
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരെ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് . നിയമപ്രകാരം 3 മാസത്തിനകം സര്‍ക്കാര്‍ തീരുമാനം അറിയിക്കണം.
കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി 27 ന് പരിഗണിക്കും. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജാണ് കത്ത് നല്‍കിയത്.
നേരത്തേ അനധികൃത സ്വത്ത് സമ്പാദന ആരോപണ കേസില്‍ എക്സൈസ് കമ്മിഷണര്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത് സര്‍ക്കാരാണെന്നും അത്തരം ആവശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത് നിലനില്‍ക്കുന്നതല്ലെന്നുമുളള നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്.
അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടിരുന്നു. ഇതു പിന്നീട് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അഴിമതി നിരോധന നിയമപ്രകാരം അനുമതി വേണ്ടതുണ്ടെന്നും അതു ഹാജരാക്കിയിട്ടില്ലെന്നുമുള്ള വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചശേഷം വിജിലന്‍സ് കോടതിക്കു തുടര്‍നടപടി സ്വീകരിക്കാമെന്നും സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.