കോതമംഗലം: യുവാവ് വിഷം ഉള്ളില്‍ച്ചെന്നു മരിച്ച സംഭവം കൊലപാതകം. അഥീന മാതൃകയാക്കിയത് ഷാരോണിനെ വിഷം കൊടുത്തുകൊന്ന ‘ഗ്രീഷ്മ’യെയായിരുന്നു. കഷായത്തില്‍ ഉപയോഗിച്ച അതേ കീടനാശിനി ‘പാരക്വിറ്റ്’ തന്നെ ഇവിടെയും ഉപയോഗിച്ചു.
കൊലപാതകത്തില്‍ അഥീന മാതൃകയാക്കിയത് തിരുവനന്തപുരത്തെ പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയെയായിയിരുന്നു. കഷായത്തില്‍ കലര്‍ത്തി നല്‍കിയ ‘പാര ക്വിറ്റ്’ എന്ന അതേ കീടനാശിനിയാണ് അഥീന, സുഹൃത്ത് അന്‍സിലിന് നല്‍കിയത്. ‘പാര ക്വറ്റ്’ ഡൈക്ലോറൈഡ് അടങ്ങിയ ഈ ഇനം കളനാശിനി രണ്ട് മില്ലി മുതല്‍ അഞ്ച് മില്ലി വരെ പോലും മരണകാരണമായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
എന്നാല്‍, എങ്ങിനെയാണ് ഇത് അന്‍സിലിന്റെ ഉള്ളില്‍ എത്തിച്ചതെന്നത് ഉള്‍പ്പെടെ അറിയാനുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ആസൂത്രിത കൊലപാതകം എന്നു തന്നെയാണ് പോലീസ് വിശേഷിപ്പിക്കുന്നത്. പോലീസിന്റെ സമയോചിത ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്.
സംഭവത്തില്‍ യുവാവിന്റെ പെണ്‍സുഹൃത്ത് അറസ്റ്റില്‍. മാതിരപ്പിള്ളി നെടുങ്ങാട്ട് മേലേത്ത്മാലിയില്‍ അന്‍സില്‍ അലിയാ (38) റുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍ സുഹൃത്ത് മാലിപ്പാറ ഇടയത്തുകുടി അഥീന (30) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അന്‍സിലിന് കളനാശിനി വിഷം നല്‍കി കൊല്ലുകയായിരുന്നുവെന്ന് അഥീന പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പോലീസ് പറയുന്നത്: വിവാഹിതനായ അന്‍സിലും അഥീനയും അടുപ്പത്തിലായിട്ട് രണ്ടു വര്‍ഷത്തിലേറെയായി. മാതാപിതാക്കള്‍ മരിച്ച അഥീന ഒറ്റയ്ക്കായിരുന്നു താമസം. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. അഥീനയുടെ വീട്ടിലെത്തി അന്‍സില്‍ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. ഇതിനിടെ മറ്റ് ചില പുരുഷന്മാരുമായി അഥീനയ്ക്ക് ബന്ധമുണ്ടെന്ന സംശയം അന്‍സില്‍ ഉന്നയിച്ചതോടെ ഇയാളെ ഇല്ലാതാക്കാന്‍ അഥീന തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനുള്ള പദ്ധതികള്‍ തയാറാക്കി.
കോതമംഗലത്തെ കടയില്‍നിന്നു രണ്ടു മാസം മുമ്പുതന്നെ അഥീന കളനാശിനി വാങ്ങി സൂക്ഷിച്ചിരുന്നു. ബുധനാഴ്ച അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കളനാശിനി കലര്‍ന്ന പാനീയം കുടിക്കാന്‍ നല്‍കി. വിഷം ഉള്ളില്‍ ചെന്ന ഇയാള്‍ മരിക്കുമെന്ന് തോന്നിയപ്പോള്‍ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് അഥീന വിഷം തന്നതായി ഇയാള്‍ അടുത്ത ബന്ധുവിനോട് പറഞ്ഞത്. ആലുവയിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടറോടും ഇക്കാര്യം പറഞ്ഞിരുന്നു.
പോലീസ് അഥീനയ്‌ക്കെതിരേ വധശ്രമത്തിന് കേസ് എടുത്തു. കോതമംഗലം സി.ഐ: പി.ടി ബിജോയിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രാഥമിക തെളിവുകള്‍ ലഭിക്കുകയും ചെയ്തതോടെ അഥീനയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇന്നലെ അന്‍സില്‍ മരിച്ചതോടെ കൊലകുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. ടിപ്പര്‍ ഡ്രൈവറാണ് മരിച്ച അന്‍സില്‍. കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ‘പാര ക്വറ്റ്’ എന്ന കളനാശിനി ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്‍സിലിന്റെ സംസ്‌കാരം നടത്തി.