പാലക്കാട്: തണ്ടപ്പേര്‍ നല്‍കുന്നതില്‍ ഉണ്ടായ താമസം ദുരന്തമായി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെ കൃഷിസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ആറുമാസമായി വില്ലേജ് ഓഫീസില്‍ തണ്ടപ്പേര്‍ ലഭിക്കാനായി നിരന്തരം കയറിയിറങ്ങിയിരുന്നുവെന്നും, അപേക്ഷ പരിഗണിക്കാതെ നീണ്ടുപോയതിനെ തുടര്‍ന്ന് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
തണ്ടപ്പേര്‍ ലഭിക്കാത്തത് മൂലം സര്‍ക്കാര്‍ പദ്ധതികള്‍ക്കും കാര്‍ഷിക സബ്‌സിഡികള്‍ക്കും അപേക്ഷിക്കാനാകാത്ത അവസ്ഥയിലായിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.
അതേസമയം, കാലതാമസമോ അനാസ്ഥയോ ഉണ്ടായിട്ടില്ലെന്നും, ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നടപടികള്‍ പുരോഗമിക്കുകയാണെന്നും റവന്യൂ വകുപ്പ് വിശദീകരിച്ചു.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തി. കര്‍ഷക സംഘടനകളും ഭരണകൂടത്തിന്റെ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണമെന്നും, അട്ടപ്പാടിയിലെ ഭൂമിയും രേഖകളും സംബന്ധിച്ച പരാതികള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.