• Thu. Dec 18th, 2025

24×7 Live News

Apdin News

അതിര്‍ത്തികാക്കാന്‍ കൂടുതല്‍ കരുത്തോടെ… വ്യോമസേനയ്‌ക്ക് മൂന്ന് അപ്പാച്ചെ ഹെലികോപ്ടറുകള്‍ കൂടി

Byadmin

Dec 18, 2025



ന്യൂദല്‍ഹി: ഭാരതത്തിന്റെ അതിര്‍ത്തി സംരക്ഷണത്തിനായി മൂന്ന് അപ്പാച്ചെ ഹെലിക്കോപ്ടര്‍ കൂടി. യുഎസില്‍ നിന്നുള്ള അത്യാധുനിക അപ്പാച്ചെ ഹെലികോപ്ടറുകളുടെ അവസാന ബാച്ച് ആന്റണോവ് എഎന്‍-124 വിമാനത്തിലാണ് ചൊവ്വാഴ്ച ഗാസിയാബാദിലെ ഹിന്‍ഡന്‍ എയര്‍ബേസില്‍ ഇറക്കിയത്. ജോധ്പൂര്‍ 451 ആര്‍മി എവിയേഷന്‍ സ്‌ക്വാഡ്രണിലേക്കുള്ളതാണ് ഈ ഹെലികോപ്ടറുകള്‍.

പാകിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് ഈ അപ്പാച്ചെ ഹെലികോപ്ടറുകള്‍ വിന്യസിക്കുന്നത്. 2020ല്‍ യുഎസുമായി ഒപ്പുവെച്ച 600 മില്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിനുള്ളില്‍ ആറ് ആപ്പാച്ചെ ഹെലികോപ്ടറുകളാണ് ഭാരതത്തിന് കൈമാറേണ്ടിയിരുന്നത്. സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് നിശ്ചയിച്ച സമയത്തില്‍ അതിനു സാധിച്ചില്ല. പകരം ഈ വര്‍ഷം ജൂലൈയില്‍ മൂന്ന് ഹെലിക്കോപ്ടറുകള്‍ ഭാരതത്തിന് നല്‍കി. ബാക്കിയുണ്ടായിരുന്ന മൂന്ന് ഹെലിക്കോപ്ടറുകളാണ് കഴിഞ്ഞ ദിവസം കൈമാറിയത്. 206 നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന എഎച്ച്-64 അപ്പാച്ചെയാണിപ്പോള്‍ കൈമാറിയിട്ടുള്ളത്.

ശത്രുക്കളെ ആക്രമിക്കുന്നതിനും രഹസ്യാന്വേഷണത്തിനുമായി നിര്‍മിച്ചിട്ടുള്ള ഈ ഹെലിക്കോപ്ടറില്‍ അത്യാധുനിക ഡിജിറ്റല്‍ കണക്ടിവിറ്റി, ജോയിന്റ് ടാക്ടിക്കല്‍ ഇന്‍ഫര്‍മേഷമന്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം, ഡ്രോണുകള്‍, ചെറു മിസൈലുകള്‍, റോക്കറ്റുകള്‍, ചെയിന്‍ ഗണ്ണുകള്‍ എന്നിവ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്.

വ്യോമസേനയ്‌ക്ക് ഇതിനെ കൂടാതെ 22 അപ്പാച്ചെ ഹെലികോപ്ടറുകള്‍ ഉണ്ട്. അവ ലഡാക്കിലും പടിഞ്ഞാറന്‍ മേഖലകളിലും വിന്യസിച്ചിരിക്കുകയാണ്. മികച്ച കരുത്തും അതിജീവന ശേഷിയുമുള്ളതിനാല്‍ ഫ്‌ലയിങ് ടാങ്ക് എന്നാണ് അപ്പാച്ചെ അറിയപ്പെടുന്നത്. യുഎസ് അരിസോണയിലെ മേസയില്‍ നിര്‍മിക്കുന്ന ഇവ ലോകത്തിലെ ഏറ്റവും നൂതനമായ മള്‍ട്ടിറോള്‍ കോംബാറ്റ് ഹെലികോപ്ടറുകളില്‍ ഒന്നാണ്.

By admin