കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. തെരഞ്ഞെടുപ്പില്‍ മോദി വോട്ട് ചോരി നടത്തിയാണു വിജയിച്ചതെന്നാരോപിച്ച അദ്ദേഹം, ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും ആരോപിച്ചു.
”മറ്റൊരു ഹൈഡ്രജന്‍ ബോംബ് ഉടന്‍ പുറത്തുവരും, അതിലൂടെ എല്ലാം വെളിപ്പെടും,” എന്ന് രാഹുല്‍ പറഞ്ഞു. കള്ളവോട്ടിനായി ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെ വിവരങ്ങളാണ് കമ്മീഷനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുമ്പത്തെ വാര്‍ത്താസമ്മേളനങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കലും നീക്കലും സംഘടിതമായി നടന്നുവെന്നാരോപിച്ച രാഹുല്‍, ഇപ്പോള്‍ ഉന്നത ഭരണകേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ സൂചന. റെക്കോര്‍ഡ് ചെയ്ത ശബ്ദശകലങ്ങള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍ പുറത്തുവിടാനാണ് രാഹുല്‍ ഒരുങ്ങുന്നതെന്നും പറയുന്നു.