മുംബൈ: അദാനിയ്‌ക്കെതിരായ കൈക്കൂലി ആരോപണം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളിക്കളയാന്‍ ട്രംപിന്റെ ഉദ്യോഗസ്ഥരുമായി അദാനിയുടെ പ്രതിനിധികള്‍ യുഎസില്‍ ഉന്നതതല ചര്‍ച്ച നടത്തിയതായി ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായ പ്രമുഖ ബിസിനസ് പത്രമാണ് ബ്ലൂംബെര്‍ഗ് ന്യൂസ്. പോസിറ്റീവായ ഈ വാര്‍ത്ത പുറത്തുവന്നതോടെ അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരി വില 14ശതമാനത്തോളം ഉയര്‍ന്നു.
അദാനി ഓഹരികള്‍ 14 ശതമാനം വരെ ഉയര്‍ന്നു
അദാനി എന്‍റര്‍പ്രൈസ് ഓഹരി വില 8.5 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് ഓഹരി വില 14 ശതമാനവും അദാനി പോര്‍ട്സ്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊലൂഷന്‍സ് എന്നിവയുടെ ഓഹരി വില 7 മുതല്‍ 10 ശതമാനം വരെയാണ് ഉയര്‍ന്നത്.
അദാനി പ്രതിനിധികള്‍ ട്രംപ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
രാഷ്‌ട്രീയപ്രേരിതമായ ഈ കേസ് തള്ളിക്കളയാന്‍ വേണ്ടിയാണ് അദാനിയുടെ പ്രതിനിധികള്‍ നേരിട്ട് ട്രംപിന്റെ സുപ്രധാന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. മിക്കവാറും ഈ കേസ് തള്ളിക്കളഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ട്രംപ് അധികാരത്തില്‍ വന്നതു മുതല്‍ ആരംഭിച്ച ചര്‍ച്ച ഇക്കഴിഞ്ഞ ആഴ്ചകളില്‍ കൂടുതല്‍ സജീവ ചര്‍ച്ചകളിലേക്ക് കടന്നതായാണ് ബ്ലൂംബെര്‍ഗ് ന്യൂസ് പുറത്തുവിട്ട വാര്‍ത്ത.
ഈ കേസ് പുനപരിശോധിക്കണമെന്ന ആവശ്യമാണ് അദാനിയുടെ പ്രതിനിധികള്‍ ഉയര്‍ത്തുന്നത്. മിക്കവാറും ഈ പ്രശ്നത്തില്‍ അദാനിയ്‌ക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കുമെന്നും ബ്ലൂം ബെര്‍ഗ് ന്യൂസ് സൂചന നല്‍കുന്നു. അദാനി ഗ്രൂപ്പ് പ്രതിനിധികളോ, വൈറ്റ് ഹൗസോ, അമേരിക്കന്‍ ഡിപ്പാര്‍ട് മെന്‍റ് ഓഫ് ജസ്റ്റിസോ ഇതു സംബന്ധിച്ച് റോയിട്ടേഴ്സ് ന്യൂസിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല.