വിജിലന്‍സ് അന്വേഷണം നേരിട്ടിരുന്ന എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി വഴിവിട്ട് സഹായിക്കുന്നു എന്നതിന്റെ തെളിവാണ് കോടതി പരാമര്‍ശമെന്ന് രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ കൊള്ളരുതായ്മയും മുഖ്യമന്ത്രി അജിത് കുമാറിനെക്കൊണ്ട് ചെയ്യിച്ചു. ഇതുമൂലമാണ് ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുന്നത്. കെ.എം മണിക്കെതിരെ കോടതിയുടെ പരോക്ഷ പരാമര്‍ശത്തില്‍ കാണിച്ച ധാര്‍മികത ഇപ്പോഴും പിണറായി വിജയന് ഉണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സ്വജന പക്ഷപാതിതവും അധികാര ദുര്‍വിനിയോഗവും മുഖ്യമന്ത്രി നടത്തിയെന്നത് കോടതി നേരിട്ടാണ് പറഞ്ഞിരിക്കുന്നത്. അജിത് കുമാര്‍ ആര്‍എസ്എസുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പറഞ്ഞുവിട്ട ആളാണെന്നും പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന ആളുമാണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദുരുദ്വേഷങ്ങള്‍ക്ക് മുഴുവന്‍ കുട പിടിച്ചു കൊടുത്ത ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ വേണ്ടി വഴിവെട്ടിയ നടപടിയാണ് അവിടെ ചെയ്തത്.- സതീശന്‍ പറഞ്ഞു.