറ്റൊരു ഡോക്ടര്‍ ദിവസവും രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് രണ്ട് മണിവരെ മാത്രമാണ് സേവനം നല്‍കുന്നത്. ഇതോടെ ഉച്ചയ്‌ക്കുശേഷം ചികിത്സ തേടിയെത്തുന്നവര്‍ നിരാശരായി മടങ്ങുകയോ, അടിയന്തര സാഹചര്യങ്ങളില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് പോകുകയോ ചെയ്യേണ്ടിവരുന്നു.

നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, അക്കൗണ്ടന്റ് തുടങ്ങി മറ്റ് ജീവനക്കാര്‍ ആശുപത്രിയിലുണ്ടെങ്കിലും ഡോക്ടറിന്റെ സേവനം പരിമിതമായതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. മരുന്നുകള്‍ക്കും ക്ഷാമമില്ലെങ്കിലും രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്.
സ്വന്തമായി വാഹനമില്ലാത്ത രോഗികള്‍ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് പുനലൂരിലെത്താന്‍ ഏകദേശം 1,800 രൂപ വരെ ചെലവഴിക്കേണ്ടി വരുന്നതായും നാട്ടുകാര്‍ പറയുന്നു. ആശുപത്രിയിലെ ആംബുലന്‍സ് കഴിഞ്ഞ അഞ്ച് മാസമായി തകരാറിലായതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ പോലും രോഗികളെ മാറ്റിപ്പാര്‍പ്പിക്കുന്നത് പ്രതിസന്ധിയിലാണ്.

ആശുപത്രി ജീവനക്കാര്‍ വൈകിട്ട് നാല് മണിവരെ സേവനത്തിലുണ്ടെങ്കിലും ഉച്ചയ്‌ക്ക് ശേഷമുള്ള ഡോക്ടര്‍ സേവനം ഇല്ലാത്തതിനാല്‍ ചികിത്സ മുടങ്ങുകയാണ്. മുകള്‍നിലയിലേക്ക് സ്ഥാപിച്ച ലിഫ്റ്റ് എട്ട് മാസം മാത്രം പ്രവര്‍ത്തിച്ചശേഷം നിലച്ചതായും, ലാബ് സേവനവും കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസസൗകര്യങ്ങള്‍ ആശുപത്രി കോമ്പൗണ്ടില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ നിയമനങ്ങള്‍ നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പൂര്‍ണസമയ ഡോക്ടര്‍ സേവനം ഉറപ്പാക്കി ആശുപത്രിയെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വനമേഖലയായ അച്ചന്‍കോവിലില്‍ രാത്രികാലങ്ങളില്‍ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ രാത്രിയില്‍ പുനലൂരിലേക്ക് എത്തിക്കുന്നത് അതീവ അപകടകരവും ദുഷ്‌കരവുമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അച്ചന്‍കോവില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ ചികിത്സയും സ്ഥിരം ഡോക്ടര്‍ സേവനവും അടിയന്തരമായി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.



By admin