• Mon. Sep 1st, 2025

24×7 Live News

Apdin News

‘അടിച്ചു കൂട്ടി സല്‍മാന്‍’; അവസാന 12 പന്തില്‍ പിറന്നത് 11 സിക്‌സറുകള്‍ – Chandrika Daily

Byadmin

Aug 31, 2025


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ത്രില്ലര്‍ ജയം. ട്രിവാന്‍ഡ്രം റോയല്‍സിനെ അവര്‍ 13 റണ്‍സിനു വീഴ്ത്തി. കാലിക്കറ്റ് ആറ് കളിയില്‍ മൂന്നാം ജയം പിടിച്ചപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആറ് കളിയിലെ അഞ്ചാം തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചെടുത്തു. ട്രിവാന്‍ഡ്രത്തിന്റെ പോരാട്ടം 19.3 ഓവരില്‍ 173 റണ്‍സില്‍ അവസാനിച്ചു.

അവസാന 12 പന്തില്‍ കാലിക്കറ്റ് സ്വന്തമാക്കിയത് 71 റണ്‍സ്! അവസാന പന്ത്രണ്ട് പന്തില്‍ 11ഉം സിക്‌സര്‍ പായിച്ച് സല്‍മാന്‍ നിസാര്‍ ഗ്രീന്‍ഫീല്‍ഡിനെ ഫയര്‍ ഫീല്‍ഡാക്കി മാറ്റി! ആരാധകരെ ആവേശത്തിലാക്കിയാണ് കാലിക്കറ്റ് താരം സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ട് പ്രകടനം അരങ്ങേറിയത്. അവസാന രണ്ട് ഓവറുകളില്‍ സല്‍മാന്‍ അടിച്ചുകൂട്ടിയത് 69 റണ്‍സാണ്. ഒരു വൈഡും നോബോളും വന്നതോടെ മൊത്തം 71 റണ്‍സ്. ടീം 13.1 ഓവറില്‍ 76 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ പരുങ്ങലിലായിരുന്നപ്പോഴാണ് സല്‍മാന്‍ ക്രീസിലെത്തിയത്. പതിയെ മുന്നേറി 18ാം ഓവറില്‍ 115 റണ്‍സിലെത്തി നില്‍ക്കുകയായിരുന്ന കാലിക്കറ്റിന്റെ സ്‌കോര്‍ ബോര്‍ഡിനെ അടുത്ത 12 പന്തുകള്‍ കൊണ്ട് സല്‍മാന്‍ 186ല്‍ എത്തിച്ചു.

ബേസില്‍ തമ്പി എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തില്‍ ഡീപ്പ് ബാക്ക്വേര്‍ഡ് പോയിന്റിലൂടെ സിക്‌സടിച്ച് തുടങ്ങിയ സല്‍മാന്‍, പിന്നീട് പന്ത് നിലം തൊടീച്ചില്ല. ആ ഓവറില്‍ 5 പന്തുകളും സിക്‌സറുകളാക്കി മാറ്റി 30 റണ്‍സ് നേടി. അവസാന പന്തില്‍ ഒരു റണ്‍സ് എടുത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തി.

അഭിജിത്ത് പ്രവീണ്‍ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തില്‍ ലോങ് ഓഫിലൂടെ വീണ്ടും സിക്‌സര്‍ നേടി. രണ്ടാം പന്ത് വൈഡും, മൂന്നാം പന്ത് നോബോളും ആയി. നോബോളില്‍ രണ്ട് റണ്‍സ് കൂടി നേടിയ സല്‍മാന്‍, പിന്നീടുള്ള 5 പന്തുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറത്തേക്ക് പറത്തി. അവസാന ഓവറില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ആകെ നേടിയത് 40 റണ്‍സാണ്. ഇതോടെ ടീം സ്‌കോര്‍ 186 റണ്‍സിലെത്തുകയായിരുന്നു. സല്‍മാന്‍ പുറത്താകാതെ അടിച്ചെടുത്തത് 26 പന്തില്‍ 86 റണ്‍സ്. 12 സിക്‌സുകളാണ് മൈതാനത്തിന്റെ തലങ്ങു വിലങ്ങുമായി പാഞ്ഞത്. സല്‍മാന്റെ ബാറ്റിങ് മികവ് കെസിഎല്‍ ചരിത്രത്തിലെ അവിസ്മരണീയ പ്രകടനമായി അടയാളപ്പെടും.

കാലിക്കറ്റിനായി എം അജിനാസും അര്‍ധ സെഞ്ച്വറി നേടി. താരം 50 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 51 റണ്‍സെടുത്തു. മറുപടി പറഞ്ഞ ട്രിവാന്‍ഡ്രത്തിനായി ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് (18), റിയ ബഷീര്‍ (25), സഞ്ജീവ് സതിരേശന്‍ (34), അബ്ദുല്‍ ബാസിത് (22), ബേസില്‍ തമ്പി (23), നിഖില്‍ എം (18) എന്നിവരൊക്കെ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും നിലയുറപ്പിക്കാന്‍ കാലിക്കറ്റ് ബൗളിങ് നിര സമ്മതിച്ചില്ല.

കാലിക്കറ്റിനായി അഖില്‍ സ്‌കറിയ 3 വിക്കറ്റുകള്‍ എടുത്തു. ഹരികൃഷ്ണന്‍, അബ്‌നുല്‍ അഫ്താബ് എന്നിവര്‍ രണ്ട് വാതം വിക്കറ്റും നേടി. എസ് മിധുന്‍, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.



By admin