
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ ബലിദാനത്തിന് നാളെ നാല് വര്‍ഷം. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 4 ന് ആലപ്പുഴ ഭട്ടതിരി പുരയിടത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കും. രാവിലെ 6.30ന് ആലപ്പുഴ ടിഡി നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സാംഘിക്കില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ. കെ. മോഹന്‍ പങ്കെടുക്കും. സംഘ വിവിധക്ഷേത്ര കാര്യകര്‍ത്താക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
2021 ഡിസം. 19 ന് രാവിലെ 6.30 നാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ കയറി രണ്‍ജീതിനെ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയത്. അമ്മയുടെയും, ഭാര്യയുടെയും, മകളുടെയും മുന്നിലായിരുന്നു നിഷ്ഠൂരമായ കൊലപാതകം. കേസില്‍ ഒന്നാംഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികള്‍ക്കും മാവേലിക്കര അഡീ. സെഷന്‍സ് കോടതി (ഒന്ന്) വധശിക്ഷ വിധിച്ചു. രണ്ടാംഘട്ട കുറ്റപത്രം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ശിക്ഷക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
ദേശീയ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനായിരുന്നു രണ്‍ജീത് ശ്രീനിവാസന്‍. ആലപ്പുഴ മുല്ലയ്‌ക്കല്‍ ശാഖാ സ്വയംസേവകനായിരുന്നു. ഭാരതീയ അഭിഭാഷക പരിഷത്ത്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം, ബിജെപി എന്നീ പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത ചുമതലകളും വഹിച്ചു. ആലപ്പുഴ നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിരുന്നു. സംഘ സ്വയംസേവകന്‍ എന്നറിയപ്പെടാനായിരുന്നു രണ്‍ജീത് ഏറെ ആഗ്രഹിച്ചത്. രണ്ട് പെണ്‍മക്കളേയും, ഭാര്യയേയും തന്റെ വഴിയിലൂടെ തന്നെ കൈപിടിച്ചു നടത്തി. രണ്‍ജീതിന്റെ മരണശേഷവും അവര്‍ കൂടുതല്‍ ഉറപ്പോടെ ആ പാതയിലൂടെ തന്നെ സഞ്ചരിക്കുന്നു. വൃദ്ധമാതാവ്, ഭാര്യ, മക്കള്‍ എന്നിവരുടെ ഏക ആശ്രയമായിരുന്ന കുടുംബനാഥനെയാണ് മതഭീകരര്‍ അരുംകൊല ചെയ്തത്.