
ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന അക്രമങ്ങൾക്കിടയിൽ എല്ലാ ഇന്ത്യൻ സ്വത്തുക്കളും സുരക്ഷിതമാണെന്ന് ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വഖാർ ഉസ്മാൻ ഉറപ്പ് നൽകി. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സൈന്യങ്ങൾ തമ്മിൽ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് സിഎൻഎൻ ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും സുരക്ഷ നിലനിർത്തുന്നതിനുള്ള ധാക്കയുടെ പ്രതിബദ്ധതയെക്കുറിച്ച് ബംഗ്ലാദേശ് ആർമി ചീഫ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ്, ഇന്ത്യ സൈനിക മേധാവികൾ തമ്മിലുള്ള നിരന്തര സമ്പർക്കം ഇന്ത്യയ്‌ക്ക് ആശ്വാസകരമായ കാര്യമാണെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യാ വിരുദ്ധ തീവ്രവാദി വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദി സിംഗപ്പൂരിലെ ആശുപത്രിയിൽ മരിച്ചതോടെയാണ് ബംഗ്ലാദേശിലെ സ്ഥിതി കൂടുതൽ വഷളായത്. ഒരു ആഴ്ച മുൻപാണ് ധാക്കയിൽ മുഖംമൂടി ധരിച്ച അക്രമികൾ ഹാദിയെ വെടിവച്ചു കൊന്നത്. തുടർന്ന് ഇയാളുടെ മരണത്തിൽ രാജ്യമെമ്പാടും അക്രമാസക്തമായ പ്രതിഷേധങ്ങൾ ഉയർന്നു. തീവ്ര ഗ്രൂപ്പുകൾ മാധ്യമ സ്ഥാപനങ്ങളെയും സാംസ്കാരിക സംഘടനകളെയും ലക്ഷ്യമിട്ടു. ഇന്ത്യൻ ഹൈക്കമ്മീഷനെയും ഇന്ത്യൻ ഉദ്യോഗസ്ഥരെയും ലക്ഷ്യം വയ്‌ക്കാനുള്ള ശ്രമങ്ങളും നടന്നു.
പ്രതിഷേധത്തിനിടെ തലസ്ഥാനമായ ധാക്കയിൽ പ്രമുഖ പത്രങ്ങളായ ‘പ്രോതോം അലോ’, ‘ദി ഡെയ്‌ലി സ്റ്റാർ’ എന്നിവയുടെ ഓഫീസുകൾക്ക് തീയിട്ടു, ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ഉദിച്ചി ശിൽപിഗോഷ്ടിയുടെ ഓഫീസും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഈ സംഭവങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ പ്രക്ഷുബ്ധതയുടെ ആഘാതം ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിലും വ്യക്തമായി കാണാം. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം അധികാരത്തിൽ വന്ന മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം വർദ്ധിച്ചത്.
അതേ സമയം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഒരു ദിവസം മുമ്പ് ബംഗ്ലാദേശിൽ ഒരു കൂട്ടം തീവ്രവാദികൾ ഒരു ഹിന്ദു യുവാവിനെ അടിച്ചുകൊന്നു. തുടർന്ന് മൃതദേഹം ഒരു മരത്തിൽ കെട്ടി തൂക്കി കത്തിച്ചു. ഈ ആഴ്ച ആദ്യം ഇന്ത്യൻ ഹൈക്കമ്മീഷനും മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾക്കും നേരെയുള്ള ഭീഷണികളിലും ഇന്ത്യാ വിരുദ്ധ പ്രസ്താവനകളിലും ഔദ്യോഗികമായി പ്രതിഷേധിക്കാൻ ന്യൂദൽഹി ബംഗ്ലാദേശ് ഹൈക്കമ്മീഷണർ മുഹമ്മദ് റിയാസ് ഹമീദുള്ളയെ വിളിച്ചുവരുത്തിയിരുന്നു. ബംഗ്ലാദേശിലെ സമാധാനത്തെയും സ്ഥിരതയെയും ഇന്ത്യ പിന്തുണയ്‌ക്കുന്നുവെന്നും എന്നാൽ നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷയിൽ വീഴ്ചകൾ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.