
കട്ടപ്പന: കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പക്ഷേ കേരളത്തിലെ ഏറ്റവും വലിയ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഒന്നാകെ പരിതാപകരമായ അവസ്ഥയിലാണ്.
മൂന്നാര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായിരുന്ന ഇടമലക്കുടിയെ 2010 നവംബര്‍ ഒന്നിനാണ് സ്വതന്ത്ര പഞ്ചായത്താക്കിയത്. മുതുവാ സമുദായക്കാര്‍ മാത്രം അധിവസിക്കുന്ന ഇവിടുത്തെ ജനസംഖ്യ മൂവായിരത്തോളം മാത്രം. ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ഇവര്‍ക്ക് പറയാനുള്ളത് ദുരിതത്തിന്റെ കഥകള്‍ മാത്രം. സുരക്ഷിതമായ, അടച്ചുറപ്പുള്ള വീടുകളില്ലാതെ നിരവധി കുടുംബങ്ങളാണ് ഷെഡ്ഡുകളില്‍ അന്തിയുറങ്ങുന്നത്.
ഇടമലക്കുടി ഗോത്രവര്‍ഗ ഗ്രാമ പഞ്ചായത്തായ ശേഷം ഇടതുവലത് സര്‍ക്കാരുകള്‍ മൂന്നുതവണ അധികാരത്തിലേറിയെങ്കിലും ഇവിടുത്തെ ജനജീവിതം ദുരിതക്കടലില്‍. ഗതാഗതയോഗ്യമായ റോഡ് ഇനിയുമില്ല. ഏതാനും വര്‍ഷം മുമ്പ് വനാതിര്‍ത്തിയായ പെട്ടിമുടിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്ക് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വനംവകുപ്പിന്റെ വിലക്കിനെ തുടര്‍ന്ന് ഒന്നും സംഭവിച്ചില്ല. പിന്നീട് വനംവകുപ്പ് വിലക്ക് മറികടന്ന് രണ്ടുവര്‍ഷം മുമ്പ് റോഡ് നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. ഏഴ് കിലോമീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്തതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നുമുണ്ടായില്ല. ഇപ്പോഴും ഒരു ജീപ്പിനു പോലും സൊസൈറ്റിക്കുടിയിലെത്താനാവില്ല.

വൈദ്യുതിയും ടെലിഫോണും പ്രാഥമികാരോഗ്യ കേന്ദ്രവും വിദ്യാലയവുമൊക്കെ വന്നെങ്കിലും ഭൂരിഭാഗം പേര്‍ക്കും പ്രയോജനമില്ല. പഞ്ചായത്തില്‍ 27 കുടികളാണുള്ളത്. ആസ്ഥാനമായ സൊസൈറ്റിക്കുടിയില്‍ നിന്നും കാട്ടുപാതയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാലേ ഓരോ കുടിയിലും എത്താനാകൂ. 750 വീടുകളുള്ളതില്‍ ഭൂരിഭാഗവും പ്രാചീന രീതിയില്‍. സര്‍ക്കാര്‍ അനുവദിച്ച ഏതാനും വീടുകളുടെ നിര്‍മാണവും ഇഴയുകയാണ്. റേഷനെ ആശ്രയിച്ചാണ് ഇടമലക്കുടിക്കാരുടെ ജീവിതം. രണ്ടു റേഷന്‍ കടകള്‍ മാത്രമാണ് 106 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇവിടെയുള്ളത്. റേഷന്‍ സാധനങ്ങള്‍ തലച്ചുമടായിട്ടാണ് ഈ കടകളില്‍ എത്തിക്കുന്നത്.
സ്വന്തമായി പഞ്ചായത്ത് ഓഫീസ് ഉണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ മിക്കപ്പോഴും എത്താറില്ല. പകരം 40 കിലോമീറ്റര്‍ അകലെയുള്ള ദേവികുളത്ത് ഇരുന്നാണ് ഇടമലക്കുടിയുടെ ഭരണ നിയന്ത്രണം. ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ അവകാശവാദം ഉന്നയിക്കുന്നിടത്ത് ഇവിടെ ഗുരുതര രോഗം ബാധിച്ചവരെ മഞ്ചലില്‍ ചുമന്നാണ് കാടിനു വെളിയിലെത്തിച്ച് ആശുപത്രികളിലെത്തിക്കുന്നത്.
കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ചുമലില്‍ ചുറ്റിയ സാരിത്തുമ്പില്‍ കുട്ടിയെ പൊതിഞ്ഞ് ഇരുത്തി കൈയില്‍ ഒരു കാട്ടുകമ്പും വാക്കത്തിയും പിടിച്ചാണ് കാട്ടുപാതകളിലൂടെ സ്ത്രീകള്‍ നടന്നുനീങ്ങുന്നത്. കാടിനോടും മണ്ണിനോടും തോല്‍ക്കാതെ കരളുറപ്പുമായി പുരുഷന്മാരും കുടികളില്‍ നിന്നും കുടികളിലേക്ക് യാത്രചെയ്യുന്നു. കാട്ടാനകളും കരടിയും കടുവയും കാട്ടുപോത്തും വിഹരിക്കുന്ന കാട്ടുപാതകളിലൂടെ…