ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച് ബിജെപി ഭരണഘടനയെ തകര്‍ത്തുവെന്ന് വിമര്‍ശിച്ച് ആര്‍ജെഡി നേതാവും ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്.
‘ബിജെപി ഭരണഘടനാ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ബീഹാറിന്റെ ഭൂമി ജനാധിപത്യത്തിന്റെ നാടാണ്. ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ഇതിനെതിരെ പോരാടും, ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ബീഹാര്‍ ലോപി പറഞ്ഞു.
ബീഹാറിലെ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണത്തിനും (എസ്‌ഐആര്‍) തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്കുമെതിരെ പ്രതിഷേധിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര നടന്നത്. വോട്ടര്‍പട്ടികയില്‍ കള്ളവോട്ട് ചമച്ച് ജനങ്ങളുടെ വോട്ട് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടിയെ അധികാരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
അതേസമയം, ജനാധിപത്യം സംരക്ഷിക്കാന്‍ തങ്ങള്‍ ത്യാഗങ്ങള്‍ തുടരുമെന്നും ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് പറഞ്ഞു.
‘ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ നിരവധി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഭാവിയിലും ഞങ്ങള്‍ അത് തുടരും. ഞങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അത് നശിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ലാലു യാദവ് പറഞ്ഞു.
ബിജെപി എങ്ങനെയാണ് ഭരണഘടനയെ നശിപ്പിക്കുന്നതെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും ആര്‍ജെഡി മേധാവി കൂട്ടിച്ചേര്‍ത്തു.