
ന്യൂദല്‍ഹി: വെറും അഞ്ച് രൂപയ്‌ക്ക് ദാല്‍, ചാവല്‍, റൊട്ടി, സബ്ജി, അച്ചാര്‍ എന്നിവയടങ്ങുന്ന ഭക്ഷണം നല്‍കുന്ന, ദല്‍ഹിയില്‍ അടല്‍കാന്റീനുകള്‍ വന്‍ ഹിറ്റ്. സാധാരണക്കാരുടെ വിശപ്പകറ്റുന്ന അത്താണിയായി ഇത് മാറിക്കഴിഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ 101-ാംജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 25 നാണ് പദ്ധതി ആരംഭിച്ചത്. താഴ്ന്ന വരുമാനക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും തുച്ഛമായ വിലയില്‍ നല്ല ഭക്ഷണം നല്‍കുകയായിരുന്നു ലക്ഷ്യം.
രാവിലെ 11.30 മുതല്‍ ഉച്ചയ്‌ക്ക് രണ്ടു വരെയും വൈകുന്നേരം 6.30 മുതല്‍ രാത്രി 9 വരെയുമാണ് അടല്‍ കാന്റീനുകളുടെ പ്രവര്‍ത്തനം. റൊട്ടി, പരിപ്പ്, പച്ചക്കറികള്‍, അരി, അച്ചാര്‍ എന്നിവ ഉള്‍പ്പെടുന്ന 600 ഗ്രാം ഭക്ഷണമാണ് അഞ്ചു രൂപയ്‌ക്ക് നല്‍കുന്നത്. 104.24 കോടിയാണ് ദല്‍ഹി സര്‍ക്കാര്‍ പദ്ധതിക്കായി വകയിരുത്തിയത്. ഒരു കാന്റീനിലൂടെ ദിവസവും 1,000 പേര്‍ക്ക് ഭക്ഷണം ലഭിക്കും. 100 ക്യാന്റീനുകളാണ് ദല്‍ഹിയിലുടനീളം പ്രവര്‍ത്തിക്കുന്നത്.