• Tue. Mar 18th, 2025

24×7 Live News

Apdin News

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ പരിഹസിച്ചതുള്‍പ്പെടെ ‘ബാഹുബലി’യിലെ ഗാനം വരെ… മങ്കൊമ്പിന്റെ തൂലികയില്‍ പിറന്നത് 700 ഗാനങ്ങള്‍

Byadmin

Mar 18, 2025



തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ ഗാനത്തിന്റെ പേരില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ വരെ നോട്ടപ്പുള്ളിയായി എന്നത് സിനിമാലോകത്ത് ഇന്നും കറങ്ങി നടക്കുന്ന കഥ. ‘തെമ്മാടി വേലപ്പന്‍’ എന്ന സിനിമ ഇറങ്ങിയത് അടിയന്തരാവസ്ഥക്കാലത്താണ്. അതില്‍ മങ്കൊമ്പ് എഴുതിയ നസീര്‍ അഹങ്കാരിയായ നായിക ജയഭാരതിയെ കളിയാക്കിപ്പാടുന്ന വരികള്‍ എന്തോ ഇന്ദിരാഗാന്ധിയുടെ അന്നത്തെ സ്വഭാവവുമായി സാമ്യമുള്ളതായി വന്നു.

തൃശങ്കു സ്വര്‍ഗ്ഗത്തെ തമ്പുരാട്ടി
ത്രിശൂലമില്ലാത്ത ഭദ്രകാളി
ആണുങ്ങളില്ലാത്ത രാജ്യത്തെ
അല്ലിറാണിപോലത്തെ രാജാത്തി

ഈ വരികള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഉദ്ദേശിച്ചു മാത്രം എഴുതിയതാണെന്ന് പ്രചരിച്ചു. അന്നത്തെ ഇന്ദിരാകോണ്‍ഗ്രസുകാര്‍ അന്ന് രോഷത്തോടെയാണ് മങ്കൊമ്പിനെ നോക്കിക്കണ്ടത്. അന്ന് അടിന്തരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തവര്‍ ഈ ഗാനം മുദ്രാവാക്യമായി ഉപയോഗിച്ചു. വാസ്തവത്തില്‍ പ്രത്യേക രാഷ്‌ട്രീയ താല്‍പര്യങ്ങളൊന്നും ഉള്ള വ്യക്തിയായിരുന്നില്ല മങ്കൊമ്പ്. പക്ഷെ ഇന്ദിരാഗാന്ധിയുടെ വരെ നോട്ടപ്പുള്ളിയായ സംഭവം അദ്ദേഹത്തില്‍ ഒരുപാട് ഭയമുണ്ടാക്കിയതായി ആലപ്പി അഷ്റഫ് തന്റെ യുട്യൂബ് ചാനലിലെ ഒരു വീഡിയോ പരിപാടിയില്‍ സൂചിപ്പിച്ചിരുന്നു.

ഈ വിവാദഗാനം ഉള്‍പ്പെടെ ബാഹുബലിയിലെ മലയാളം ഗാനം അടക്കം 200 സിനിമകള്‍ക്കായി ഏകദേശം 700 ഗാനങ്ങള്‍ മങ്കൊമ്പിന്റെ തൂലികയില്‍ നിന്നും പിറന്നുവീണു. നാടകഗാനങ്ങളിലൂടെയാണ് മങ്കൊമ്പ് ഗാനരചനാരംഗത്തേക്ക് കടന്നുവന്നത്.

നാല് പതിറ്റാണ്ട് കാലത്തെ ഗാനസപര്യയുടെ പുണ്യം. വയലാറിന്റെ എന്ന് പലരും തെറ്റിദ്ധരിച്ചിരുന്ന ആദ്യഗാനമായ ‘ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോഴൊരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു’ എന്ന ഗാനം. 1975 ല്‍ പുറത്തിറങ്ങിയ അയലത്തെ സുന്ദരി എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഈ ഗാനം എഴുതിയത്. എം.എസ്.വിശ്വനാഥന്‍ ചിട്ടപ്പെടുത്തിയ ഈ ആദ്യഗാനം തന്നെ സൂപ്പര്‍ ഹിറ്റായതോടെ പുതിയൊരു റൊമാന്‍റിക് ഗാനരചയിതാവിന്റെ വരവറിയിക്കുകയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. അങ്ങിനെ കുട്ടനാട്ടില്‍ നിന്നും ഒരു സാധാരണഗാനരചയിതാവായി കടന്നുവന്ന് മലയാളസിനിമയില്‍ തനതായ വഴിവെട്ടിയ ഗാനരചയിതാവായി മങ്കൊമ്പ് മാറി.

വിമോചനസമരം എന്ന ചിത്രത്തിനായി വീണ്ടും എഴുതി. പിന്നീട് നിരവധി ചിത്രങ്ങള്‍ക്കായി വരികള്‍ എഴുതിയപ്പോഴെല്ലാം എം എസ് വിശ്വനാഥനായിരുന്നു സംഗീത സംവിധായകന്‍. സിനിമാഗാനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് വെയ്‌ക്കുന്ന ഹരിഹരന്റെ ചിത്രങ്ങള്‍ക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ എഴുതിയത്.

മങ്കൊമ്പിന്റെ പ്രസിദ്ധ ഗാനങ്ങള്‍

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍-എം എസ് വിശ്വനാഥന്‍ കൂട്ടുകെട്ടില്‍ പിറന്നത് നിരവധി ഹിറ്റ് ഗാനങ്ങളാണ്. ബാബുമോന്‍, മാപ്പുസാക്ഷി, അലകള്‍, അഴിമുഖം, സ്വര്‍ണവിഗ്രഹം, കല്യാണ സൗഗന്ധികം, ലവ് മാര്യേജ്, സ്വര്‍ണമത്സ്യം. സൗന്ദര്യപൂജ, പ്രതിധ്വനി, സ്ത്രീധനം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഗാനരചന നിര്‍വഹിച്ചു. എക്കാലത്തും മലയാളി ഓര്‍മ്മിക്കുന്ന ഗാനങ്ങളാണ് ‘ആഷാഢമാസം ആത്മാവില്‍ മോഹം’, ‘നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ’ തുടങ്ങിയ ഗാനങ്ങള്‍. ഓര്‍മ്മകള്‍ മരിക്കുമോ എന്ന സിനിമയില്‍ എം.എസ്. വിശ്വനാഥന്‍ ചിട്ടപ്പെടുത്തിയ തൃപ്രയാറപ്പാ ശ്രീരാമ എന്ന ഗാനം പ്രസിദ്ധമായ ഭക്തിഗാനമാണ്. ബാബുമോനിലെ ഇവിടെമാണീശ്വര സന്നിധാനം എംഎസ്‍ വിശ്വനാഥന്‍ ചിട്ടപ്പെടുത്തിയ അവിസ്മരണീയഗാനമാണ്. ബാബുമോനിലെ പത്മതീര്‍ത്ഥക്കരയില്‍ ഒരു പച്ചിലമാളികക്കാട്ടില്‍ എന്ന ഗാനവും പ്രസിദ്ധമാണ്. അഷ്ടമിപ്പൂത്തിങ്കളേ എന്‍ അനുരാഗമലര്‍ത്തിങ്കളേ എന്ന ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയ അലകള്‍ എന്ന സിനിമയിലെ ഗാനം വേറിട്ടുനില്‍ക്കുന്നു. ഹിറ്റ് തമിഴ് സിനിമ രാഗദീപം എന്ന പേരില്‍ മലയാളത്തിലാക്കിയപ്പോള്‍ ഇളയരാജയുടെ തമിഴ് ഗാനത്തെ തനിമ ചോരാതെ മലയാളത്തിലാക്കിയത് മങ്കൊമ്പാണ്. “രജതനിലാ പൊഴിയുന്നേ ഹൃദയം വരെ നനയുന്നേ
തുഷാരാര്‍ദ്ര മേഘം കിനാക്കാണുമേ, വികാരാര്‍ദ്രയാം വാനമേ”. യേശുദാസ് ഈ ഗാനം അനശ്വരമാക്കി.

നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയില്‍ എസ് ജാനകി പാടി, കണ്ണൂര്‍ രാജന്‍ സംഗീതം ചെയ്ത നനവാര്‍ന്ന ഒരു വിരഹഗാനം ആര്‍ക്കും എളുപ്പത്തില്‍ മറക്കാനാവില്ല. ഇതിന്റെ വരികള്‍ മങ്കൊമ്പിന്റെ തൂലികയില്‍ നിന്നും വാര്‍ന്നുവീണതാണ്.
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
മിഴിചെപ്പിൽ വിരഹ കദന കടൽ..
ഹൃദയമുരളിക തകർന്നു പാടുന്നു ഗീതം
രാഗം ശോകം..ഗീതം രാഗം ശോകം..

വലിയൊരു പാറക്കല്ല് തൂക്കി പോകുന്ന ബാഹുബലിയുടെ എന്‍ട്രി സോങ് ആണ് ബാഹുബലിയെ ബാഹുബലിയാക്കിയത്. ആരിവന്‍ ആരിവന്‍ എന്ന മങ്കൊമ്പിന്റെ വരികള്‍ മറക്കാനാവില്ല.

ജടാകടാഹ സംഭ്രമ ഭ്രമനിലിമ്പ നിർഝരീ
വിലോല വീചി വല്ലരി വിരാജ മാന മൂർദ്ധനി
ധഗദ്ധഗദ്  ധകജ്വല ലലാട പട്ട പാവകേ
കിശോര ചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമ

ആരിവൻ ആരിവൻ കല്ലും തൂക്കി പോയിടുന്നോൻ…..

ബാഹുബലി ഒന്നാം ഭാഗത്തില്‍ മങ്കൊമ്പ് എഴുതിയ ഗാനം കീരവാണിയുടെ സംഗീതത്തില്‍ വാര്‍ന്നുവീണപ്പോള്‍ അന്യഭാഷ ചിത്രത്തിലെ ഗാനമായി തോന്നിയില്ല.
പച്ച തീയാണ് നീ തെച്ചിപ്പൂവാണ് ഞാൻ
തമ്മിൽ കണ്ട നേരത്ത് ഒന്നായി പോയ്‌ വേഗത്തിൽ
കത്തും കൽപ്പാറയെ കൊത്തി ഉളിയാലേ നീ
സ്വർഗ്ഗ സ്ത്രീയെന്ന പോൽ ശിൽപം തീർത്തീലയോ….

സയനോരയും വിജയ് യേശുദാസും ചേര്‍ന്ന് പാടിയ രതിയുടെ ചൂടുണര്‍ത്തുന്ന ബാഹുബലിയിലെ ഗാനം മറക്കാനാവില്ല. കീരവാണിയുടെ സംഗീതത്തില്‍ ഒതുങ്ങി നിന്നും മങ്കൊമ്പിന്റെ വരികള്‍.

ഞരമ്പുകൾ വാൽസ്യായന ചൂട് ചൂട്
നനഞ്ഞുപോയ് മെയ്യ്‌ കരിമ്പ് നീരിൽ നീരിൽ
മയക്കി ഉരുക്കി വിളക്കി എടുത്ത് രാവിൽ…. രാവിൽ…
മെരുക്കി ഇണക്കി ഇറുക്കി മുറുക്കി മാറിൽ മാറിൽ
മനോഹരീ…… മനോ ഹരീ…….

ഒരേയൊരു രാജ എന്ന ഗാനം ബാഹുബലിയെ പ്രപഞ്ചത്തോളം വലുതാക്കുന്ന ഗാനമാണ്. ഇതും മങ്കൊമ്പിന്റെ രചന തന്നെ.

എം.എസ്. വിശ്വനാഥന്‍, ദേവരാജന്‍, എം.കെ. അര്‍ജുനന്‍, രവീന്ദ്രജയിന്‍, ബോംബെ രവി, കെ.വി. മഹാദേവന്‍, ബാബുരാജ്, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍, കീരവാണി, ഹാരിസ് ജയരാജ്, യുവന്‍ ശങ്കര്‍രാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു. പത്ത് ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും അദ്ദേഹം രചിച്ചു.

ദേവരാജന്‍മാസ്റ്ററുടെ കാല്‍ക്കല്‍വീണത് ജീവിതത്തിലെ മഹനീയ നിമിഷം
ജീവിതത്തിലെ മഹനീയമായ നിമിഷം ഏതെന്ന് ചോദിച്ചാല്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന് ഒറ്റ ഉത്തരമേയുള്ളൂ. സാക്ഷാല്‍ ദേവരാജന്‍മാസ്റ്ററുടെ കാല്‍ക്കല്‍ വീണ നിമിഷം.

അന്ന് അരിസ്റ്റോ ഹോട്ടലില്‍ താമസിക്കുന്ന വയലാറിനെ കാണാന്‍ പോയതാണ്. ജനയുഗം വാരികയില്‍ അച്ചടിച്ചുവന്ന തന്റെ കവിതയുമായാണ് മങ്കൊമ്പ് അന്ന് വയലാറിനെ കണ്ടത്. വയലാര്‍ കവിത വായിച്ച് ഉപദേശങ്ങളെല്ലാം നല്‍കി. അതിനിടയില്‍ ഒരാള്‍ വാതിലില്‍ മുട്ടി. ഉള്ളില്‍ നിന്നും കുറ്റിയിട്ടിട്ടില്ല എന്ന വയലാറിന്റെ മറുപടി കേട്ട് വാതിലില്‍ മുട്ടിയ ആള്‍ കതക് തള്ളിത്തുറന്ന് ഉള്ളില്‍ വന്നു. ഇതാരാണെന്നറിയാമോ എന്ന് വയലാര്‍ ചോദിച്ചു. ഇല്ല എന്ന് മങ്കൊമ്പിന്റെ ഉത്തരം. ഇതാണ് സാക്ഷാല്‍ ദേവരാജന്‍മാസ്റ്റര്‍ എന്ന് വയലാര്‍ പറഞ്ഞതോടെ മങ്കൊമ്പിന്റെ മനസ്സില്‍ ഒരു സാഗരം തന്നെ ഇരമ്പി. രണ്ടാമതൊന്നാലോചിച്ചില്ല. നേരെ ദേവരാജന്‍മാസ്റ്ററുടെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു. അന്ന് ഒരു സിനിമയില്‍ പോലും മങ്കൊമ്പ് പാട്ടെഴുതിയിരുന്നില്ല. യശപ്രാര്‍ത്ഥിയായ ഒരു കവി മാത്രമായിരുന്നു.

ബാഹുബലിയെ മലയാളം പറയിച്ച മങ്കൊമ്പ്
അന്യഭാഷാ ചിത്രങ്ങള്‍ പലപ്പോഴും മലയാളത്തിലേക്ക് തര്‍ജുമ ചെയ്തിരുന്നത് മങ്കൊമ്പായിരുന്നു. ഏറ്റവും കൂടുതല്‍ തെലുങ്ക് ചിത്രങ്ങള്‍ മൊഴിമാറ്റി മലയാളികള്‍ക്ക് തെലുങ്ക് ചിത്രം പരിചയപ്പെടുത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ചതും മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു. ബാഹുബലി പോലുള്ള വമ്പന്‍ ചിത്രങ്ങളടക്കം 200 ല്‍ പരം സിനിമകള്‍ക്ക് മലയാളത്തില്‍ സംഭാഷങ്ങള്‍ എഴുതിയതും മങ്കൊമ്പാണ്. ബാഹുബലി സിനിമയിലെ മങ്കൊമ്പ് എഴുതിയ ഡയലോഗുകള്‍ ആ സിനിമയെ മലയാളികളുമായി ഏറെ അടുപ്പിച്ചു. ബാഹുബലിയിലെ മങ്കൊമ്പ് എഴുതിയ ഗാനങ്ങള്‍ ഒരു അന്യഭാഷാ ചിത്രത്തിലെ പാട്ടായല്ല മലയാളി ഏറ്റെടുത്തത്. അത്രത്തോളം ആ ഗാനരംഗങ്ങളുമായി ഇഴുകിച്ചേരുന്നതായിരുന്നു ഗാനങ്ങള്‍. ബാഹുബലിയെ മലയാളം സംസാരിപ്പിച്ച ആള്‍ എന്ന നിലയിലാണ് മങ്കൊമ്പിനെ പുതിയ തലമുറ അറിയുന്നത്. ബാഹുബലി, മഗധര, ആര്‍ആര്‍ആര്‍ തുടങ്ങിയ തെലുങ്കു സിനിമകളിലെ പാട്ടുകള്‍ക്ക് മലയാള വരികള്‍ നല്‍കിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.

ആലപ്പുഴ ജില്ലയിലെ മങ്കൊമ്പില്‍ ജനിച്ച ഗോപാലകൃഷ്ണന്‍ എറണാകുളം തൈക്കൂടത്തായിരുന്നു താമസിച്ചിരുന്നത്. ന്യുമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായി മരണം സംഭവിച്ചു.

ഇന്ദിരാഗാന്ധിയുടെ വരെ അപ്രീതി നേടിയ മങ്കൊമ്പിന്റെ ഗാനം

By admin