
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്. ഇന്ന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സമൻസ്.
2016ൽ ബാബുവിനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. നിയമവിരുദ്ധമായി നേടിയ പണം കെ.ബാബു സ്ഥാവര, ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബാബു 100 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണു വിജിലൻസ് സമർപ്പിച്ച എഫ്ഐആറിലുണ്ടായിരുന്നത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ അത് 25 ലക്ഷം രൂപയായി കുറഞ്ഞു.
ജനപ്രതിനിധിയെന്ന നിലയിൽ പലപ്പോഴായി സർക്കാരിൽ നിന്നു കൈപ്പറ്റിയ 40 ലക്ഷം രൂപ വിജിലൻസ് പരിഗണിച്ചില്ലെന്നും ഇ.ഡിയെ ബാബു അറിയിച്ചിരുന്നു. എന്നാൽ വിജിലൻസ് കണ്ടെത്തിയ 25.82 ലക്ഷം രൂപയ്‌ക്കു തുല്യമായ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. ഇതിനു പിന്നാലെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പിഎംഎൽഎ കോടതിയിലാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചത്.