
ബീജിങ്: യഥാർത്ഥ നിയന്ത്രണ രേഖയുടെ (എൽഎസി) പടിഞ്ഞാറൻ മേഖലയിലെ സംഘർഷങ്ങൾ നിയന്ത്രിക്കാൻ ഭാരതവും ചൈനയും സൈനിക കമാൻഡർ തല ചർച്ച നടത്തിയതായി വാർത്താ ഏജൻസിയായ റൂയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയെന്നാണ് വാർത്താ ഏജൻസിയുടെ വെളിപ്പെടുത്തൽ. ചർച്ചകൾ ‘ഗുണപരവും ആഴത്തിലുള്ളതുമായിരുന്നു’,വെന്നും അതിർത്തി മേഖലയിൽ സ്ഥിരത നിലനിർത്തുന്നതിനെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറിയെന്നും ചൈനീസ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും സംയുക്തമായി നിലനിർത്താനുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും വീണ്ടും ഉറപ്പിച്ചു.
നാല് വർഷത്തിലേറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഞായറാഴ്ച, ഭാരതവും ചൈനയും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു.
2020 ന്റെ ആരംഭം വരെ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പ്രവർത്തിച്ചിരുന്നു, പിന്നീട് കൊവിഡ് -19 മൂലം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതിനു പിന്നാലെ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം കണക്കിലെടുത്ത് സർവീസുകൾ പുനരാരംഭിക്കുന്നത് പിന്നെയും നീട്ടുകയായിരുന്നു.