
ന്യൂദല്‍ഹി: അതിർത്തി വിഷയങ്ങളെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഒന്നും അറിയില്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു. പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് അവയെ കുറിച്ച് പഠിക്കണമെന്നും റിജിജു പറഞ്ഞു. അരുണാചൽപ്രദേശിലെ ബുംലാ പാസിന് സമീപമുള്ള ഇന്ത്യ-ചൈന അതിർത്തിയിൽ സന്ദർശനം നടത്തുകയായിരുന്നു കിരൺ റിജുജു. 2020ലെ ഇന്ത്യാ-ചൈന പട്ടാളക്കാരുടെ ഏറ്റുമുട്ടലില്‍ ഒരു പ്രധാന സ്ഥലമാണ് ബുംലാ പാസിലെ വൈ ജംഗ്ഷന്‍.
ഗാൽവാൻ താഴ് വരയിലെ ഏറ്റുമുട്ടലിനെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തെയാണ് കിരൺ റിജിജു വിമർശിച്ചത്. മുൻ കരസേനാ മേധാവി ജനറൽ എംഎം നരവനെയുടെ പുസ്‌കത്തിൽ നിന്നുള്ള ഭാഗങ്ങൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി ഗാൽവൻ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചിരുന്നു.
ഗാല്‍വാന്‍ ഏറ്റുമുട്ടല്‍ നടന്ന സമയത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് എന്ത് ചെയ്യണമെന്ന് കരസേനാമേധാവിക്ക് നിര്‍ദേശം നല്‍കിയില്ലെന്നും പിന്നീട് എന്തുവേണമെങ്കിലും ഇഷ്ടം പോലെചെയ്തോളൂ എന്ന് അനുമതി നല്‍കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. നരാവനെയുടെ പുസ്തകത്തിലെ ഒരു ഭാഗം എടുത്താണ് രാഹുല്‍ ഗാന്ധി ഇത് പറഞ്ഞത്. പക്ഷെ ഇതിനെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി പാര്‍ലമെന്‍റില്‍ എതിര്‍ത്തു. പ്രസിദ്ധീകരിക്കാന്‍ പുസ്തകത്തില്‍ നിന്നും ഭാഗങ്ങള്‍ ഉദ്ധരിക്കരുതെന്നും സ്പീക്കര്‍ രാഹുല്‍ ഗാന്ധിയെ വിലക്കിയിരുന്നു. എന്നിട്ടും രാഹുല്‍ ഗാന്ധി കൂട്ടാക്കിയില്ല. ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെ കുറിച്ച് ചർച്ച ചെയ്യാൻ എന്താണുള്ളതെന്ന് കിരൺ റിജിജു ചോദിച്ചു.
ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. അതൊരിക്കലും രാഷ്‌ട്രീയ വിഷയമാക്കരുത്.
ദേശീയ സുരക്ഷാ വിഷയങ്ങൾ രാഹുൽ ഗാന്ധി രാഷ്‌ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.