
ശ്രീനിവാസന്റെ മരണശേഷം പങ്കെടുത്ത ആദ്യപരിപാടിയില്‍ മനസ് തുറന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വന്നുടനെ തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കും എന്ന് കരുതരുതെന്നും സത്യം പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ അങ്ങനെ ഒരു മാനസികാവസ്ഥയിലല്ലെന്നും ധ്യാന്‍ പറഞ്ഞു. പരിപാടിയുടെ ഉദ്ദേശശുദ്ധി കണക്കിലെടുത്താണ് താന്‍ വന്നതെന്നും ധ്യാന്‍ പറഞ്ഞു. ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക ചടങ്ങിൽ പങ്കെടുത്താണ് താരം സംസാരിച്ചത്.
‘അച്ഛൻ പോയിട്ട് ഇപ്പോൾ ഒന്നര മാസം കഴിഞ്ഞതേയുള്ളൂ. പക്ഷേ, ഇങ്ങനെ ഒരു പരിപാടിയുടെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് വരണം എന്നുണ്ടായിരുന്നു. അച്ഛൻ പോയതിനു ശേഷമുള്ള എന്റെ ആദ്യത്തെ പൊതുപരിപാടിയാണിത്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു കാര്യമാകുമ്പോൾ അതിന്റെ ഗുഡ്‌വിൽ കൂടി ചിന്തിച്ചപ്പോൾ വരാമെന്ന് വിചാരിച്ചു. അതുകൊണ്ട് പ്രത്യേകിച്ച് തമാശയൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്.
കുറച്ചു വർഷങ്ങൾക്കു മുൻപ്, അച്ഛന്റെ ഒരു സുഹൃത്തും സിനിമയിലൊക്കെയുള്ള ഒരാളും ഒരു ദിവസം വീട്ടിൽ വന്നപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു. അന്ന് ഞാൻ കോളജിൽ പഠിച്ചുകൊണ്ടിരുന്ന സമയമാണ്. വെറുതെ ഇങ്ങനെ പോകും വരും, അങ്ങനെ പോയി വരുന്ന സമയം. വൈകുന്നേരങ്ങളിൽ സ്ഥിരം അച്ഛന്റെ ഒരു പരിപാടിയുണ്ടായിരുന്നു. കൂട്ടുകാരുടെ മുന്നിൽ ‘രണ്ടെണ്ണം’ ഒക്കെ അടിച്ചു കഴിഞ്ഞാൽ എന്നെ വിളിച്ച് അപമാനിക്കുക. അച്ഛന്റെ ഒരു സ്ഥിരം ഹോബിയായിരുന്നു അത്. ഞാൻ അതിന് അർഹനാണ്, അതുകൊണ്ടുതന്നെ ഞാൻ പലപ്പോഴും അവിടെ ഇരുന്നു കൊടുക്കും, തിരിച്ചൊന്നും മറുപടി പറയാറില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛന്റെ ആ സുഹൃത്ത് എന്നോട് പറഞ്ഞു: ‘നാളെ നീ എന്നെങ്കിലും രക്ഷപ്പെടുകയാണെങ്കിൽ, നിന്റെ കയ്യിൽ പത്ത് കാശൊക്കെ വരുന്ന സമയത്ത് നീ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണം.’ എനിക്ക് മുന്നോട്ട് എന്ത് സംഭവിക്കും എന്ന് പോലും അറിയാത്ത ഒരു കാലത്താണ് അദ്ദേഹം എന്നോട് ഇത് പറയുന്നത്. ‘ആദ്യത്തെ ബാങ്ക് അക്കൗണ്ടിൽ, നിനക്ക് ഒരു 1000 രൂപ വരികയാണെങ്കിൽ അതിൽ ഒരു 600 രൂപ നീ ഇടണം. പിന്നെ വരുന്ന ഒരു 300 രൂപ രണ്ടാമത്തെ ബാങ്ക് അക്കൗണ്ടിൽ ഇടുക. ബാക്കി വരുന്ന ഒരു 100 രൂപ മൂന്നാമത്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുക’. ആയിരം രൂപയിട്ട് ഒരു അമ്പത് രൂപ എടുക്കാനില്ലാത്ത സമയത്താണ് പുള്ളി എന്നെ ഇങ്ങനെ ഉപദേശിക്കുന്നത്! അപ്പോൾ ഞാൻ ചോദിച്ചു, ‘എന്തിനാണ് അങ്കിൾ അങ്ങനെ?’ എന്ന്. പുള്ളി പറഞ്ഞു: ‘ആദ്യത്തെ ബാങ്ക് അക്കൗണ്ടിൽ വരുന്ന കാശ് നിനക്ക് നിന്റെ ആവശ്യങ്ങൾക്കും തുണിമണി വാങ്ങിക്കാനും നിന്റെ ചെലവുകൾക്കും ഉപയോഗിക്കാം. രണ്ടാമത്തെ ബാങ്ക് അക്കൗണ്ടിലുള്ള പൈസ കൊണ്ട് നിനക്ക് ഈ നാട്ടിലെ നികുതി അടയ്‌ക്കാം. നീ ഒരു റെസ്പോൺസിബിൾ സിറ്റിസൺ ആണെങ്കിൽ ടാക്സ് അടയ്‌ക്കാൻ ബാധ്യസ്ഥനാണ്. അതുകൊണ്ട് നീ കൃത്യമായി ആ പൈസ കൊണ്ട് നികുതിയടയ്‌ക്കുക.’
അപ്പോൾ ഞാൻ ചോദിച്ചു, ‘മൂന്നാമത്തെ നൂറു രൂപയോ? ‘അതാണ് നിനക്ക് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം തരാൻ പോകുന്നത്.’ അദ്ദേഹം പറഞ്ഞു. ഞാൻ ചോദിച്ചു, ‘അതെന്താണ്?’ അതിന് അദ്ദേഹം പറഞ്ഞത് ഈ ചാരിറ്റിയെക്കുറിച്ചാണ്. ‘അതായിരിക്കും നിനക്ക് ജീവിതത്തിൽ ഏറ്റവും വലിയ സംതൃപ്തി നൽകുന്നത്. നീ ഒരുപാട് വണ്ടികൾ വാങ്ങുമായിരിക്കും, വീടുകൾ വയ്‌ക്കുമായിരിക്കും, പക്ഷേ നിന്റെ മനസ്സറിഞ്ഞ് ഒരാൾക്ക് ഒരു സഹായം നൽകുമ്പോൾ കിട്ടുന്ന സന്തോഷം നീ വീട് വച്ചാലും കാർ വാങ്ങിയാലും നിനക്ക് കിട്ടില്ല.’ഇന്ന് ജോബി ചേട്ടൻ അച്ഛന്റെ പേരിൽ ചെയ്യുന്ന ഈ സംരംഭത്തിൽ ഇവിടെയിരിക്കുന്ന സഹായം കിട്ടിയ ആൾക്കാരേക്കാളും സന്തോഷിക്കുന്നത് അദ്ദേഹം തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. രണ്ടാമത്തെ അക്കൗണ്ടിലെ പൈസ അടച്ചില്ലെങ്കിൽ നമുക്ക് സമാധാനം കിട്ടില്ല എന്നും പുള്ളി പറഞ്ഞു.
അത് സത്യമാണ്, കാരണം ഐടി ഒക്കെ കറക്റ്റ് ആയിട്ട് അടച്ചില്ലെങ്കിൽ സമാധാനം കിട്ടില്ല. സമാധാനം വേണമെങ്കിൽ രണ്ടാമത്തെ അക്കൗണ്ടിലെ പൈസ കൊണ്ട് നികുതിയടയ്‌ക്കണം. പക്ഷേ നിനക്ക് സന്തോഷം വേണമെങ്കിൽ, അല്ലെങ്കിൽ നിനക്ക് ആരെന്നറിയാത്ത ആൾക്കാർ പോലും നിന്നെ സ്നേഹിക്കണമെങ്കിൽ, ഈ സ്നേഹവും സന്തോഷവും ഇത്തരം പ്രവർത്തികൾ ചെയ്താലല്ലാതെ വേറെ ഒന്നിനും കിട്ടില്ല. ആ വ്യക്തിയെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. ജോബി ചേട്ടൻ അച്ഛന്റെ പേരിൽ ചെയ്യുന്ന ഈ ‘ബ്ലൂഹിൽ ഫൗണ്ടേഷൻ’ എന്ന സംരംഭത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു,’ ധ്യാന്‍ പറഞ്ഞു.