
തൃശൂർ: നടിയെ ആക്രമിച്ച കേസില്‍ ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് നടന്‍ ടൊവിനോ തോമസ്. അതിജീവിതയ്‌ക്ക് നീതി ലഭിക്കുകയാണ് പ്രധാനമെന്നും ടൊവിനോ പറഞ്ഞു. ‘നമ്മള്‍ കേസ് ഫയലും കണ്ടിട്ടില്ല, കൃത്യം നടക്കുന്നതും നേരിട്ട് കണ്ടിട്ടില്ല. അതുകൊണ്ട് കോടതിവിധിയെ നമ്മള്‍ വിശ്വസിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കില്‍, ഞാനും കാത്തിരിക്കുകയാണ്. ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഒരുകാരണവശാലും രക്ഷപ്പെടരുത്.’ -ടൊവിനോ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. സ്വന്തം നാടായ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ബൂത്തിലാണ് ടൊവിനോ കുടുംബസമേതമെത്തി വോട്ട് ചെയ്തത്. ‘കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് നല്ല കാര്യമാണ്. അല്ലാതെ ഞാനെന്താ പറയുക. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് (മാധ്യമപ്രവര്‍ത്തകര്‍ക്ക്) അറിയാവുന്നത്ര പോലും ചിലപ്പൊ എനിക്ക് അറിയില്ലായിരിക്കും. അതിജീവിതയ്‌ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.’ -ടൊവിനോ പറഞ്ഞു.
കോടതി എല്ലാ ശരിയായി മനസിലാക്കി എന്നാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും അമ്മ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരന്‍ പറഞ്ഞത്. വിധിയിലുള്ളത് കോടതിയുടെ അറിവും ബോധ്യവും ആണെന്നായിരുന്നു സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം. നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെല്ലാം ശിക്ഷിക്കപ്പെട്ടെന്നും കോടതി വിധിയെ ബഹുമാനിക്കുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.