സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി മികച്ച പ്രകടനവുമായി മുന്നേറുന്നു. ഫോഴ്സ് കൊച്ചിക്കെതിരെ 1-0ന്റെ ജയം നേടി കണ്ണൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. പകരക്കാരനായി ഇറങ്ങിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോയാണ് ടീമിന് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്.
പരിക്ക് കാരണം ആദ്യ രണ്ട് മത്സരങ്ങള്‍ വിട്ടുനിന്ന അഡ്രിയാന്‍ തിരിച്ചെത്തിയതോടെ കണ്ണൂരിന് കരുത്തേറി. അസിയര്‍ ഗോമസിന്റെ മനോഹരമായ പാസ് മുതലാക്കിയാണ് അഡ്രിയാന്‍ 84-ആം മിനിറ്റില്‍ ഗോളടിച്ചത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായാണ് കണ്ണൂര്‍ വാരിയേഴ്സ് ഏഴ് പോയിന്റ് നേടി ഒന്നാമതെത്തിയത്. ആറു പോയിന്റുമായി തൃശൂര്‍ രണ്ടാമതും, ഫോഴ്സ് കൊച്ചി പരാജയത്തോടെ പോയിന്റ് പട്ടികയില്‍ പിന്നോട്ടും നീങ്ങി.
മത്സരത്തിന്റെ തുടക്കത്തില്‍ ഇരുടീമുകളും നിരവധിയാവസരങ്ങള്‍ നഷ്ടപ്പെടുത്തി. കണ്ണൂരിന്റെ ഷിജിന്‍ ടി, ലവ്സാംബ, നിക്കോളാസ് എന്നിവരും ഫോഴ്സ് കൊച്ചിയുടെ ശ്രീരാഗ്, അഭിഷേക് ഹാള്‍ഡര്‍, അയാസോ എന്നിവരും ഗോള്‍വലയെ ലക്ഷ്യമാക്കി ശ്രമിച്ചെങ്കിലും വിജയം കൈവന്നില്ല.
മത്സരത്തിലെ മികച്ച താരം കണ്ണൂര്‍ ഗോള്‍കീപ്പര്‍ ഉബൈദ് സി.കെ. ആയിരുന്നു ഒന്നിലധികം നിര്‍ണായക സേവ്കളിലൂടെ ടീമിനെ രക്ഷിച്ച അദ്ദേഹം കണ്ണൂരിന്റെ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായി.
അഡ്രിയാന്റെ ഈ ഗോളോടെ സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്സിന്റെ മുന്നേറ്റം ശക്തമായി, ആരാധകര്‍ക്ക് പ്രതീക്ഷയും ആവേശവും നിറഞ്ഞ തുടക്കമായി.