• Sun. Apr 5th, 2026

24×7 Live News

Apdin News

അണുബോംബിന്റെ കല്ലറ; ആപത്തിന്റെ കൊലയറ

Byadmin

Apr 5, 2026



കാഴ്ചയില്‍ അതിസുന്ദരമാണ് മാര്‍ഷല്‍ ദ്വീപുകള്‍. നിറയെ പച്ചപ്പാണ്, എങ്ങും പവിഴപ്പുറ്റുകളും. പവിഴത്തടാകങ്ങളില്‍ നിറയെ രുചിയേറിയ മത്സ്യങ്ങളാണ്. ആകെ 29 പവിഴ ദ്വീപുകള്‍ ചേര്‍ന്നതാണ് പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകള്‍… പക്ഷേ സൗന്ദര്യം പുറംകാഴ്ചയ്‌ക്കു മാത്രം. തൊട്ടുചേര്‍ന്നിരിക്കുന്ന പവിഴ ദ്വീപുകളിലൊന്നിന്റെ മനോഹര തീരത്ത് കൊടുംചതിയുടെ ഒരു കോണ്‍ക്രീറ്റ് പത്തായമുണ്ട്. ദ്രവിച്ചു തുടങ്ങിയ ഒരു കല്ലറ. മേല്‍മുടിക്കു മാത്രം 377 അടി വിസ്തീര്‍ണ്ണമുള്ള ഒരു കോണ്‍ക്രീറ്റ് കല്ലറ. ‘മരണത്തിന്റെ കല്ലറ’യെന്നാണ് നാട്ടുകാര്‍ അതിനെ വിളിക്കുക. അതിലാണ് ഒരു ലക്ഷത്തിലേറെ ചതുരശ്ര മീറ്റര്‍ ആണവ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. വികിരണമേല്‍ക്കുന്നവനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഉഗ്രശക്തിയുള്ള ആണവ മാലിന്യം. ഒപ്പം റേഡിയോ ആക്ടീവ് നിറഞ്ഞ ടണ്‍ കണക്കിന് കരമണ്ണും.

പക്ഷേ യാതൊരു സുരക്ഷിതത്വ ഏര്‍പ്പാടുമില്ല, ഈ ദ്വീപില്‍. മേല്‍നോട്ടത്തിനും ആരുമില്ല. പാപം ചെയ്തവരെ കല്ലെറിയാനും ആരുമില്ല. പാവപ്പെട്ട ദ്വീപുവാസികളെ കുരുതികൊടുക്കുന്നതിന് കെട്ടിപ്പടുത്ത ഈ ‘മരണക്കല്ലറ’യുടെ ഉടമ സാക്ഷാല്‍ അമേരിക്കയാണ്.

രണ്ടാം ലോകമഹായുദ്ധ ശേഷം വന്‍ശക്തികള്‍ക്കിടയില്‍ രൂപമെടുത്ത ശീതയുദ്ധ കാലത്ത് അമേരിക്ക പൊട്ടിച്ചു കളിച്ച അണുബോംബുകളുടെ അവശിഷ്ടങ്ങളാണ് ഈ അറയില്‍. അത്യപകടകാരിയായ പ്ലൂട്ടോണിയം- 239 എന്ന ഐസോടോപ്പ് ആണ് കല്ലറ നിറയെ. പ്ലൂട്ടോണിയം- 239 ന്റെ അര്‍ധായുസ്സ് 24100 വര്‍ഷമാണെന്നുകൂടി നാം ഓര്‍ക്കണം. അതായത് റേഡിയേഷന്‍ അഥവാ വികിരണം നടത്തി ദ്രവിച്ച് രൂപാന്തരം വരുന്നതിന് എടുക്കുന്ന കാലയളവ്‌കേവലം 24100 വര്‍ഷം. ഒരു തരി മതി ആളെക്കൊല്ലാന്‍ എന്നത് ഈ ഐസോടോപ്പിന്റെ എടുത്തുപറയേണ്ട സവിശേഷതയും.

ശീതയുദ്ധകാലത്ത് അണുബോംബ് പരീക്ഷണം ഒളിച്ചു നടത്താന്‍ അമേരിക്ക കണ്ടെത്തിയ ഇടമാണ് പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകള്‍. അവിടെ അല്ലലറിയാതെ കഴിഞ്ഞ ആദിവാസികളെ പറഞ്ഞു പറ്റിച്ചാണ് ബോംബ് പൊട്ടിച്ച് കളിക്കാനുള്ള അവകാശം അമേരിക്ക കൈവശപ്പെടുത്തിയത്. അതിന് പ്രത്യുപകാരമായി അമേരിക്ക ഉറപ്പുനല്‍കിയതാവട്ടെ, ദ്വീപുവാസികളുടെ പൂര്‍ണ്ണ സുരക്ഷിതത്വവും ഐശ്വര്യവും!
അങ്ങനെ കേവലം 12 വര്‍ഷങ്ങള്‍ കൊണ്ട് മാര്‍ഷല്‍ ദ്വീപില്‍ അമേരിക്ക പൊട്ടിച്ചത് 67 അണുബോംബുകള്‍. അവയില്‍ മിക്കതും ഹിരോഷിമയില്‍ പൊട്ടിച്ചതിന്റെ ഇരട്ടിയിലേറെ ശക്തിയുള്ളവ. അവയിലേറെയും നടത്തിയത് ദ്വീപുസമൂഹത്തിലെ ‘എനിവിറ്റാക്’ പവിഴ ദ്വീപിലും. 1954 ല്‍ കാസില്‍ ബ്രാവോ’എന്ന ഓമനപ്പേരിട്ട് നടത്തിയ ആണവ പരീക്ഷണത്തില്‍ എനിവിറ്റാക്കില്‍ അവര്‍ പൊട്ടിച്ചത് 12 മെഗാ ടണ്‍ ശേഷിയുള്ള ഒരു ഹൈഡ്രജന്‍ ബോംബായിരുന്നത്രെ. അന്നതിന്റെ പൊടിപടലങ്ങളും അവക്ഷിപ്തങ്ങളും നേരെ പറന്നെത്തിയത് ജനാധിവാസമുള്ള റോംഗ്ലാപ്, യൂട്രിക് തുടങ്ങിയ ദ്വീപുകളിലായിരുന്നു. മഞ്ഞ് പാളികള്‍ പോലെ വീടിനു ചുറ്റും വീണു ഖനീഭവിച്ച റേഡിയോ ആക്ടീവ് വിഷ ധൂളികള്‍ പാവം കുട്ടികള്‍ വാരിക്കളിച്ചതായാണ് ചരിത്രം. അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ സുരക്ഷിതത്വ ഏര്‍പ്പാടുകള്‍ ഒരുക്കാനോ ‘മഹത്തായ’ അമേരിക്കന്‍ സാമ്രാജ്യം കൂട്ടാക്കിയില്ല. എനിവെറ്റാക് ദീപിലും ചുറ്റുവട്ടത്തും ആണവ താണ്ഡവംനടത്തിയപ്പോള്‍ യു.എസ്. സൈന്യത്തിന്റെ മേധാവി നാട്ടുകാരോട് പറഞ്ഞ ന്യായം ഇങ്ങനെ- ”ഇതൊരു ത്യാഗമാണ്. നിങ്ങളുടെ ഈ ത്യാഗം മനുഷ്യരാശിയുടെ നന്മയ്‌ക്കുവേണ്ടിയാണെന്ന് മനസ്സിലാക്കണം. ഇനിയൊരിക്കലും ഒരു ലോകമഹായുദ്ധംഉണ്ടാകാതിരിക്കുന്നതിന്വേണ്ടിയാണ് ഇതൊക്കെ ഞങ്ങള്‍ ചെയ്യുന്നത്.”

പാവം ദ്വീപുവാസികള്‍ അതൊക്കെ കണ്ണടച്ച് വിശ്വസിച്ചു. ബോംബ് പൊട്ടിക്കാനുള്ള സൗകര്യത്തിന് അവര്‍ ദ്വീപുകള്‍ മാറിമാറി താമസിച്ചു. പട്ടാളം ‘ഒ.കെ’ പറഞ്ഞപ്പോള്‍ തിരികെ വന്നു. പട്ടാളം കൃത്യമായി നല്‍കിയ ഗോതമ്പും പാല്‍പ്പൊടിയും ബിസ്‌ക്കറ്റും കഴിച്ച് വിശപ്പടക്കി. പക്ഷേ തങ്ങള്‍ മാരകമായ ആണവ വിപത്തിന്റെ നടുവിലാണെന്ന കാര്യം ആ പാവങ്ങള്‍ തിരിച്ചറിഞ്ഞില്ല. അവസാനം, പരീക്ഷണമൊക്കെ ഒതുക്കി ഒടുവിലത്തെ ബോംബും പൊട്ടിച്ച് സംതൃപ്തിയോടെ മടങ്ങുമ്പോള്‍ ഒരു ഉറപ്പ്കൂടി നല്‍കാന്‍ അമേരിക്കന്‍ സൈന്യം മറന്നില്ല- എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചിരിക്കുന്നു. ഒന്നും പേടിക്കാനില്ല: ഒരു അപകടവുമില്ല. കൃഷിയിറക്കുക. പഴങ്ങളും പച്ചക്കറികളുമൊക്കെ ഭയം കൂടാതെ കൃഷി ചെയ്ത് കഴിക്കുക. കടല്‍ മീനുകളെ പിടിച്ച് വറുത്തു തിന്നുക…

ദോഷം പറയാന്‍ വയ്യ- അമേരിക്കക്കാര്‍ തികഞ്ഞ മാന്യന്മാരായിരുന്നു. എനിവിറ്റാക്കിലും ബിക്കിനിയിലുമൊക്കെ നടത്തിയ സ്‌ഫോടനത്തിന്റെ ആണവ അവശിഷ്ടങ്ങള്‍ വാരിയെടുത്ത് സുരക്ഷിതമായി സൂക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു. അത്യപകടകാരിയായ പ്ലൂട്ടോണിയം ഐസോടോപ്പും മറ്റും സൂക്ഷിക്കാന്‍ അവര്‍ കണ്ടെത്തിയത് എനിവിറ്റാക്കിലെ പവിഴ ദ്വീപിന്റെ കടലോരത്ത് അണുബോംബ് പൊട്ടിച്ചുണ്ടായ വലിയൊരു കിടങ്ങിലായിരുന്നു. തങ്ങള്‍ നടത്തിയ ‘കാക്റ്റസ്’ എന്ന അണുപരീക്ഷണത്തിനിടയില്‍ രൂപപ്പെട്ട പൊട്ടിത്തകര്‍ന്ന പടുകൂറ്റന്‍ ഗര്‍ത്തത്തില്‍.

തരിമ്പും ഉറപ്പില്ലാത്ത പഞ്ചസാര മണലിലായിരുന്നു ആ ഗര്‍ത്തം. അരിപ്പപോലെ സുഷിരങ്ങള്‍ നിറഞ്ഞ ആ ഗര്‍ത്തമാവട്ടെ ഒരു പവിഴപ്പുറ്റിലാണ് സ്ഥിതി ചെയ്തിരുന്നത്. ഉഗ്രസ്‌ഫോടനത്തില്‍ നിറയെ വടുക്കളും വിടവുകളും നിറഞ്ഞ ആ ഗര്‍ത്തം മുനിസിപ്പല്‍ മാലിന്യം സൂക്ഷിക്കാന്‍ പോലും യോഗ്യതയില്ലാത്തതായിരുന്നുവത്രെ. വേലിയേറ്റ സമയത്ത് കടല്‍ നിരപ്പിനെക്കാളും താഴ്ചയില്‍ സ്ഥിതിചെയ്യുന്ന ആ ഗര്‍ത്തത്തിലാണ് അമേരിക്കന്‍ പട്ടാളം മാരകമായ ആണവ മാലിന്യം നിറച്ചത്. തുടക്കത്തില്‍ യു.എസ്. പരിസ്ഥിതി വകുപ്പ് അത് എതിര്‍ത്തു. കടല്‍ ജലം മലിനമാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. കിടങ്ങിന്റെ അടിയില്‍ നിര്‍ദ്ദിഷ്ട അളവില്‍ കോണ്‍ക്രീറ്റ്‌സുരക്ഷാ കവചം നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം പോലും സൈന്യം ചെവിക്കൊണ്ടില്ല. അങ്ങനെ ഗര്‍ത്തം നിറയെ ആണവമാലിന്യം നിറയ്‌ക്കാന്‍ തീരുമാനിച്ചു. അതിനായി നിയോഗിച്ചതാവട്ടെ, തങ്ങള്‍ക്കുവേണ്ടി പണിയെടുത്ത മുന്‍ സൈനികരെയും. ആറായിരത്തോളം സൈനികര്‍ മൂന്നുവര്‍ഷംകൊണ്ടാണത്രെ പണിപൂര്‍ത്തിയാക്കിയത്. 1977 മുതല്‍ 1980 വരെ യാതൊരു സുരക്ഷിതത്വ ഉപകരണങ്ങളും നല്‍കാതെ, രക്ഷാമുഖംമൂടികള്‍ പോലും നല്‍കാതെ ആ അപകടകരമായ ജോലി അവര്‍ നിര്‍വഹിച്ചു. പല്ലിന്റെഎക്‌സ്-റേ എടുക്കുമ്പോഴുണ്ടാകുന്ന വികിരണം പോലും നിങ്ങള്‍ക്കുണ്ടാവില്ലെന്ന് സൈനികമേധാവികള്‍ തങ്ങളുടെ മുന്‍ പട്ടാളക്കാരെ ആശ്വസിപ്പിച്ചു.

ഒരു ലക്ഷത്തിലേറെ ക്യുബിക്മീറ്റര്‍ ആണവ മാലിന്യമാണ് ആ കുഴിയില്‍ അവര്‍ കുത്തി നിറച്ചത്. പതിനെട്ട് ഇഞ്ച് കനമുള്ള ഒരു കോണ്‍ക്രീറ്റ് അടപ്പും സ്ഥാപിച്ചു. പിന്നെ ആരും അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. വികിരണക്കുഴിയുടെ അറ്റകുറ്റപ്പണി നടത്തിയതുമില്ല: നാട്ടുകാരുടെ ആരോഗ്യ പരിശോധനകള്‍ നടത്തിയില്ല: കോണ്‍ക്രീറ്റ് അടപ്പ് ബലപ്പെടുത്തിയതുമില്ല. ആഗോളതാപനത്തിന്റെ കരുത്തില്‍ കടല്‍ നിരപ്പ് ഉയര്‍ന്നതും വേലിയേറ്റ ജലം കല്ലറയുടെ മുകളിലേക്ക് അടിച്ചു കയറുന്നതും ആരും ശ്രദ്ധിച്ചതുമില്ല.

പക്ഷേ ഒരിക്കല്‍ നാട്ടുകാര്‍ അതറിഞ്ഞു. മാര്‍ഷല്‍ ദ്വീപു സമൂഹത്തിന് അമേരിക്ക പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയ 1986 ല്‍. അപകടകരമായ മാലിന്യക്കുഴി അടക്കം ദ്വീപിലെ എല്ലാ ആസ്തി ബാധ്യതകളുടെയും പൂര്‍ണ ഉത്തരവാദിത്വം ദ്വീപ് സര്‍ക്കാരിന്മാത്രമായിരിക്കുമെന്ന് കരാറില്‍ അമേരിക്ക കുറിച്ചതാണ് അവരെ കോപാകുലരാക്കിയത്. ‘ഈ ആണവ ശവക്കല്ലറ ഞങ്ങള്‍ ഉണ്ടാക്കിയതല്ല. ഇത് നിങ്ങളുടെതാണ്. നിങ്ങളുടേത് മാത്രം. ഇതിന്റെ രഹസ്യം നിങ്ങള്‍ ഞങ്ങളില്‍ നിന്ന് മറച്ചുവെച്ചു. യു.എസ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക ”മാര്‍ഷല്‍ ദ്വീപുകളുടെ പ്രസിഡന്റ് ഹില്‍ഡ ഹിന്‍ ആക്രോശിച്ചു; കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. പവിഴദ്വീപുകളില്‍ വാരിവിതറിയ ആണവ മാലിന്യത്തില്‍ കേവലം ഒരു ശതമാനം മാത്രമേ അമേരിക്ക കല്ലറയില്‍ മൂടിയിട്ടുള്ളൂവെന്ന് ഒരു വിഭാഗം ഗവേഷകര്‍ വെളിപ്പെടുത്തിയത് ജനരോഷം ഇരട്ടിപ്പിച്ചു. പക്ഷേ അമേരിക്ക കുലുങ്ങിയില്ല. ”ഇതില്‍ ഒരു ചെറിയ ലീക്ക് സംഭവിച്ചാല്‍ ഒന്നും ഭയക്കാനില്ല. ഈ ആണവ മാലിന്യങ്ങള്‍ ആര്‍ക്കും വലിയ കുഴപ്പമുണ്ടാക്കില്ല.”

പക്ഷേ റൂണിറ്റ് ദ്വീപിലെ കല്ലറയില്‍ കുടികൊള്ളുന്ന ആണവ പ്രേതം മാര്‍ഷല്‍ ദ്വീപുകാരെ മാത്രമല്ല വേട്ടയാടുന്നത്. അത് കടല്‍ ജീവികളിലേക്കും പരിസ്ഥിതിയിലേക്കും സംക്രമിക്കുന്നു. ദീപുവാസികളില്‍ ക്യാന്‍സര്‍ രോഗം വ്യാപകമാകുന്നു. ചില ദ്വീപുകളിലെ പഴങ്ങളും പച്ചക്കറികളും മനുഷ്യന് ഉപയോഗിക്കാന്‍ കഴിയുന്നതിലേറെ വിഷമയമായിരിക്കുന്നു. കഴിക്കുന്നവര്‍ രോഗികളാവുന്നു. ചൂണ്ടയിട്ട മത്സ്യങ്ങളെ പോലും വിശ്വസിച്ച് കഴിക്കാനാവുന്നില്ല… ജീവഭയം മൂലം സംസ്‌കരിച്ച ഭക്ഷണം ഇറക്കുമതി ചെയ്ത് കഴിക്കാന്‍ നിര്‍ബന്ധിതരായ ദ്വീപുവാസികളില്‍ പ്രമേഹവും പൊണ്ണത്തടിയും അനുബന്ധ രോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. എനിവാക്കും ബിക്‌നിയും ഒക്കെ വിങ്ങിക്കരയുകയാണ്; അമേരിക്ക ചിരിക്കുകയും. പക്ഷേ മാര്‍ഷല്‍ ദ്വീപുവാസികളുടെ പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല.

By admin