
നിയമത്തെ ഒരു തൊഴിലായല്ല, മറിച്ച് ഒരു ദൗത്യമായി കണ്ട വ്യക്തിയായിരുന്നു അഡ്വ. പി.കെ. ഹരിദാസ്. നിരവധി പേര്‍ക്ക് ഈ രംഗത്ത് മാര്‍ഗദര്‍ശകനുമായിരുന്നു. അദ്ദേഹത്തിന്റെ വാദ ശൈലിയും കേസിനുള്ള തയ്യാറെടുപ്പും ഏറെ ശ്രദ്ധേയവും മാതൃകാപരവുമാണ്. പൊന്നാനി എസ്മ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. പിന്നീട് സിബിഐയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഡെപ്യൂട്ടേഷനായി പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ച ശേഷമാണ് ഒറ്റപ്പാലത്ത് എപിപി ആയത്.
ജില്ലയിലെ ആദ്യത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം. 1992ല്‍ നിന്ന് വിരമിച്ചെങ്കിലും അവസാന കാലം വരെയും നിയമത്തോടുള്ള പ്രതിബദ്ധത കൈവിട്ടിരുന്നില്ല. കേരള രാഷ്‌ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മാറാട് കൂട്ടക്കൊല, മന്ത്രിയായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ട ഇടമലയാര്‍ കേസ് എന്നിവയില്‍ അദ്ദേഹം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. മാറാട് കേസില്‍ 375ത്തിലധികം സാക്ഷികളെ വിശദമായി വിസ്തരിച്ചു എന്നത് അദ്ദേഹത്തിന്റെ നിയമപരമായ പാടവത്തിന്റെയും തെളിവാണ്. കേരള ചരിത്രത്തില്‍ ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് മാറാട് കേസിലാണ്. ഈ കേസിന്റെ ആത്മാവ് തൊട്ടറിഞ്ഞ വ്യക്തിയാണ് അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥന്‍ കമലാക്ഷനും ഇദ്ദേഹവും തമ്മിലുള്ള ആത്മബന്ധമാണ് കേസിനെ വിജയത്തിലെത്തിച്ചത്. ഓരോ കേസും ഗവേഷണ പ്രബന്ധം പോലെ പഠിച്ചു തയ്യാറാക്കുമായിരുന്നു. മാത്രമല്ല, അതിന്റെ ആഴവും വ്യാപ്തിയും പൂര്‍ണമായും മനസിലാക്കുകയും തെളിവുകളുടെ എല്ലാവശവും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
കേസുകളുമായി ബന്ധപ്പെട്ട ഏതുകാര്യങ്ങള്‍ക്കും ശരിയായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ എപ്പോഴും സന്നദ്ധനായിരുന്നു. ഞങ്ങളെ പോലെയുള്ള ജൂനിയേഴ്സിന് പലപ്പോഴും അത് ഗുണം ചെയ്തിരുന്നു. മാത്രമല്ല, ആത്മവിശ്വാസത്തോടെ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള കരുത്തും അദ്ദേഹത്തിന്റെ ഉപദേശത്തിലൂടെ ലഭിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്.
ഒരു സീനിയര്‍ എന്നതു മാത്രമല്ല, നിയമരംഗത്തെ ഒരു ഗുരുവും രക്ഷിതാവുമായിരുന്നു അദ്ദേഹം. വിനയവും അച്ചടക്കവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ഏതു വിഷയവും ക്ഷോഭിക്കാതെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. നിയമരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവന ഏറെയാണ്. ഈ മേഖലയിലേക്ക് നിരവധി ചെറുപ്പക്കാരെ കൈപിടിച്ചുയര്‍ത്താന്‍ ഹരിദാസിന് കഴിഞ്ഞിരുന്നു.
ഒരു പ്രോസിക്യൂട്ടറുടെ ജോലി ശിക്ഷിക്കലല്ല, മറിച്ച് നീതി ഉറപ്പുവരുത്തലാണ് എന്നതില്‍ അദ്ദേഹം ഉറച്ചുവിശ്വസിച്ചു. നീതിക്കായി അര്‍പ്പണബോധത്തോടെ ജീവിച്ച മഹത് വ്യക്തിത്വത്തിന്റെ സ്മരണയ്‌ക്ക് ആദരാഞ്ജലികള്‍.