ശ്രീനഗര്‍ :ദീപാവലി രാത്രിയിലും അതിര്‍ത്തി കാക്കുന്ന ജോലിയില്‍ നിന്നും വിശ്രമമില്ല. ഇന്ത്യ പാക് അതിര്‍ത്തി നിയന്ത്രണ രേഖയിലെ സൈനികരുടെ ദീപാവലി നാളിലെ ദീപം കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെട്ടു. എഎൻഐ എന്ന വാര്‍ത്താ ഏജന്‍സിയാണ് ഈ വീഡിയോ പങ്കുവെച്ചത്.
രണ്ടു സൈനികര്‍ ഇന്ത്യാ പാക് നിയന്ത്രണരേഖയില്‍ മുള്ളുവേലിക്കടുത്ത് നിന്ന് ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ:
#WATCH | Jammu and Kashmir: Indian Army soldiers posted along the Line of Control (LoC) in the Akhnoor sector burst crackers and lit earthen lamps as they celebrate #Diwali pic.twitter.com/FOTY828R3Z
— ANI (@ANI) October 19, 2025
ജമ്മുകശ്മീരിലെ അഖ് നൂര്‍ സെക്ടറിലാണ് ഏതാനും പട്ടാളക്കാര്‍ ചേര്‍ന്ന് ദീപാവലി ആഘോഷിക്കുന്നത്. ഒരാള്‍ ദീപം കത്തിച്ച മണ്‍ചെരാതുമായി നില്‍ക്കുന്നത് കാണാം. മറ്റൊരു പട്ടാളക്കാരന്‍ മണ്‍ചെരാതുകള്‍ അതിര്‍ത്തിയിലെ കമ്പിവേലിയിലെ പോസ്റ്റില്‍ കൊണ്ടുപോയി വെയ്‌ക്കുന്നത് കാണാം. അതിനിടെ മൂന്നാമതൊരു സിഖ് പട്ടാളക്കാരനും അതിലെ ഒരു മണ്‍ചെരാതെടുത്ത് പോസ്റ്റില്‍ കൊണ്ടുപോയി വെയ്‌ക്കുന്നത് കാണാം. ദൂരെയുള്ള കുടുംബങ്ങളും അവരുടെ മനസ്സില്‍ ഓടിയെത്തുന്നുണ്ടാകാം. ദീപാവലി നാളിലും അതിര്‍ത്തി കാക്കുന്ന സൈനികരുടെ ത്യാഗവും ജാഗ്രതയും ഇവിടെ തൊട്ടറിയാനാകും.
തിന്മയ്‌ക്കെതിരെ നന്മയുടെ പ്രകാശം പരത്തുന്ന ദീപം തെളിച്ചുകൊണ്ടുള്ള ദീപാവലി ആഘോഷം അതിര്‍ത്തിയിലെ ഏകാന്തതയില്‍ മുള്ളുവേലികൊണ്ട് കെട്ടിത്തിരിച്ച അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇരുന്നും സൈനികര്‍ നിഷ്കളങ്കമായാണ് ആഘോഷിക്കുന്നത്.
പിന്നീട് ഇതേ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഒരു സംഘം പട്ടാളക്കാര്‍ ചേര്‍ന്ന് കമ്പിത്തിരിയും മത്താപ്പൂവും കത്തിക്കുന്നത് കാണാം. സമുദ്രനിരപ്പില്‍ നിന്നും എത്രയോ ഉയരത്തില്‍ തണുത്തുവിറയ്‌ക്കുന്ന ഒരിടത്ത് നിന്നാണ് ഇവര്‍ ലാത്തിരി കത്തിക്കുന്നത്. ദൂരെ അതിര്‍ത്തിയുടെ ഇരുട്ട് കാണാം. ഇതിന് ശേഷം ഒരു സീനിയറായ സിഖ് സൈനികര്‍ മധുരപലഹാരങ്ങള്‍ സൈനികരുടെ നാവില്‍ വെച്ച് കൊടുക്കുന്നത് കാണാം. പലരും ബുള്ളറ്റ് പ്രൂഫ് ധരിച്ചതായി കാണാനാവും.