
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനോടുള്ള രാഷ്‌ട്രീയ വിരോധം മൂലം സംസ്ഥാനത്തിന്റെ വികസനം മൂക്കുകുത്തിത്തന്നെ വീഴുമെന്ന് ആവർത്തിച്ച് ഉറപ്പിക്കുന്ന നടപടികളുമായി സംസ്ഥാനസർക്കാർ. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദേശീയപാത പരിപാടിയിൽ പങ്കെടുക്കാതെ ബഹിഷ്‌കരിക്കുന്ന പിണറായി സർക്കാറിന്റെ സഹായത്തോടെ ദേശീയപാതാ സമാന്തര ഉദ്ഘാടനം നടത്താൻ സിപിഎം തീരുമാനിച്ചു. ഈ വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കാതെ ബിജെപി വിരോധവും മോദി സർക്കാർ വിരോധവും പ്രകടിപ്പിച്ച് പിണറായി സർക്കാരിനൊപ്പം നിൽക്കുകയാണ്.
അതായത് കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടി കേരള വികസനത്തെ തകർക്കാനാണ് ഇരു മുന്നണികളും മത്സരിക്കുന്നതെന്ന് അർത്ഥം.
കേന്ദ്രവുമായി സഹകരിച്ച് സമന്വയത്തോടെ ഭരിക്കുന്ന സംവിധാനം കേരളത്തിൽ വരണമെന്നും ഇരുമുന്നണികളുടെയും വിരുദ്ധ നിലപാടുകളിൽനിന്ന് വ്യത്യസ്തമായ ഭരണ സംവിധാനം വരണമെന്നുമുള്ള ആവശ്യങ്ങൾക്ക് അടിവരയിടുന്നതായാണ് പുതിയ സംഭവ വികാസങ്ങൾ.
അതിനിടെ, മന്ത്രി റിയാസിനെ പങ്കെടുപ്പിക്കാതെ ദേശീയപാത ഉദ്ഘാടനം ചെയ്യുന്നുവെന്ന വിഷയം രാജ്യസഭയിൽ ഉന്നയിക്കാൻ സിപിഎം എംപി നോട്ടീസ് കൊടുക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു. അതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് പ്രോട്ടോകോളും ഈ പരിപാടിയുടെ നടപടി ക്രമങ്ങളും വിശദീകരിക്കാൻ അവസരമാകും. സിപിഎമ്മിന്റെയും പിണറായി സർക്കാരിന്റെയും രോഷം പ്രകടിപ്പിച്ച മന്ത്രിമാരുടെയും നിലപാടുകൾ പൊള്ളത്തരമെന്ന് തെളിയിക്കുന്നതിന് ഇത് അവസരമാകും.