തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനാണ് ഇവര്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈയിലെ നാലു വിരലുകളും ഇടതു കാലിലെ അഞ്ച് വിരലുകളുമാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്.
പത്മജിത്ത് പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘കോസ്‌മെറ്റിക് ഹോസ്പിറ്റല്‍’ എന്ന സ്ഥാപനത്തിന് എതിരെ തുമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോസ്‌മെറ്റിക് ആശുപത്രിയിലെ ഡോ. ഷെനാള്‍ ശശാങ്കനെ പ്രതിയാക്കിയാണ് കേസെടുത്തത്.
ഫെബ്രുവരി 22നാണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 23നു ഡിസ്ചാര്‍ജ് ആയി. വീട്ടില്‍ എത്തി ഉച്ചയോടെ അമിത ക്ഷീണം ഉണ്ടാവുകയും ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഉപ്പിട്ട് കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില്‍ എത്തിച്ചു പരിശോധന നടത്തി.
രക്തസമ്മര്‍ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിശോധനയില്‍ ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നു 21 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. ഡയാലിസിസിനു വിധേയയായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്‍ട്ടറി ബ്ലോക്കായതിനെ തുടര്‍ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.