• Mon. Mar 24th, 2025

24×7 Live News

Apdin News

അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരില്‍ യുഎന്‍ സമ്മര്‍ദം ചെലുത്തണം: ആര്‍എസ്എസ്

Byadmin

Mar 23, 2025



ബെംഗളൂരു: ഹിന്ദുക്കള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ മനുഷ്യത്വരഹിത അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്‌ട്രസഭയും അന്താരാഷ്‌ട്ര സമൂഹവും ബംഗ്ലാദേശ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ. സമീപ കാലത്തു ബംഗ്ലാദേശിലെ ഭരണമാറ്റ ശേഷം തുടര്‍ച്ചയായുണ്ടാകുന്ന ഇസ്ലാമിക അക്രമങ്ങളില്‍ പ്രതിനിധി സഭാ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹവും നേതൃത്വവും ഇതില്‍ ബംഗ്ലാദേശ് ഹിന്ദുക്കള്‍ക്കായി ശബ്ദമുയര്‍ത്തണമെന്ന് പ്രതിനിധി സഭ ആഹ്വാനം ചെയ്തു. ആസൂത്രിതവും നിരന്തരവുമായ അക്രമവും അനീതിയും അടിച്ചമര്‍ത്തലുമാണ് അവിടെ നടമാടുന്നത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

ഭരണമാറ്റത്തെത്തുടര്‍ന്നു മഠങ്ങള്‍, ക്ഷേത്രങ്ങള്‍, ദുര്‍ഗാപൂജ പന്തലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കു നേരേ നിരവധി ആക്രമണങ്ങളുണ്ടായി. ദേവതകളെ അപമാ
നിക്കല്‍, ക്രൂരമായ കൊലപാതകങ്ങള്‍, സ്വത്തുക്കള്‍ കൊള്ളയടിക്കല്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗികമായി പീഡിപ്പിക്കല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തുടര്‍ച്ചയാകുന്നു. ഈ സംഭവങ്ങളുടെ ഇരകളില്‍ ഭൂരിഭാഗവും ഹിന്ദുക്കളും ഇതര ന്യൂനപക്ഷ സമൂഹങ്ങളുമാണ്. അതുകൊണ്ടുതന്നെ ഇവ രാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ ഭാഗം മാത്രമാണെന്ന് അവകാശപ്പെട്ട് മതപരമായ വശം നിഷേധിക്കുന്നത് സത്യത്തിനു നിരക്കാത്തതാണെന്നു പ്രമേയം ചൂണ്ടിക്കാട്ടി.

പട്ടികജാതി-വര്‍ഗക്കാര്‍ അടക്കമുള്ള ഹിന്ദുക്കള്‍ മതഭ്രാന്തരായ ഇസ്ലാമിക ശക്തികളുടെ പീഡനത്തിനിരയാകുന്നത് ബംഗ്ലാദേശില്‍ പുതിയ കാര്യമല്ല. അന്നാട്ടിലെ ഹിന്ദു ജനസംഖ്യയില്‍ തുടര്‍ച്ചയായുണ്ടാകുന്ന കുറവ് നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്നതാണ്. 1951ല്‍ 22 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് 7.95 ശതമാനമായി. അക്രമത്തിനും വിദ്വേഷ നീക്കങ്ങള്‍ക്കും സര്‍ക്കാരും സംവിധാനങ്ങളും പിന്തുണ നല്കുന്നത് ഗുരുതരമായ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ്. ബംഗ്ലാദേശില്‍ നിന്നു തുടര്‍ച്ചയായി പുറത്തുവരുന്ന ഭാരതവിരുദ്ധ പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നു പ്രമേയം പറഞ്ഞു.

രാജ്യങ്ങള്‍ തമ്മില്‍ അവിശ്വാസത്തിന്റെയും ഏറ്റുമുട്ടലിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് ഭാരതത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ മുഴുവന്‍ അസ്ഥിരത വളര്‍ത്താന്‍ ചില അന്താരാഷ്‌ട്ര ശക്തികളുടെ കൂട്ടായ ശ്രമം നടക്കുന്നുണ്ട്. അത്തരം ഭാരത വിരുദ്ധ സാഹചര്യങ്ങളുണ്ടാക്കുന്ന പാകിസ്ഥാന്റെയും ഡീപ് സ്റ്റേറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടണമെന്നും അവയ്‌ക്കെതിരേ ശബ്ദമുയര്‍ത്തണമെന്നും അന്താരാഷ്‌ട്രതല ചിന്തകരോടും നേതാക്കളോടും ആര്‍എസ്എസ് പ്രതിനിധി സഭ അഭ്യര്‍ഥിച്ചു.

ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയ്‌ക്ക് ഇന്ന് സമാപനമാകും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാവ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ സംഘത്തിന്റെ നൂറാം വാര്‍ഷികത്തോടാനുബന്ധിച്ചുള്ള മറ്റ് കാര്യങ്ങളെ കുറിച്ച് ഇന്ന് വിശദീകരിക്കും.

By admin