
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസിന് അനുകൂലമായ കോടതി ഉത്തരവ് മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം തുടങ്ങി. ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഉടൻ ഉത്തരവിറക്കുമെന്നാണ് റിപ്പോർട്ട്. അന്തിമ തീരുമാനം സുപ്രീം കോടതി വിധി പ്രകാരമെന്ന ഉപാധിവച്ചായിരിക്കും ഉത്തരവ് ഇറക്കുക.
ഭിന്നശേഷിക്കാർക്കുള്ള സീറ്റ് നീക്കിവച്ച ശേഷം നിയമനം നടത്താനുള്ള അനുവാദമാണ് എൻഎസ്എസിനു ലഭിച്ചത്. ഇതു സമാന മാനേജ്മെന്‍റുകൾക്കും അനുവദിക്കാമെന്നു സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നെങ്കിലും സർക്കാർ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു നടപടിയെടുത്തിരുന്നില്ല. ഈ നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഉൾപ്പടെയുള്ളവർ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനുനയ നീക്കവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ഉത്തരവ് വന്നാൽ തടഞ്ഞുവച്ചിരിക്കുന്ന നിരവധി അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാനാണ് സാദ്ധ്യത. എൻഎസ്എസ് കേസിൽ ഭിന്നശേഷി വിഭാഗത്തിനായി നീക്കിവയ്‌ക്കേണ്ട തസ്തികകൾ ഒഴികെ മറ്റുള്ളവയിൽ അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.