
തിരുവനന്തപുരം: ബംഗളുരുവിലെ പരാതിക്കാരി രഹസ്യമൊഴി നല്‍കിയതിന് പിറ്റേന്ന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തിട്ടുണ്ടെന്ന് എം എല്‍ എയുടെ അഭിഭാഷകന്‍.നമ്പര്‍ ബ്ലോക്ക് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ അബദ്ധത്തിലാണ് കോള്‍ പോയതെന്നും അഭിഭാഷന്‍ കോടതിയില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടെയാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഉത്തരവ് മാര്‍ച്ച് 19ന് പുറപ്പെടുവിക്കും.
പരാതിക്കാരി രഹസ്യമൊഴി നല്‍കിയതിന്റെ പിറ്റേന്ന്, ഫെബ്രുവരി 17ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അവരെ വിളിച്ചുവെന്നും അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ 17ന് കോള്‍ പോയെങ്കില്‍ അന്നു തന്നെ പൊലീസ് അപേക്ഷ നല്‍കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു.ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഹര്‍ജി.
ജനുവരിയിലും പരാതിക്കാരിയുടെ അടുത്ത ബന്ധു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് പരിശോധിച്ചതിനു തെളിവുണ്ടെന്നും പ്രതിഭാഗം വാദിച്ചു.