• Fri. Jan 10th, 2025

24×7 Live News

Apdin News

അതിര്‍ത്തി കടക്കാന്‍ ഇരുട്ടടി; ‘കൊല്ലാന്‍’ കെഎസ്ആര്‍ടിസിയും

Byadmin

Jan 10, 2025



ശബരിമല തീര്‍ത്ഥാടകരുടെ ദുരിതം മലയാത്രയില്‍ തുടങ്ങുകയാണ്. കാനന മധ്യത്തിലെ ക്ഷേത്രത്തിലെത്താന്‍ കാട്ടുമൃഗങ്ങളെയല്ല, ഇപ്പോള്‍ അധികൃതരെയാണ് ഭക്തര്‍ക്കു പേടി. അവരുടെ നിലപാടുകളേയും നിയന്ത്രണങ്ങളേയുമാണ്.

ഇതര സംസ്ഥാനക്കാര്‍ ഒരു വണ്ടി പിടിച്ച് ശബരിമലക്കു വരാമെന്നു കരുതിയാല്‍ പ്രവേശന നികുതി ഇനത്തില്‍ സര്‍ക്കാര്‍ പിരിക്കുന്നത് ഒരു സീറ്റിന് നാലായിരം രൂപ വരെയാണ്. 50 സ്ലീപ്പര്‍ സീറ്റുള്ള ബസ് അതിര്‍ത്തി കടക്കാന്‍ രണ്ടു ലക്ഷം രൂപയടക്കണം. പുഷ്ബാക്ക് സീറ്റെങ്കില്‍ ഒരു ലക്ഷത്തി അന്‍പതിനായിരം. ഓര്‍ഡിനറി സീറ്റെങ്കില്‍ 1,12,500 രൂപ വേണം. 26 സീറ്റുള്ള ടെമ്പോ ട്രാവലറാണെങ്കില്‍ 78,000 രൂപ.ഇന്നോവ പോലെയുള്ള വാഹനങ്ങള്‍ക്ക് 24,000 രൂപ.

എത്ര ഭക്തര്‍ക്കിത് താങ്ങാന്‍ പറ്റും? എന്നിട്ടും അവര്‍ വരുന്നു. ഒരു വര്‍ഷത്തെ അധ്വാനത്തില്‍നിന്നു മിച്ചം വെച്ച തുകയുമായി. പരാതിയും പരിഭവവും ഇല്ലാതെ.

സ്വന്തം നാട്ടിലേക്കു വരുന്ന തീര്‍ത്ഥാടകനെ ലോകത്തെവിടെയും പൂവിട്ടു പൂജിക്കും. എന്നാല്‍ ഇവിടെ കൊള്ള സംഘത്തെപ്പോലെ ശബരിമല തീര്‍ത്ഥാടകരെ വേട്ടയാടുന്നു. ഏതു വാഹനത്തില്‍ വന്നാലും അവര്‍ പമ്പക്ക് 20 കിലോമീറ്റര്‍ ഇപ്പുറം നിലക്കലില്‍ ഇറങ്ങണം. പിന്നെ കെഎസ്ആര്‍ടിസി മാത്രം ശരണം. വനപാതയില്‍ 15 വര്‍ഷത്തിലേറെ പ്രായമായ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഓട്ടത്തില്‍ കഴിഞ്ഞ ദിവസം ഒരു വണ്ടി തീ പിടിച്ചു. പല വണ്ടികളില്‍ നിന്നും പുക പലവഴിക്കു വരുന്നു. മാനദണ്ഡപ്രകാരം ബസിന്റെ കാലാവധി 15 വര്‍ഷമാണ്. ഈ നിയമം മറികടക്കാന്‍ സീസണ്‍ തുടങ്ങുന്നതിനു രണ്ടാഴ്ച മുമ്പ് 15 വര്‍ഷം പഴക്കം ചെന്ന 1117 ബസുകളുടെ കാലാവധി സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം നീട്ടിക്കൊടുത്തു. ഇതോടെ ഒരു വിധത്തില്‍ ഓടുന്ന പരുവമാക്കിയാണ് വണ്ടികളൊക്കെ കെഎസ്ആര്‍ടിസി പമ്പയ്‌ക്കു മാലചാര്‍ത്തി വിട്ടിരിക്കുന്നത്. വാങ്ങുന്നതോ, ഇരട്ടിയിലും അധികം ചാര്‍ജും. 50 രൂപയെന്ന് പറയുമെങ്കിലും കൊടുക്കുന്നത് 80 രൂപാ ടിക്കറ്റ്.

സീറ്റില്‍ ഇരുത്തിയേ യാത്ര ആകാവൂ എന്ന് പലവട്ടം കോടതി നിര്‍ദ്ദേശമുണ്ട്. അതൊന്നും ആരും ഗൗനിക്കുന്നില്ല. തിരക്കേറുന്ന സമയങ്ങളിലെല്ലാം അയ്യപ്പന്മാരെ കുത്തി നിറച്ചാണ് നിലക്കല്‍ പമ്പ സര്‍വീസ് കെഎസ്ആര്‍ടിസി ഇപ്പോഴും നടത്തുന്നത്.  കൊക്കകള്‍ക്കിടയിലൂടെ കൊടും വളവും കുത്തിറക്കവും താണ്ടിയുള്ള യാത്ര. ഈ യാത്രയില്‍ അയ്യപ്പന്മാര്‍ ഉറക്കെ വിളിക്കും…അയ്യപ്പാ ആപത്തു വരുത്തരുതേ…

വൃദ്ധരും കുട്ടികളും മാളികപ്പുറങ്ങളുമൊക്കെ തിക്കിനും തിരക്കിനുമിടയില്‍ വാഹനത്തില്‍ കയറാനും ഇറങ്ങാനും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്.

ശാസ്ത്രീയമായ പാര്‍ക്കിങ് ആസൂത്രണം ചെയ്താല്‍ പതിനായിരത്തിലേറെ ഇടത്തരം ചെറു വാഹനങ്ങള്‍ക്ക് പമ്പയിലെ വിവിധ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യാനാവും. എന്നാല്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇക്കാര്യത്തില്‍ കടുത്ത അലംഭാവം തുടരുന്നു. കോടതിയുടെ അനുമതിയില്‍ ഇത്തവണ സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ കുറച്ചു വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇത് ഇരുനൂറു ചെറുവാഹനങ്ങള്‍ക്കു മാത്രമേ പ്രയോജനപ്പെടൂ.

നിലക്കലില്‍ 110 ഹെക്ടര്‍ സ്ഥലമാണ് ദേവസ്വം ബോര്‍ഡിനുള്ളത്. ഇതില്‍ പകുതി പോലും പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്നില്ല. ബാക്കി കാടു കയറിക്കിടക്കുന്നു.

നിലക്കല്‍ അടക്കം ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിങ് പ്രദേശത്തൊന്നും ശാസ്ത്രീയ രൂപകല്പനയോ പരിപാലനമോ ഇല്ല. വാഹനങ്ങള്‍ നിന്നിടത്തു താഴാം, മണ്ണിടിഞ്ഞു മുകളില്‍ വീഴാം. ഇതെല്ലാം ഭക്തര്‍ സഹിച്ചേ പറ്റൂ… ഇത് കേരളമാണ്… ഇത് ശബരിമലയാണ് എന്ന മനോഭാവത്തില്‍ അധികൃതരും.
(തുടരും)

By admin