• Wed. Jan 28th, 2026

24×7 Live News

Apdin News

അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ; മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് കൈയിൽ ധരിച്ചിരുന്ന വാച്ച്

Byadmin

Jan 28, 2026



മുംബൈ∙ ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ നടക്കും. അജിത്തിന്റെ മൃതദേഹം ബാരാമതിയിലെ ആശുപത്രിയിൽനിന്ന് വിദ്യ പ്രതിസ്ഥാൻ മൈതാനത്തേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയി. അജിത് പവാറിനൊപ്പം യാത്ര ചെയ്തവരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട്. വിധിപ് ജാദവ്, പിങ്കി മാലി, സുമിൽ കപൂർ, ശംഭാനി പഥക് എന്നിവരാണ് മരിച്ച മറ്റുള്ളവർ.

എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്. കൈയിൽ ധരിച്ചിരുന്ന വാച്ച് ഉപയോഗിച്ചാണ് അജിത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നു മുതൽ 30 വരെയാണ് ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഇന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

‘‘ലാൻഡിങ്ങിനു മുൻപ് റൺവേ കാണാമോയെന്ന് എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) പൈലറ്റിനോട് ചോദിച്ചിരുന്നു. എന്നാൽ കാണുന്നില്ലെന്നായിരുന്നു മറുപടി. തുടർന്ന് വിമാനം ആകാശത്തുകൂടി ഒന്നു ചുറ്റി. വീണ്ടും റൺവേ കാണാമോയെന്ന് പൈലറ്റിനോട് ചോദിച്ചു. അപ്പോൾ കാണാമെന്നായിരുന്നു മറുപടി. പിന്നാലെ എടിസി ലാൻഡിങ്ങിന് അനുമതി നൽകി. എന്നാൽ പിന്നീട് അപകടം ഉണ്ടാകുകയായിരുന്നു’’ – കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായി‍ഡു മാധ്യമങ്ങളോട് പറഞ്ഞു.

വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടെടുക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ആകാശത്ത് വച്ചുതന്നെ വിമാനം ആടിയുലഞ്ഞുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തകർന്നു വീണതിനുശേഷമാണ് വിമാനത്തിന് തീപിടിച്ചത്. നാലോ അഞ്ചോ തവണ സ്ഫോടനമുണ്ടായെന്നും മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.

By admin