
ഇടുക്കി: മലയില്‍ നിന്ന് മണ്ണിടിഞ്ഞ് വീണ് അടിമാലിയില്‍ രണ്ടുപേര്‍ കുടുങ്ങി. അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിക്ക് സമീപമാണ് അപകടം. ദേശീയ പാതയ്‌ക്കരികിലെ വീട്ടിലാണ് കുടുങ്ങിയ ദമ്പതികളുടെ വീട്.
ബിജു , ഭാര്യ സന്ധ്യ എന്നിവരാണ് കുടുങ്ങി കിടക്കുന്നത്.വീട്ടിലെ ഹാളിലാണ് ഇവരുളളത്.ഇതില്‍ ഒരാളുടെ കാല്‍ സ്ലാബില്‍ കുടുങ്ങിയ നിലയിലാണ്.വീടിന്റെ മേല്‍ക്കൂരയുടെ സ്ലാബ് ഇടിഞ്ഞു വീണ നിലയിലാണ്.ഇത് മുറിച്ചു മാറ്റി വേണം ദമ്പതികളെ പുറത്തെത്തിക്കാന്‍.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അഗ്നി രക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.ദേശീയ ദുരന്ത പ്രതികരണ സേന വൈകാതെ സ്ഥലത്തെത്തും.മണ്ണ് മാന്തി യന്ത്രം അടക്കം സ്ഥലത്തെത്തിച്ചിട്ടുണ്ട്.രാത്രി രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണ്.ദമ്പതികളെ കാണാന്‍ കഴിയുന്നുണ്ടെന്നും സംസാരിച്ചെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു.മ്പതികളുടെ സമീപത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട്.
വലിയ തോതിലാണ് മണ്ണ് ഇടിഞ്ഞത്. ദമ്പതികളുടെ വീടിന് മുകളില്‍ മണ്ണ് വലിയ തോതില്‍ മൂടിയിരിക്കുകയാണ്.
അപകട ഭീഷണിയെത്തുടര്‍ന്ന് ഉന്നതിക്ക് സമീപത്തെ 22 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. സാധനങ്ങള്‍ എടുക്കാന്‍ തിരിച്ചത്തിയപ്പോഴാണ് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്.
മണ്ണിടിഞ്ഞ് രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇവിടെ മണ്ണിടിഞ്ഞു വീണിരുന്നു.